കേരളത്തിലെ മികച്ച ഡോക്ടര്‍മാരുമായി സംവദിച്ച് മാതൃഭൂമി ആരോഗ്യമാസിക കേരള ഹെല്‍ത്ത് എക്സ്പോയുടെ ഒന്നാം ദിനം. വിവിധ വിഷയങ്ങളിലായി ഇരുപത്തിയഞ്ചോളം ഡോക്ടര്‍മാര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ആരോഗ്യരംഗത്തെ എല്ലാ ശ്രേണിയില്‍നിന്നുമുള്ള ആശുപത്രികളും എല്ലാ വിഭാഗങ്ങളില്‍നിന്നുമുള്ള ഡോക്ടര്‍മാരും പങ്കെടുക്കുന്ന ഹെല്‍ത്ത് എക്സ്പോ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 

വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് ചെക്കപ്പ്, ആരോഗ്യ സെമിനാറുകള്‍, യോഗ പരിശീലനം, സി.പി.ആര്‍. പരിശീലനം, വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്സുകള്‍ എന്നിവയാണ് ഹെല്‍ത്ത് എക്സ്പോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ആദ്യദിനത്തില്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ച് സൈക്കോളജിസ്റ്റായ ജസ്ന ശിവശങ്കരന്‍, മുട്ട്മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ നൂതനരീതികളെ കുറിച്ച് ഡോ. പ്രേംകുമാര്‍, യോഗയും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ജിബു ജോര്‍ജ്, പക്ഷാഘാത സാധ്യത, ലക്ഷണങ്ങള്‍, ചികിത്സ, പ്രതിരോധം എന്നിവയെ കുറിച്ച് ന്യൂറോളജിസ്റ്റ് ഡോ. റെജി പോള്‍, കുട്ടികളിലെ അമിതവണ്ണവും രോഗങ്ങളും എന്ന വിഷയത്തെ കുറിച്ച് പീഡിയാട്രീഷ്യനായ ഡോ. മാധവ വിജയകുമാര്‍ എന്നിവര്‍ വിദഗ്ധ സെമിനാറുകള്‍ കൈകാര്യം ചെയ്തു.

കുട്ടികളിലെ ലഹരിഉപയോഗത്തെ കുറിച്ച് മാതാപിതാക്കളും അധ്യാപകരും ബോധവാന്മാരായിരിക്കണമെന്ന് ഹെല്‍ത്ത് എക്സ്പോ ഉദ്ഘാടനം ചെയ്തുകൊണ്ട് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. ലഹരി ഉപയോഗത്തിലേക്ക് കുട്ടികള്‍ എത്തിച്ചേരാനുള്ള കാരണങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു ഋഷിരാജ് സിങ് നടത്തിയ ബോധവല്‍കരണ സെമിനാര്‍.

ആരോഗ്യവിഷയങ്ങളെ കുറിച്ച് സോഷ്യല്‍മീഡിയകളിലൂടെ പ്രചരിക്കുന്ന ഹോക്സ് സന്ദേശങ്ങളെ കുറിച്ച്  സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായ ഇന്‍ഫോക്ലിനിക്കിലെ പങ്കാളികളായ ഡോ.നെല്‍സണ്‍ ജോസഫ്, ഡോ. അരുണ്‍ മംഗലത്ത്, ഡോ.മനോജ് വെള്ളനാട്, ഡോ.ബെബെറ്റോ തിമോത്തി, ഡോ. അശ്വിനി ആര്‍, ഡോ.മോഹന്‍ദാസ് നായര്‍ എന്നിവര്‍ സംസാരിച്ചു.

പ്രാഥമിക ശുശ്രൂഷകള്‍ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചായിരുന്നു ആദ്യദിനത്തിലെ രണ്ടാം സിമ്പോസിയം. എമര്‍ജന്‍സി മെഡിസിന്റെ വിവിധ വശങ്ങളെ കുറിച്ച് ഡോ. പിപി വേണുഗോപാല്‍, ഡോ. പ്രവീണ്‍ ജി പൈ, ഡോ. സച്ചിന്‍ മേനോന്‍, ഡോ. അജില്‍ അബ്ദുള്ള, ഡോ. രാജീവ് ജയദേവ്, ഡോ. രാജീവ് പുത്തലത്ത് എന്നിവര്‍ ചര്‍ച്ച നടത്തി.

തുടര്‍ന്ന് സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് ഡോ. ചിത്രതാര, ഡോ. അരുണ്‍ എസ് മേനോന്‍, ഡോ.കൃപ റേച്ചല്‍ ഫിലിപ്പ്, ഡോ.മുംതാസ് ഖാലിദ്, ഡോ.ലിസാമ്മ ജോസഫ് ഡോ. ഫിലിപ്പ് ജോണ്‍ എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്തു. പിസിഒഡി, സ്ത്രീകളിലെ ക്യാന്‍സര്‍, ഗര്‍ഭധാരണം, വന്ധ്യത തുടങ്ങി  സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയിലുയര്‍ന്നു.

ഇന്ന് എക്സ്പോയില്‍

കാന്‍സര്‍ വിഭാഗത്തില്‍ കാന്‍സര്‍ മേഖലയിലെ പുതിയ ചികിത്സാ രീതികളെ കുറിച്ചും ജീവിതശൈലിയെയും രോഗപ്രതിരോധത്തെയും കുറിച്ച് ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം എക്‌സ്പോയില്‍ സംസാരിക്കും. അവയവദാനത്തെ കുറിച്ച് ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര സംസാരിക്കും. അര്‍ബുദ രോഗ വിഭാഗം, ശിശുരോഗ വിഭാഗം, സ്ത്രീകളുടെ ആരോഗ്യം, വൃക്കരോഗ വിഭാഗം, ന്യൂറോളജി തുടങ്ങി ആരോഗ്യരംഗത്തെ എല്ലാ വിഭാഗവും എക്‌സ്പോയുടെ ഭാഗമാകും.

കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള ഹെല്‍ത്ത് എക്സ്പോയുടെ കൊച്ചി എഡിഷന് ഇന്ന് സമാപനം കുറിക്കും. ഡിസംബര്‍ 20ന് 20-ന് ഷാര്‍ജയിലെ എക്‌സ്പോ സെന്ററിലും എക്‌സ്പോ അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക്