ജീവിതശൈലിയുമായി ബന്ധപ്പെട്ട് കുട്ടികളില്‍ ഉണ്ടാകാനിടയുള്ള രോഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡോക്ടര്‍ മാധവ വിജയകുമാര്‍. അതില്‍ പ്രധാനം അമിതവണ്ണമാണ്. അമിതവണ്ണത്തിന്റെ തുടര്‍ച്ചയാണ് കുട്ടികളില്‍ കണ്ടുവരുന്ന മറ്റുരോഗങ്ങളുടെ പ്രധാന കാരണം. അമിതവണ്ണത്തിലേക്ക് കുട്ടികളെ എത്തിക്കുന്നത് ഫാസ്റ്റ്ഫുഡ് ഭക്ഷണസംസ്‌കാരവും വ്യായാമക്കുറവുമാണ്. 

കുട്ടികളിലെ അമിത വണ്ണത്തിനുള്ള കാരണങ്ങള്‍

ജീവിത ശൈലി രോഗങ്ങള്‍ എന്ന് പറയുമ്പോള്‍ സാധാരണ മനസ്സില്‍ കടന്നുവരുന്നത് ഒരു 50 വയസ്സിന് ശേഷം ഉള്ള മുതിര്‍ന്ന ആള്‍ക്കാര്‍ക്ക് വരുന്ന പൊണ്ണത്തടി, പ്രമേഹം, കൊളസ്‌ട്രോളിന്റെ പ്രശ്‌നങ്ങള്‍ എന്നുതുടങ്ങിയ രോഗങ്ങളാണ്. എന്നാല്‍ ഇന്ന് ഇത് കുട്ടികളിലും കണ്ടുവരുന്നു.  മുമ്പ് കുട്ടികളില്‍ പോഷാകാഹാരക്കുറവ് മൂലമുള്ള പ്രശ്‌നങ്ങളാണ് കണ്ടിരുന്നതെങ്കില്‍ ഇന്ന് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞ അവസ്ഥയിലാണ്.  ഇന്ത്യയില്‍ അടുത്ത കാലത്തായി നടന്ന പഠനങ്ങളില്‍ നമ്മുടെ സ്‌കൂള്‍ കുട്ടികളില്‍ 20 ശതമാനത്തോളം പേരും അമിതവണ്ണമുള്ളവരാണ് എന്ന് കണ്ടെത്തിയിരുന്നു. 

ആദ്യകാലത്ത് ഇത് 5 ശതമാനമായിരുന്നു എങ്കില്‍ ഇന്നത് 20 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഒരു കുതിച്ചുചാട്ടമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇതിനുള്ള പ്രധാന കാര്യങ്ങളില്‍ ഒന്ന് ഭക്ഷണരീതിയിലുള്ള വ്യത്യാസമാണ്. ഫാസ്റ്റ് ഫുഡ് കള്‍ച്ചര്‍ നമ്മുടെ നാട്ടില്‍ വന്നപ്പോള്‍ വളരെ ചെറിയ കുട്ടികള്‍ പോലും അതിന്റെ ഭാഗമായി. വളരെ ചെറുപ്പത്തില്‍ തന്നെ ഫാസ്റ്റ്ഫുഡിന്റെ ഉപഭോക്താക്കളാകുമ്പോള്‍ അമിതവണ്ണം കുട്ടികളില്‍ ഉണ്ടാകും എന്നുള്ളത് യാഥാര്‍ഥ്യമാണ്.

രണ്ടാമത്തെ കാരണം വ്യായാമക്കുറവാണ്. പണ്ട് ഓടിച്ചാടി കുട്ടികള്‍ കളിച്ചിരുന്നുവെങ്കില്‍ ഇന്ന് കുട്ടികള്‍ ഇലക്ട്രോണിക്‌സ് മീഡിയയിലാണ്  ശ്രദ്ധ പതിപ്പിക്കുന്നത്. കളിക്കാനുള്ള സമയം അവര്‍ക്കില്ല. ഇതെല്ലാം അമിതവണ്ണത്തിന് കാരണമാകുന്നുണ്ട്.അമേരിക്കന്‍ അക്കാദമി പീഡിയാട്രികിസ് പറയുന്നത് ദിവസത്തില്‍ ഒരു മണിക്കൂറില്‍ താഴെയായിരിക്കണം സ്‌ക്രീന്‍ ടൈം എന്നാണ്. ബാക്കി സമയത്ത് അവരെ കളികളില്‍ ഏര്‍പ്പെടുത്തണം. വീടിനടുത്ത് കളിസ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ..മുതിര്‍ന്ന കുട്ടികളാണെങ്കില്‍ അവര്‍ക്ക് അഭിരുചിയുള്ള കളികളിലേക്ക് വിടുന്നതാണ് നല്ലത്. ഫുട്‌ബോള്‍ ഇഷ്ടമാണെങ്കില്‍ അതിന്, അതല്ല ഡാന്‍സ് ആണ് ഇഷ്ടമെങ്കില്‍ അതിന്. 

അമിതവണ്ണം കൊണ്ടുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ 

അമിതവണ്ണത്തിന്റെ തുടര്‍ച്ചയാണ് ബ്ലഡ് പ്രഷര്‍, ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത, കൊളസ്‌ട്രോള്‍ കൂടുതലായിട്ടുള്ള പ്രശ്‌നങ്ങള്‍ എന്നിവ. ആദ്യകാലത്ത് അമിതവണ്ണമുള്ള മുതിര്‍ന്നവരില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടിരുന്നത് എങ്കില്‍ കുട്ടികളില്‍ അത് കുറേക്കൂടി നേരത്തെയാണ്. അഞ്ചുവയസ്സിനും പത്തുവയസ്സിനും ഇടയില്‍ അമിതവണ്ണമുണ്ടായിട്ടുണ്ടെങ്കില്‍ ഒരു പത്ത് പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഹാര്‍ട്ട്അറ്റാക്കിനുള്ള സാധ്യത കണ്ടുവരുന്നുണ്ട്. അതുകൊണ്ട് യങ് ഹാര്‍ട്ട് അറ്റാക്ക് നിരക്ക്  ഇപ്പോള്‍ കൂടുതലാണ്. 

പ്രമേഹം കുട്ടികളില്‍

സാധാരണ കുട്ടികളില്‍ കണ്ടുവരാറുള്ളത് ടൈപ്പ് വണ്‍ പ്രമേഹമാണ്. ഇത് അഞ്ചുമാസം, ഒരു വയസ്സ് രണ്ടുവയസ്സ് ഇതിനിടയിലൊക്കെ കണ്ടുവരാറുണ്ട്. എന്നാല്‍ ഇന്ന് കുട്ടികളില്‍ മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ടൈപ്പ് ടു പ്രമേഹം കണ്ടുവരുന്നു. 

ടൈപ്പ് ടു പ്രമേഹം കണ്ണിനെയും കരളിനെയും, വൃക്കയെയും എല്ലാം ബാധിക്കാം. മുതിര്‍ന്നവരില്‍ പ്രമേഹമുള്ളയാളുടെ വൃക്കയെ ഇത് ബാധിക്കാന്‍ 20 വര്‍ഷമെങ്കിലും എടുക്കുമെങ്കില്‍ കുട്ടികളില്‍ ഇത് നേരത്തെയാണ്. അതായത് അഞ്ചുവയസ്സുള്ള കുട്ടിക്ക് പ്രമേഹം ഉണ്ടെങ്കില്‍ 20 -30 വയസ്സില്‍ അവരുടെ വൃക്കയെ ഇത് ബാധിച്ചുതുടങ്ങും. മുതിര്‍ന്നവരില്‍ കണ്ടുവരുന്നതിനേക്കാള്‍ അപകടമാണ് കുട്ടികളില്‍ കണ്ടുവരുന്ന പ്രമേഹം.