ലോകത്തേറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു ജന്തുജന്യ രോഗമാണ് ലെപ്‌റ്റോസ്‌പൈറ വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ മൂലമുണ്ടാകുന്ന എലിപ്പനി. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്. സ്ഥിര രോഗാണുവാഹകരായ എലികളെ കൂടാതെ കന്നുകാലികളും പട്ടി, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളും രോഗാണുവാഹകരായി മാറിയേക്കാം. ശരീരത്തിലുള്ള ചെറിയ മുറിവുകളിലൂടെയാണ് രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നത്. എന്നാൽ, എലിപ്പനി ബാധിച്ചവർക്കെല്ലാം ശരീരത്തിൽ പ്രകടമായ മുറിവുകൾ ഉണ്ടാകണമെന്നില്ല. കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിലെ കട്ടികുറഞ്ഞ ശ്ലേഷ്മസ്തരത്തിലൂടെയും രോഗാണുക്കൾ പ്രവേശിക്കാം. അതുകൊണ്ടാണ് മലിനജലംകൊണ്ട് മുഖവും വായും കഴുകരുതെന്നും കുടിവെള്ളം തിളപ്പിച്ചശേഷം മാത്രമേ കുടിക്കാവൂ എന്നും നിർദേശിക്കുന്നത്.

തുടക്കം സാധാരണ വൈറൽ പനിപോലെയാണെങ്കിലും അതിശക്തമായ പേശിവേദന, കണ്ണിനു ചുവപ്പ്, ശക്തമായ തലവേദന, മഞ്ഞപ്പിത്തം തുടങ്ങിയവ എലിപ്പനിയുടെ സവിശേഷ ലക്ഷണങ്ങളാണ്. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങളായ മൂക്കൊലിപ്പ്, തുമ്മൽ തുടങ്ങിയവ ഉണ്ടായിരിക്കുകയില്ല. ഉദരസംബന്ധമായ പ്രശ്നങ്ങളായ വയറുവേദന, ചർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. എലിപ്പനി ബാധിച്ച മിക്കവാറുമാളുകളിൽ ഏഴുമുതൽ പത്തു ദിവസത്തിനകം രോഗലക്ഷണങ്ങൾ അപ്രത്യക്ഷമായി രോഗി സുഖം പ്രാപിക്കും.

എങ്ങനെയാണ് മരണകാരണമാകുന്നത്?

ശരീരത്തിലെ ആന്തരാവയവങ്ങളായ കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമാകുന്നത്. വീൽസ് സിൻഡ്രോം (Weil's Sindrome) എന്നു വിളിക്കുന്ന ഈ അവസ്ഥയിൽ മഞ്ഞപ്പിത്തം, വൃക്കസ്തംഭനത്തെ തുടർന്ന് മൂത്രത്തിന്റെ അളവ് കുറയുക, ഗുരുതരമായ രക്തസ്രാവം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. രക്തം ചുമച്ചുതുപ്പുക, മൂത്രത്തിലൂടെ രക്തം പോകുക, മലം കറുത്ത നിറത്തിൽ പോവുക തുടങ്ങിയവയൊക്കെ ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങളാണ്. പ്രായമേറിയവരിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് എലിപ്പനി കൂടുതൽ സങ്കീർണമാകുന്നത്. ശ്വാസകോശ രക്തസ്രാവം, വൃക്കസ്തംഭനം, ഹൃദയപ്രവർത്തനങ്ങളെ ബാധിക്കുന്ന മയോകാർഡൈറ്റിസ് തുടങ്ങിയ സങ്കീർണതകളാണ് പ്രധാനമായും മരണകാരണമാകുന്നത്. ഗുരുതരമായ എലിപ്പനി ബാധയെത്തുടർന്ന് മരണനിരക്ക് 50 ശതമാനംവരെ ഉയരാം.

Rat Fever

ഫലപ്രദമായ ചികിത്സയുണ്ട്

മറ്റു പകർച്ചപ്പനികളെ അപേക്ഷിച്ച് എലിപ്പനിയുടെ ഒരു പ്രത്യേകത രോഗത്തെ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് കൃത്യമായി ചികിത്സിക്കാമെന്നതാണ്. ചികിത്സ രോഗാരംഭത്തിൽതന്നെ തുടങ്ങണമെന്നുമാത്രം. എലിപ്പനി ശരീരത്തിലെ ആന്തരാവയവങ്ങളെ ബാധിച്ചതിനുശേഷം ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകണമെന്നില്ല. അതുകൊണ്ടാണ് രോഗനിർണയത്തിനു കാത്തുനിൽക്കാതെ എലിപ്പനി സാധ്യതാലക്ഷണങ്ങളുമായി എത്തുന്ന എല്ലാവർക്കും ആന്റിബയോട്ടിക്കുകൾ നൽകാൻ ലോകാരോഗ്യസംഘടനയുടെ ഉൾ​െപ്പടെ എല്ലാ ഏജൻസികളുടെയും മാനദണ്ഡങ്ങൾ നിർദേശിക്കുന്നത്.

പെനിസിലിൻ ആണ് എലിപ്പനിക്കെതിരായ ഏറ്റവും ഫലപ്രദമായ ആന്റിബയോട്ടിക്. കൂടാതെ ഡോക്സിസൈക്ലിൻ, സിഫാലോസ്പോറിനുകൾ, ക്വിനലോണുകൾ, അസിത്രോമൈസിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകളും ഫലപ്രദമാണ്. പ്രളയബാധിതപ്രദേശങ്ങളിൽ കഴിയുന്നവരും ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും പനി ഉണ്ടായാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഒരു ദിവസംപോലും വൈകാതെ വൈദ്യസഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനം. ആന്തരാവയവങ്ങളെ ബാധിക്കാത്ത താരതമ്യേന ലഘുവായ എലിപ്പനിബാധയ്ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ യോ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെയോ ഒ.പി. ചികിത്സയും നിരീക്ഷണവും മതിയാകും. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും എലിപ്പനി ചികിത്സയ്ക്കുള്ള മരുന്നുകൾ ലഭ്യമാണ്.

(ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻവിഭാഗം പ്രൊഫസറാണ്‌ ലേഖകൻ)

Content Highlight: how to prevent leptospirosis​