മാറി വരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. പലപ്പോഴും ഈ രോഗങ്ങള്‍ നമ്മുടെ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാറുണ്ട്. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കും. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരുലക്ഷം ആളുകള്‍ക്ക് ഗൗരവം പിടിപെടുന്നൂവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ജീവിതശൈലി വില്ലനോ..

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നവയാണ്. വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡ്‌സിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്. പ്രമേഹം ബാധിച്ചാല്‍ ഏകദേശം പത്ത് വര്‍ഷത്തോളം കഴിയുമ്പോള്‍ ഇത് വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു.  

മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതാണ് മറ്റൊരു കാരണം. കല്ലുകളുടെ എണ്ണം വര്‍ധിക്കുന്നതിലൂടെ മൂത്രതടസം ഉണ്ടാവുകയും ഇതിലൂടെ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാവുകയും ചെയ്യുന്നു. യൂറിക് ആസിഡ് വൃക്കയിലെ അരിപ്പകളില്‍ അടിഞ്ഞ് യൂറിക് ആസിഡ് നെഫ്രോപ്പതി എന്ന അവസ്ഥയിലേക്ക് കടക്കുകയും ചെയ്യുന്നു

മറ്റൊന്നാണ് മൂത്രത്തിലെ പഴുപ്പ്. മൂത്രം കൃത്യസമയത്ത് കളയാതിരിക്കുക, വെള്ളം കുടിക്കാതിരിക്കുക, ചികിത്സിക്കാതിരിക്കുക എന്നിവ ഭാവിയില്‍ വൃക്കയുടെ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുന്നതിന് കാരണമാകുന്നു. 

വൃക്കയുടെ ആരോഗ്യത്തിന് ഒഴിവാക്കാം

കേരളത്തില്‍ ഏഴ് ശതമാനം വൃക്കരോഗങ്ങള്‍ക്കും കാരണം വേദനസംഹാരികളുടെ അമിത ഉപയോഗമാണ്. ഇത് വൃക്കരോഗത്തിന് കാരണമാകുകയും വൃക്കയിലെ ആല്‍ബുമിന്‍, ക്രിയാറ്റിന്‍ എന്നിവയുടെ അളവില്‍ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു.

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. പലപ്പോഴും അതിനെപ്പറ്റി വ്യക്തമായ തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ആരോഗ്യമുള്ള ഒരു വൃക്കക്കായി ദിവസവും പരമാവധി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം. മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്, കല്ല് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ ധാരാളം വെള്ളം കുടിക്കുക. അതേ സമയം വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായവര്‍ പ്രവര്‍ത്തനത്തിനനുസരിച്ച് മാത്രമേ വെള്ളം കുടിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ശരീരത്തില്‍ നീര് പോലുള്ളവ കാണാന്‍ സാധ്യതയുണ്ട്. 

വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവര്‍ ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് പരമാവധി പരമാവധി കുറക്കണം. കൂടാതെ സസ്യാഹാരങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തി മാംസാഹാരങ്ങള്‍ പരമാവധി ഒഴിവാക്കണം.

ഹൃദയത്തിന് തകരാര്‍ സംഭവിക്കുന്നതുപോലെ തന്നെ കൊഴുപ്പ് കൂടിയാല്‍ വൃക്കയിലേക്കുള്ള വാല്‍വുകളും അടയാനുള്ള സാധ്യതയുണ്ട്. ഇതും വൃക്കയുടെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കാനിടയുണ്ട്. 

ലക്ഷണങ്ങള്‍

വൃക്കരോഗികളില്‍ ആദ്യ സമയങ്ങളിലൊന്നും കൃത്യമായ ലക്ഷണങ്ങള്‍ മനസിലാക്കാന്‍ സാധിക്കണമെന്നില്ല. 80 ശതമാനവും അറിയാന്‍ സാധിക്കില്ല. പലര്‍ക്കും വിശപ്പ് കൂടുക, ഉറക്കക്കുറവ്, വന്ധ്യത, ദഹനക്കുറവ് തുടങ്ങിയ രോഗലക്ഷണങ്ങളാണ് പലരും പ്രകടിപ്പിക്കാറുള്ളത്. ഏത് അവയവത്തെയാണോ രക്തത്തില്‍ അലിഞ്ഞ്‌ചേരുന്ന മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നത് അതിനെ ബന്ധപ്പെടുത്തിയായിരിക്കും രോഗലക്ഷണം ഉണ്ടാവുക. 
പിന്നീട് ഇത് കൂടുന്ന അവസ്ഥയില്‍ നീര് ഉണ്ടാകുന്നു

രോഗനിര്‍ണയം 

40 വയലസിന് മുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ വൃക്കയുടെ പരിശോധന നടത്തിയിരിക്കണം. സിറം ക്രിയാറ്റിന്‍, രക്തം,രക്തസമ്മര്‍ദ്ദം,പ്രമേഹം,ആല്‍ബുമിന്‍, ക്രിയാറ്റിന്‍ എന്നിവയുടെ അളവുകളും പരിശോധിച്ച് ഉറപ്പുവരുത്തണം. രക്തപരിശോധന, അള്‍ട്രാസൗണ്ട് സ്‌കാനിംഗ് തുടങ്ങിയ പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്താം.

ഐ ജി ഐ നെഫ്രോപ്പതി

ബയോപ്‌സിയിലൂടെ രോഗ നിര്‍ണയം നടത്തി ചികിത്സ തേടുകയെന്നതാണ് പ്രധാനപ്പെട്ടത്. പനി, തൊണ്ട വേന എന്നിവയൊക്കെ ഉണ്ടാകുമ്പോള്‍ ശരീരം ഇമ്മ്യൂണോ ഗ്ലോബുലിന്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇതില്‍ ഏറ്റവും കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നവയാണ് ഐ ജി ഐ. ചിലര്‍ക്ക് രോഗത്തിന് ശേഷം സാധാരണനിലയിലേക്ക് പോകുന്നു.എന്നാല്‍ അത്തരത്തിലേക്ക് സാധാരണ നിലയിലേക്ക് പോകാത്ത അവസ്ഥയാണിത്. ഇത് രണ്ട് വൃക്കകളെയും പരാജയത്തിലേക്ക് എത്തിക്കുന്നു. 

കേരളത്തില്‍ പ്രമേഹം രക്തസമ്മര്‍ദ്ദം എന്നിവയിലൂടെ അല്ലാതെ വൃക്കരോഗം വരുന്നത് ഐ ജി ഐ
വഴിയാണ്. ഇത് അമിതമായി ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നതിലൂടടെ വൃക്കയിലടിയുകയും വൃക്കയില്‍ നിന്ന് അരിച്ച് പോകാന്‍ പാടില്ലാത്ത രക്തകോശങ്ങള്‍, പ്രോട്ടീന്‍ അംശങ്ങള്‍ എന്നിവ അരിച്ച് പോകുന്നതിന് കാരണമാകുന്നു. ഇത് പിന്നീട് വൃക്ക തകരാറിലാകുന്നതിന് കാരണമാകുന്നു. ഇത് ചിലപ്പോള്‍ വൃക്ക മാറ്റിവെക്കുന്നതിന് വരെ കാരണമാകുന്നു. 

വൃക്കമാറ്റിവെക്കല്‍- കാലാവധി 

വൃക്കകള്‍ തകരാറിലായ ഒരാള്‍ക്ക് ഏറ്റവും അനുയോജ്യമായ ചികിത്സയെന്നത് വൃക്കമാറ്റിവെക്കലാണ്. ഡയാലിസിസിന് വളരെ വലിയ നീണ്ട പ്രക്രിയകളാണ് ഉള്ളത്. അതിനെ അപേക്ഷിച്ച് ഏറ്റവും ഫലപ്രദമായ രീതിയെന്നത് മാറ്റിവെക്കലാണ്.  

മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് വൃക്ക മാറ്റിവെക്കല്‍ നടത്തുന്നതാണ് ഉചിതം.വൃക്ക തകരാറിലായ ഒരാള്‍ക്ക് മാറ്റിവെക്കലിനായി ബന്ധുക്കാരുടേതാണ് ഏറ്റവും കൂടുതല്‍ നടക്കുന്നത്. എന്നാല്‍ അതിനെക്കാളും നല്ലത് മസ്തിഷ്‌കമരണം സംഭവിച്ച ഒരാളില്‍ നിന്നും സ്വീകരിക്കുന്നതാണ്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നത് മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ വൃക്കകള്‍ മാറ്റിവെക്കുന്നതിനാണ്. വലിയ നിയമ തടസം നിലനില്‍ക്കുന്നൂവെന്നുള്ളത് കൊണ്ട് തന്നെ കേരളത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ വൃക്കകള്‍ മാറ്റി വെക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണ്. 

മാറ്റിവെക്കുന്ന വൃക്കകളുടെ പ്രവര്‍ത്തനത്തിന്റെ കാലാവധിയെന്നത് അതിന്റെ പരിപാലനത്തെ ആശ്രയിച്ചിരിക്കുന്നു. വൃക്കയുടെ ചേര്‍ച്ച, മറ്റ് രോഗസാധ്യതകള്‍, കൃത്യമായ പരിപാലനം, ഇടവേളകളിലുള്ള പരിശോധന എന്നിവയെ ആശ്രയിച്ചായിരിക്കും അതിന്റെ കാലാവധി പറയാന്‍ സാധിക്കുക. ഏകദേശം ശരാശരി പതിനഞ്ച് വര്‍ഷം വരെയായിരിക്കും മാറ്റിവെക്കുന്ന ഒരു വൃക്കയുടെ കാലാവധി. ഇതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം.