ഷെയ്പ്പ് ആകാന്‍ സര്‍ജറിഅനുയോജ്യമായ ആകാര അളവുകളിലേക്ക് ശരീരത്തെ കൊണ്ടുവരാന്‍ കോസ്മെറ്റിക് സര്‍ജറികള്‍ തിരഞ്ഞെടുക്കാറുണ്ട്. വയർ കുറയ്ക്കാനും നിതംബഭംഗിയ്ക്കും തുടയുടെ ആകാരവടിവിനുമെല്ലാം സര്‍ജറികളുണ്ട്. വണ്ണം കുറയ്ക്കാന്‍ ശരീരത്തില്‍ അമിതമായി അടിഞ്ഞൂകൂടിയ കൊഴുപ്പുകള്‍ വലിച്ചെടുക്കുമ്പോള്‍ വണ്ണവും തുടിപ്പും കൂട്ടാന്‍ കൊഴുപ്പ് കുത്തിവെക്കുന്ന രീതികളുമുണ്ട്.

വയറ് കുറയ്ക്കാന്‍

ശരീരസൗന്ദര്യത്തെ കൂടുതലായി ബാധിക്കുന്ന പ്രശ്‌നമാണ് വയറുചാട്ടം. വയറില്‍ കൊഴുപ്പ് അടിയുന്നത് തന്നെ പ്രശ്‌നം. ഏറ്റവും കൂടുതല്‍ പേരെ അലട്ടുന്ന സൗന്ദര്യപ്രശ്‌നവും ഇതുതന്നെ. വ്യായാമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും വയറു കുറയ്ക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടവര്‍ക്കുള്ള സര്‍ജറിയിലൂടെയുള്ള പരിഹാരമാര്‍ഗമാണ് അബ്‌ഡോമിനോപ്ലാസ്റ്റി. അടിവയറ്റില്‍ അടിഞ്ഞുകൂടിയ കൊഴുപ്പും അമിതമായി നിലനില്‍ക്കുന്ന ചര്‍മവും നീക്കം ചെയ്ത് ആകാരവടിവ് വീണ്ടെടുക്കാനുള്ള ചികിത്സാരീതിയാണിത്.  വലിയതോതില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്ത് കഴിയുമ്പോള്‍ സ്വാഭാവികമായും ആ ഭാഗത്തെ ചര്‍മം ശരീരത്തില്‍ തൂങ്ങി നല്‍ക്കും. അത് അഭംഗിയായി നിലനില്‍ക്കും.

ഇത് പരിഹരിക്കാന്‍ കൊഴുപ്പ് നീക്കം ചെയ്ത് അധികമായി നില്‍ക്കുന്ന ചര്‍മവും സര്‍ജറിയിലൂടെ നീക്കും. ഒറ്റ സര്‍ജറിയിലൂടെ തന്നെ ഈ രണ്ട് കാര്യങ്ങളും ചെയ്യാവുന്നതാണ്. അബ്‌ഡോമിനോപ്ലാസ്റ്റി ചെയ്ത ശേഷം നിലനില്‍ക്കുന്ന മുറിവിന്റെ പാട് അടിവസ്ത്രം ധരിക്കുമ്പോള്‍ തന്നെ മറയ്ക്കപ്പെടുമെന്നതിനാല്‍ അത് സൗന്ദര്യത്തിന് പ്രശ്‌നമായി മാറാറില്ല. ഗൗരവമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരില്‍ സാധാരണമായി അബ്‌ഡോമിനോപ്ലാസ്റ്റി ചെയ്യാറില്ല. അത് പോലെ ഗര്‍ഭിണിയാകാന്‍ ഉദ്ദേശിക്കുന്നവരിലും ശ്വാസകോശസംബന്ധമായ സി.ഒ.പി.ഡി. പോലുള്ള രോഗമുള്ളവരിലും ഈ സര്‍ജറി പരിഗണിക്കാറില്ല. 

അബ്‌ഡോമിനോപ്ലാസ്റ്റി നാലു വിധം

വയറിലെ കൊഴുപ്പ് നീക്കി ആകാരവടിവ് ഉണ്ടാക്കാന്‍ സഹായിക്കുന്ന അബ്‌ഡോമിനോപ്ലാസ്റ്റി നാല് വിധത്തിലുണ്ട്. കൊഴുപ്പ് നീക്കം ചെയ്യേണ്ട അളവിന് അനുസരിച്ചാണ് അബ്‌ഡോമിനോപ്ലാസ്റ്റി ചെയ്യേണ്ട വിധം തരംതിരിക്കുന്നത്.

ടൈപ്പ് 1

അടിവയറിലെ അമിതകൊഴുപ്പ് നീക്കം ചെയ്യാന്‍ ചിലര്‍ക്ക് ലിപ്പോസക്ഷന്‍ എന്ന രീതി മാത്രം മതിയാകും. കൊഴുപ്പ് അടിഞ്ഞുകൂടിയിരിക്കുന്നതിന്റെ തോത് അനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്. ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് പ്രത്യേക ഉപകരണം വഴി വലിച്ചെടുത്തുകളയുന്ന രീതിയാണ് ലിപ്പോസക്ഷന്‍. വാക്വം പ്രഷര്‍, അള്‍ട്രാസൗണ്ട് ശബ്ദവീചികള്‍ തുടങ്ങിയവ ഉപയോഗിച്ചും ലിപ്പോസക്ഷന്‍ ചെയ്യാം. ചര്‍മത്തിലൂടെ രണ്ടു മുതല്‍ ആറു മില്ലീമീറ്റര്‍വരെ വ്യാസമുള്ള സൂചി കടത്തി അതിലൂടെയാണ് കൊഴുപ്പ് വലിച്ചെടുക്കുന്നത്. ചെറിയ സൂചി കടത്തുന്നതായതിനാല്‍ ചര്‍മത്തില്‍ പിന്നീട് പാടുകളൊന്നും ഉണ്ടായിരിക്കില്ല. ഒരു സിറ്റിങ്ങില്‍ സാധാരണായി അഞ്ചു മുതല്‍ പത്ത് ലിറ്ററോളം കൊഴുപ്പാണ് ഇങ്ങനെ നീക്കംചെയ്യുക.

ടൈപ്പ് 2

മിനി അബ്‌ഡോമിനോപ്ലാസ്റ്റി അഥവാ മിനി ടമ്മി ടക് രീതിയാണിത്. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യുന്നതോടൊപ്പം അധികമായി നില്‍ക്കുന്ന ചര്‍മത്തെയും ഇതോടൊപ്പം നീക്കം ചെയ്യും. സാധാരണമായി പൊക്കിളിന് താഴ്ഭാഗത്തുള്ള കൊഴുപ്പ് നീക്കം ചെയ്യാനാണ് ഈ രീതി പ്രയോജനപ്പെടുത്താറ്. സിസേറിയന്‍ ചെയ്യുമ്പോഴുള്ളത് പോലെ അടിവയറ്റില്‍ നേരിയ മുറിവ് ഉണ്ടാക്കിയാണ് കൊഴുപ്പ് നീക്കം ചെയ്യുക.

ടൈപ്പ്  3 

വയറില്‍ കൊഴുപ്പ് അടിഞ്ഞൂകൂടുന്നതോടൊപ്പം വയറിലെ പേശികള്‍ക്കും ചില മാറ്റങ്ങള്‍ വന്നാല്‍ അതുകൂടി പരിഹരിച്ചുള്ള ചികിത്സാരീതിയാണ് അബ്‌ഡോമിനോപ്ലാസ്റ്റി. വയറില്‍ ഏതെല്ലാം ഭാഗങ്ങളില്‍ കൊഴുപ്പ് പാളികള്‍ ഉണ്ടെന്ന് വിലയിരുത്തിയ ശേഷമാണ് സര്‍ജറി ചെയ്യുക. തുടര്‍ന്ന് അടിവയറ്റില്‍ സിസേറിയനില്‍ ചെയ്യുന്നത് പോലെ മുറിവുണ്ടാക്കും.  അതുവഴി കൊഴുപ്പ് പാളികള്‍ നീക്കം ചെയ്യും. കൊഴുപ്പ് പാളികള്‍ നീക്കുന്നതോടെ ചര്‍മം തൂങ്ങിനില്‍ക്കും. അത് പരിഹരിക്കാന്‍ അധികമുള്ള ചര്‍മം നീക്കംചെയ്ത് ചര്‍മം വലിച്ച് ഉറപ്പിക്കുന്ന പാനിക്കുലക്ടമിയും ഇതോടൊപ്പം ചെയ്യും. ചര്‍മം വലിച്ച് ഉറപ്പിക്കുമ്പോള്‍ പൊക്കിളിന്റെ സ്ഥാനവും സര്‍ജറിയിലൂടെ മാറ്റിയെടുക്കാറുണ്ട്. പ്രസവശേഷം ചിലരില്‍ വയറിലെ പേശികള്‍ക്ക് തകരാര്‍ വരാം. ഇത് കൂടാതെ കാലങ്ങളായി കൊഴുപ്പ് അടിഞ്ഞ് വലിയതോതില്‍ വയര്‍ ചാടുമ്പോഴും വയറിലെ പേശികളില്‍ തകരാറുകള്‍ വന്നിട്ടുണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ പേശികളെ യഥാസ്ഥാനത്ത് തന്നെ ഉറപ്പിക്കാനും ഈ സര്‍ജറിയിലൂടെ സാധിക്കും.

ടൈപ്പ്  4 

ബാരിയാട്രിക് സര്‍ജറിയിലൂടെയും മറ്റും വലിയതോതില്‍ തടികുറച്ചവര്‍ക്ക് ആവശ്യമായി വരുന്ന ചികിത്സാരീതിയാണിത്. അബ്‌ഡോമിനോപ്ലാസ്റ്റിയോടൊപ്പം ഇവര്‍ക്ക് തൈ ലിഫ്റ്റ്, ലോവര്‍ ബോഡി ലിഫ്റ്റ് തുടങ്ങിയ സര്‍ജറികളും ആവശ്യമായി വരാം. എങ്കില്‍മാത്രമേ കീഴുടലിന്റെ വടിവ് വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ.

വിവരങ്ങള്‍ക്ക് കടപ്പാട് 

ഡോ. സെബിന്‍ വി തോമസ്

സീനിയര്‍ കണ്‍സള്‍ട്ടന്റ്
പ്ലാസ്റ്റിക് & റീകണ്‍സ്ട്രക്റ്റീവ് മൈക്രോസര്‍ജറി വിഭാഗം
കോ -ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, കോഴിക്കോട്