സ്ത്രീകള്‍ക്ക് ഹൃദ്രോഗം കുറവാണ് എന്ന ഒരു പൊതുധാരണ സമൂഹത്തില്‍ പ്രത്യേകിച്ചു പുരുഷന്മാരില്‍ കൂടുതല്‍ ആയിട്ട് ഉണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഹൃദ്രോഗം യഥാസമയത്ത് കണ്ടെത്താനും അതിന് വേണ്ട ശരിയായ രീതിയിലുള്ള ചികിത്സ തക്കസമയത്തു തന്നെ നല്‍കാനും ഉള്ള കാലതാമസം പലപ്പോഴും ഉണ്ടാകാറുണ്ട്.

ഹൃദ്രോഗ മൂലം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ പോലും സ്ത്രീകള്‍ പറയുമ്പോള്‍ കാര്യമായി  എടുക്കാത്ത ഒരു പ്രത്യേക മനോഭാവം ബന്ധുക്കളിലും ചിലപ്പോള്‍ ഡോക്ടര്‍മാരിലും കാണാന്‍ സാധിക്കും. ഒരിക്കല്‍ 40 വയസ്സായ ഒരു നഴ്‌സിനുണ്ടായ ഹൃദ്രോഗം ഈ മനോഭാവം മൂലം തുടക്കത്തില്‍ പരിഗണിക്കാന്‍ സാധിക്കാതെവരുകയും യഥാസമയം ചികിത്സിക്കാന്‍ കാലതാമസ്സം നേരിട്ടതുമൂലം ജീവഹാനിക്കിടയാവുകയും ഉണ്ടായി.

നെഞ്ചുവേദനയും ഇസിജിയില്‍ മാറ്റങ്ങളുമായി വന്ന നഴ്‌സിനു ആദ്യം ടെന്‍ഷനുള്ള മരുന്ന് നല്‍കി ഡോക്ടര്‍ മടക്കിവിട്ടു. തുടര്‍ന്നുള്ള ദിവസവും നെഞ്ചുവേദയായി വീണ്ടും വന്ന അവരെ 'ടി.എം.ടി ടെസ്റ്റ് ' ചെയ്യിച്ചു. ടെസ്റ്റ് സ്‌ട്രോങ്‌ലി പോസിറ്റീവ് ആയിരുന്നു. അപ്പോഴാണ് രോഗത്തിന്റെ ഗുരുതാരാവസ്ഥ മനസ്സിലായത്. വളരെ ചെറുപ്രായം ആയതുകൊണ്ട് ഹൃദ്രോഗം സാധ്യത തീരെ ഇല്ലാ എന്നായിരുന്നു അതുവരെ ഭര്‍ത്താവും പരിശോധന നടത്തിയ ഡോക്ടറും എല്ലാം കരിതിയിരുന്നത്. മാസമുറ ഉള്ളതിനാല്‍ സ്ത്രീ ഹോര്‍മോണ്‍ നല്‍കുന്ന ഹൃദ്രോഗത്തിനെതിരെ ഉള്ള പരിരക്ഷ അവര്‍ക്ക് ഉറപ്പായും ഉണ്ടാവും എന്ന ധാരണയും ഡോക്ടര്‍ക്ക് ഉണ്ടായിരുന്നു. അതിനാല്‍ അവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത തീരെ പ്രതീക്ഷിച്ചില്ല.

രോഗം മനസ്സിലായപ്പോള്‍ കാലതാമസം കൂടാതെ മരുന്നുകള്‍ തുടങ്ങി. കൂടുതല്‍ പരിശോധനക്കായി തിരുവനന്തപുരം ശ്രീചിത്രാ ആശുപത്രിയിലേക്ക് അയച്ചു. അവരുടെ ഒരു ബന്ധു ശ്രീചിത്രയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് അവിടേക്ക് വിട്ടത്. ശ്രീചിത്രായിലെ ഡോക്ടര്‍മാര്‍ ആന്‍ജിയോഗ്രാഫിക്ക് തീയതി നല്‍കിയ ശേഷം വേണ്ട മരുന്നുകള്‍ നല്‍കി അവിടുന്നു തിരിച്ചുവിട്ടു. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വേദന അധികരിച്ചു ആ നിര്‍ഭാഗ്യവതി പെട്ടെന്ന് കുഴഞ്ഞു വീണു മരണപ്പെട്ടു. അതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഒരു ഭ്രാന്തനെപ്പോലെ ആയി. രോഗത്തിന് വേണ്ട പ്രാധാന്യവും പരിഗണനയും നല്‍കാന്‍ പറ്റാഞ്ഞതിലും ആന്‍ജിയോഗ്രാഫി ഉടന്‍ തന്നെ ചെയ്യാന്‍ കഴിയാഞ്ഞതിലും ഉള്ള കടുത്ത മാനസിക സംഘര്‍ഷവും കുറ്റബോധവും മാസങ്ങളോളം അദ്ദേഹത്തെ വേട്ടയാടി.

പ്രായമായവരിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാം. പലപ്പോഴും അമ്മമാര്‍ മക്കളെ ശല്യപ്പെടുത്തേണ്ട എന്ന് കരുതി തങ്ങളുടെ രോഗം മുഴുവനും അവര്‍ വെളിപ്പെടുത്തില്ല. രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ കൂടെ ഉള്ളവര്‍ക്ക് പ്രയാസമാവും എന്ന് വിചാരിച്ച് നേരം വെളുക്കട്ടെ എന്നിട്ട് പറയാം എന്ന് കരുതി അറിയിക്കാതെവെക്കും. ഇതു വലിയ അപകടമാണ്.ചികിത്സ നല്‍കേണ്ട 'ഗോള്‍ഡന്‍ ആവേഴ്‌സ്' ആണ് ഈ സമീപനം മൂലം നഷ്ടപ്പെടുന്നത്. ആദ്യത്തെ ഒരു മണിക്കൂര്‍ ആണ് ഈ സമയം. ഹൃദയാഘാത ചികിത്സയിലെ ഏറ്റവും വിലപ്പെട്ട സമയം. ഹൃദയാഘാതത്തെ തുടര്‍ന്ന് അപകടം ഏറെയുള്ളതും എന്നാല്‍ ചികിത്സ ഏറ്റവുമധികം ഫലപ്രദമാകുന്നതും ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴാണ്.

യാത്ര പോകുമ്പോഴും വഴിപാടുകള്‍ക്ക് ക്ഷേത്രത്തില്‍ പോകുമ്പോഴും, വീട്ടില്‍ എന്തെങ്കിലും പ്രധാന ചടങ്ങുകള്‍ ഉള്ളപ്പോഴും അമ്മമാര്‍ തങ്ങളുടെ രോഗ ലക്ഷണങ്ങള്‍ മറച്ചു വെക്കും. എന്തെങ്കിലും അരുതായ്മകള്‍ കണ്ടാല്‍ കൂടെയുള്ളവര്‍ അത് മനസ്സിലാക്കി കൂടുതല്‍ ശ്രദ്ധിക്കണം. പ്രായമുള്ളവര്‍ക്ക് പ്രത്യേകിച്ചു പ്രമേഹവും രക്താതിമര്‍ദ്ദവും ഉള്ളവര്‍ക്ക് നെഞ്ച് വേദനയേക്കാള്‍ ശ്വാസംമുട്ടലാണ് കൂടുതല്‍ ഉണ്ടാവുക. ഹൃദ്രോഗം പിടിപെടുന്ന പ്രായമായ സ്ത്രീകള്‍ പുരുഷന്മാരെക്കാള്‍ വളരെ വേഗത്തില്‍ പെട്ടെന്ന് മരണത്തിന് കീഴ്‌പ്പെടുന്നതാണ് പതിവ്.

ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ്സ് തുടങ്ങിയ ചികിത്സകള്‍ നിര്‍ദേശിക്കുമ്പോള്‍ ഒരു വിമുഖതയാണ് സ്ത്രീകളുടെ കാര്യത്തില്‍ എല്ലാവരും സ്വീകരിച്ചു കണ്ടു വരുന്നത് .'അമ്മക്ക് പേടിയാ'എന്നതാണ് സ്ഥിരം മറുപടി 'ഈ പ്രായത്തില്‍ ഇത് റിസ്‌ക് അല്ലേ...'എന്നായിരിക്കും പിന്നത്തെ സംശയം. യഥാര്‍ഥത്തില്‍ ഇത് ഒരു ഒഴിവ് കഴിവാണ്. സ്ത്രീ രോഗികളൊടുള്ള അവഗണന. പലപ്പോഴും അമ്മമാരുമായി നേരിട്ട് ആശയ വിനിമയം നടത്തിയാല്‍ ആര്‍ക്കും ഇത് മനസ്സിലാവും. അവര്‍ക്ക് ഈ പറയുന്ന ഭയം ഒന്നും കാണില്ല. ഗള്‍ഫിലും അമേരിക്കയിലും ഒക്കെ മക്കളുള്ള ഒറ്റക്ക് കഴിയുന്ന അമ്മമാര്‍ ഏതു ചികിത്സ യും ചെയ്യാന്‍ തയ്യാറാവും. അസുഖം വരുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ നേരിടാന്‍ വേറെ ആരും കൂടെ ഉണ്ടാവില്ലല്ലോ എന്ന ചിന്തയാണ് അവരെ അലട്ടുന്നത്. പ്രായം ഒന്നും പരിഗണിക്കാതെ അവര്‍ക്ക് വേണ്ട ശരിയായ ചികിത്സ യഥാസമയം നല്‍കണം എന്നാണ് ശരിയായ സമീപനം.

സ്ത്രീകളില്‍ കൂടുതല്‍ ആയി കണ്ടു വരുന്ന ചില ഹൃദ്രോഗങ്ങള്‍ ഉണ്ട്. ജന്മനാ ഉണ്ടാകുന്ന മേലറയുടെ ഇടഭിത്തിയിലെ സുഷിരവും വാതജന്യ ഹൃദ്രോഗം മൂലം മൈടല്‍ വാല്‍വിനുണ്ടാകുന്ന ചുരുക്കവും ശ്വാസകോശ രക്താതിമര്‍ദ്ദവും സ്ത്രീകളില്‍ കൂടുതല്‍ കണ്ടുവരുന്ന അസുഖങ്ങളാണ്. ഗര്‍ഭധാരണത്തെ തുടര്‍ന്ന് സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത അല്‍പ്പം കൂടുതല്‍ കണ്ടുവരുന്നുണ്ട്. ഗര്‍ഭത്തിന്റെ അവസാന മാസം കണ്ടു വരുന്ന ഹൃദയ പേശിരോഗം ഇവയില്‍ പ്രധാനപെട്ടതാണ്. നെഞ്ചിടിപ്പ് ശ്വാസംമുട്ടല്‍ എന്നിവ കൂടുതല്‍ ഉള്ള ഗര്‍ഭിണികളില്‍ ഈ സാധ്യത പരിഗണിച്ച് എക്കോ കാര്‍ഡിയോഗ്രാഫി പരിശോധന നടത്തണം. വളരെ അപൂര്‍വമായി ഹാര്‍ട്ട് അറ്റാക്കും ഗര്‍ഭത്തെ തുടര്‍ന്ന് ഉണ്ടാകാറുണ്ട്. അതുപോലെ ഹൃദ്രോഗമുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ അനുവാദം വാങ്ങണം എന്നതും പ്രധാനമാണ്. ചുരുക്കത്തില്‍ സ്ത്രീകള്‍ ഹൃദ്രോഗ പരിചരണത്തിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗം തന്നെയാണ്.

Content Highlights: Heart Disease