കുട്ടികളിലെ ലഹരി ഉപയോഗത്തിനുള്ള കാരണങ്ങളില്‍ മാനസിക സമ്മര്‍ദം മുന്‍പന്തിയിലെന്ന് ജയില്‍ ഡി.ജിപി ഋഷിരാജ് സിങ്. കൊച്ചിയില്‍ മാതൃഭൂമി ആരോഗ്യമാസിക സംഘടിപ്പിച്ച കേരള ഹെല്‍ത്ത് എക്സ്പോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിവസ്തുക്കള്‍ കൊണ്ട് മാത്രമേ ലഹരി ലഭിക്കുകയുള്ള എന്നത് തെറ്റിദ്ധാരണയാണ്. ലഹരിവസ്തുക്കള്‍ വളരെ വിലകൂടുതലാണ്. കുട്ടികള്‍ക്ക് അത് ലഭ്യമാവണമെന്നില്ല. എന്നാല്‍ രക്ഷിതാക്കള്‍ പോലുമറിയാതെ അവര്‍ മറ്റുപലവഴികളില്‍ ലഹരിതേടുന്നുണ്ട്. സ്‌കെച്ച് പെന്‍, വൈറ്റ്നര്‍, ഫെവിക്കോള്‍, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ലഹരിക്കായി കഞ്ചാവോ, ഹെറോയ്നോ, ഡ്രഗ്സോ വേണണെന്ന് ഒരു നിര്‍ബന്ധവുമില്ല. മറ്റൊന്നാണ് കഫ് സിറപ്പ്. ചില ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന കഫ് സിറപ്പുകള്‍ വലിയ ലഹരിയാണ് ഉണ്ടാക്കുന്നത്. ആര്‍ക്കും യഥേഷ്ടം വാങ്ങിച്ച് ഉപയോഗിക്കാവുന്ന പെയിന്‍ കില്ലറുകള്‍ പോലും ലഹരിമരുന്നായി ഉപയോഗിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവയുടെ വില്‍പനയ്ക്ക് യാതൊരു നിയനത്രണവും ഇതുവരെ നടപ്പിലായിട്ടില്ല. ഈ പ്രവണത അവസാനിപ്പിക്കുക തന്നെ വേണം. അതിനുള്ള നടപടികളാണ് ഇനി സ്വീകരിക്കേണ്ടത്.

എന്തുകൊണ്ട് കുട്ടികള്‍ ലഹരിയിലേക്ക്

കുട്ടികളിലെ ലഹരി ഉപയോഗത്തിന്റെ പ്രധാനപ്പെട്ട കാരണം ആകാംഷയാണ്. കുടുംബത്തിലെ മുതിര്‍ന്നവര്‍ മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിക്കുന്നത് കാണുമ്പോള്‍ കുട്ടികള്‍ക്കും അത് ഉപയോഗിച്ചുനോക്കാനുള്ള ആകാംക്ഷ ഉടലെടുക്കുന്നു. മദ്യം കഴിച്ചാല്‍ എന്ത് സംഭവിക്കും എന്ന കൗതുകം. ആ കൗതുകത്തിന്റെ പുറത്താണ് പലരും മദ്യമോ പുകവലിയോ പരീക്ഷിച്ചുനോക്കുന്നത്. അവയോട് താല്‍പര്യം വന്നാല്‍  ഉപയോഗം പതിവാകും.

മറ്റൊരു കാര്യം സമപ്രായക്കാരില്‍ നിന്നുള്ള പ്രോത്സാഹനം, നിര്‍ബന്ധം എന്നിവയാണ്. വിദ്യാര്‍ഥികളില്‍ ഇത് കൂടുതലാണ്. കൂട്ടുകാരന്‍ നിര്‍ബന്ധിച്ചാല്‍ മദ്യം കഴിക്കുന്നവര്‍, പുകവലിച്ചു നോക്കുന്നവര്‍ എന്നിങ്ങനെ കൂടെയുളളവരുടെ സമ്മര്‍ദം മൂലമുള്ള ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നു.

കുട്ടികളിലുണ്ടാവുന്ന മാനസിക സമ്മര്‍ദമാണ് മുന്‍പന്തിയിലുള്ള കാര്യം. വിദ്യാര്‍ഥികള്‍ക്കുണ്ടാവുന്ന അക്കാദമിക് സമ്മര്‍ദ്ദം, മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദം, സാമൂഹികപരമായി ഇടപെടാനുള്ള അവസരങ്ങള്‍ ഇല്ലാത്തത്, കുടുംബത്തിലെ കലഹങ്ങള്‍ എന്നിവയെല്ലാം കുട്ടികളില്‍  മാനസിക പിരിമുറുക്കമുണ്ടാക്കുന്നു. അവിടെയാണ് ശരിയായ പേരന്റിംഗിന്റെ പ്രാധാന്യം. കുഞ്ഞുങ്ങള്‍ ആഗ്രഹിക്കുന്നതെന്ത് എന്ന് ചോദിക്കാനും മനസ്സിലാക്കാനുമുള്ള ആശയവിനിമയം കുടുംബത്തിനുള്ളില്‍ മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മില്‍ ഉണ്ടായാല്‍ ഇത്തരം പ്രശ്നങ്ങളെ മറികടക്കാം. സ്വന്തം കുഞ്ഞുങ്ങളെ പോലും ശരിയായ രീതിയില്‍ മനസ്സിലാക്കാനാവുന്നില്ലെങ്കില്‍ നമ്മള്‍ എന്ത് തരം രക്ഷിതാക്കളാണെന്ന് സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞുങ്ങളും രക്ഷിതാക്കളും തമ്മില്‍ ശരിയായ ആശയവിനിമയം നടക്കുന്നില്ലെങ്കില്‍ അത് കുട്ടികളില്‍ അക്രമവാസനയും വളരാന്‍ കാരണമാവാറുണ്ട്.

ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍...

നിങ്ങളുടെ കുട്ടികള്‍ ഇത്തരം ഏതെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ ഡിഅഡിക്ഷന്‍ ചികിത്സകള്‍ നല്‍കുക എന്നതാണ് ഏറ്റവും പ്രായോഗികമായ കാര്യം. വഴക്ക് പറഞ്ഞ് ഉപയോഗം വിലക്കുന്നതോ, തടവിലാക്കുന്നതുപോലെ വളര്‍ത്തുന്നതോ പരിഹാരമല്ല. അത് മറ്റ് മാനസിക പ്രശ്നങ്ങളിലേക്ക് വഴിതെളിക്കും. കുട്ടികളുമായി നല്ല ബന്ധം ഉണ്ടാക്കി, ആശയവിനിമയം നടത്താനാണ് അച്ഛനമ്മമാരും അധ്യാപകരും ശ്രദ്ധിക്കേണ്ടത്.