കര്‍ച്ചവ്യാധി പോലെ വൃക്കരോഗങ്ങള്‍ കേരളത്തെ വരിഞ്ഞുമുറുക്കുകയാണ്. ഓരോ വര്‍ഷവും രോഗികളുടെ എണ്ണം കൂടുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസിനെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുന്നു.

വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തക്കുറവ്, അസ്ഥിവീക്കം, ഞരമ്പ് രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ വൃക്കകളുടെ പ്രവര്‍ത്തനം മോശമാകുന്നതുകൊണ്ട് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ്.

വൃക്കരോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണങ്ങള്‍

ശരീരവ്യായാമം കുറയുന്നതുമൂലവും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും ആളുകളില്‍ ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. പ്രായമാകുമ്പോള്‍ മാത്രം കണ്ടുവന്നിരുന്ന പ്രമേഹം ഇപ്പോള്‍ ചെറുപ്പത്തിലേ ആരംഭിക്കുന്നു. പ്രമേഹത്തിന്റെ കാലയളവ് കൂടുന്നതോടെ വൃക്കരോഗം വര്‍ധിക്കാനുള്ള സാധ്യത കൂടുന്നു.

പ്രമേഹവും വൃക്കരോഗവും ഉള്ളവരില്‍ രക്തസമ്മര്‍ദം ഉണ്ടെങ്കില്‍ അത് വൃക്കരോഗം മൂര്‍ച്ഛിക്കാന്‍ കാരണമാകും. വേദനസംഹാരി മരുന്നുകളുടെ അനിയന്ത്രിതമായ ഉപയോഗം വൃക്കരോഗങ്ങള്‍ക്ക് കാരണമാണ്.

ആര്‍ക്കും ഏത് സമയത്തും വൃക്കരോഗം പിടിപെടാം. എന്നാല്‍ പ്രമേഹമുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍, വൃക്കരോഗങ്ങള്‍ പാരമ്പര്യമായി ഉള്ള കുടുംബത്തിലെ അംഗങ്ങള്‍, സ്ഥിരമായി വേദനസംഹാരികള്‍ ഉപയോഗിക്കുന്നവര്‍, മൂത്രത്തില്‍ കല്ലുള്ളവര്‍, പ്രായം ചെന്നവര്‍ തുടങ്ങിയവര്‍ക്ക് ഈ അസുഖം പിടിപെടാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍  കൂടുതലാണ്. 

വൃക്കയ്ക്ക് ഉണ്ടാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് വൃക്കരോഗ വിദഗ്ധന്‍ ജോര്‍ജി കെ നൈനാനുമായി നടത്തിയ അഭിമുഖം കാണാം..