മിതരോമവളര്‍ച്ചയും പുരുഷന്‍മാരെ പോലെ താടിയിലും മേല്‍ച്ചുണ്ടിനു മുകളിലും രോമങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതും പി.സി.ഒ.ഡിയുടെ ലക്ഷണമാകാം. തടി കൂടിക്കൊണ്ടിരിക്കുക, രണ്ടോ മൂന്നോ മാസങ്ങളോ അതിലും നീണ്ടതോ ആയ ഇടവേളകളില്‍ ആര്‍ത്തവം ഉണ്ടാവുക, മുഖക്കുരുകളുടെ ആധിക്യം, തൊലിയില്‍ കറുപ്പുനിറം പടരുന്ന പ്രവണത മുതലായവയും പി.സി.ഒ.ഡിയുടെ മറ്റു ലക്ഷണങ്ങളാണ്.

എന്താണ് പി.സി.ഒ.ഡി.? തിരിച്ചറിയാനുള്ള പരിശോധനകള്‍ എന്തെല്ലാം?

അണ്ഡാശയങ്ങള്‍ ചെറു കുമിളകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് (പി.സി.ഒ.ഡി.) എന്ന പേര് ഉണ്ടായത്. അണ്ഡാശയങ്ങളില്‍ പുരുഷ ഹോര്‍മോണുകള്‍ അഥവാ ആന്‍ഡ്രോജനുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ ഫലമായി അണ്ഡകോശങ്ങള്‍ വളര്‍ച്ച നിലച്ച് കുമിളകളായി നിറയുന്നു. ചില ഹോര്‍മോണ്‍ വ്യവസ്ഥകളുടെയും ഏതാനും രാസഘടകങ്ങളുടെയും പ്രവര്‍ത്തനരീതിയില്‍ വ്യതിയാനം വരുന്നതിന്റെ ഫലമായാണ് പി.സി.ഒ.ഡി. എന്ന അവസ്ഥ ഉണ്ടാകുന്നത്.
 
ഇങ്ങനെ വ്യതിയാനമുണ്ടാകുന്നതിന്റെ അടിസ്ഥാനകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനിതകമായ പ്രവണതയ്‌ക്കൊപ്പം ജീവിതശൈലിയും സാഹചര്യങ്ങളും ഈ അവസ്ഥയിലേക്ക് നയിക്കുന്നു.
 
ബാഹ്യലക്ഷണങ്ങളും അള്‍ട്രാസൗണ്ട് സ്‌കാനിങ്ങില്‍ അണ്ഡാശയത്തില്‍ ചെറുകുമിളകളായിക്കാണുന്ന വളര്‍ച്ച മുരടിച്ച ഫോളിക്കിളുകളും പി.സി.ഒ.ഡി. എന്ന രോഗനിര്‍ണയത്തിലേക്ക് എത്തിക്കുന്നു. പി.സി.ഒ.ഡി. രോഗനിര്‍ണയത്തിന് സാധാരണയായി രക്തപരിശോധന ഉപയോഗിക്കാറില്ല. എങ്കിലും പി.സി.ഒ.ഡി. ഉള്ളവരുടെ രക്തത്തില്‍ ഇന്‍സുലിന്റെ അളവ് കൂടുതല്‍, എഫ്.എസ്.എച്ച്/എല്‍.എച്ച്. അനുപാതത്തില്‍ വ്യതിയാനം, ആന്‍ഡ്രോജന്റെ ആധിക്യം തെളിയിക്കുന്ന DHEA-S ന്റെ അളവില്‍ വര്‍ധന മുതലായവ പ്രകടമായിരിക്കും

അമിതവണ്ണമുള്ളവരിലാണോ പി.സി.ഒ.ഡി. കാണുന്നത്?

അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പി.സി.ഒ.ഡി. കാണാറുണ്ട്. അതിനാല്‍ ഭക്ഷണക്രമീകരണവും വ്യായാമങ്ങളും ഇവരും ശീലമാക്കേണ്ടതുണ്ട്. 

ചികിത്സ എന്തെല്ലാമാണ്?

ഏത് പ്രശ്‌നത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നതിനനുസരിച്ചാണ് പി.സി.ഒ.ഡിയ്ക്കുള്ള ചികിത്സ തീരുമാനിക്കുക. മൂലകാരണം വ്യക്തമല്ലാത്തതിനാല്‍ സ്ഥിരമായും പൂര്‍ണമായും പി.സി.ഒ.ഡി. ലക്ഷണങ്ങളില്‍നിന്നും മുക്തമാകാനുള്ള മരുന്നുകള്‍ ലഭ്യമല്ല. എന്നാല്‍ കൃത്യമായ ജീവിതശൈലീക്രമീകരണം ഈ ലക്ഷ്യത്തിലെത്താന്‍ സഹായിക്കും. 

കൂടുതല്‍ അലട്ടുന്ന പ്രശ്‌നങ്ങള്‍ക്ക് താത്കാലികപരിഹാരമായി മരുന്നുകള്‍ ഉപയോഗിക്കാം. ആര്‍ത്തവകൃത്യതയ്ക്കായി ഹോര്‍മോണ്‍ കോമ്പിനേഷനുകള്‍ സഹായകമാകുന്നു. അമിതവണ്ണത്തോടൊപ്പമുള്ള പി.സി.ഒ.ഡി. പ്രശ്‌നങ്ങള്‍ക്ക് പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്ന മെറ്റ്‌ഫോര്‍മിന്‍ ഗുളികകള്‍ ഫലം ചെയ്യാറുണ്ട്.

വന്ധ്യത പ്രശ്‌നമാകുമ്പോള്‍ അണ്ഡോത്പാദനം വേഗത്തിലാക്കാനുള്ള ഗുളികകള്‍ കഴിക്കേണ്ടതായി വരാം. മുഖക്കുരു, രോമവളര്‍ച്ച, കറുത്ത പാടുകള്‍ മുതലായവയ്ക്ക് ചര്‍മരോഗവിദഗ്ധന്റെ നിര്‍ദേശപ്രകാരമുള്ള ചികിത്സസ്വീകരിക്കാം.

പി.സി.ഒ.ഡിയ്ക്ക്  മരുന്ന്  കഴിക്കുന്നുണ്ട്. എത്രകാലം ഇത് തുടരേണ്ടി വരും?

രോഗലക്ഷണങ്ങള്‍ക്കും ചികിത്സയുടെ ലക്ഷ്യത്തിനും അനുസരിച്ചാണ് മരുന്നുപയോഗിക്കുന്നതിന്റെ കാലയളവ് തീരുമാനിക്കുന്നത്. ഏതാനും മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ മരുന്നുപയോഗിക്കേണ്ടതായി വന്നേക്കാം.

പി.സി.ഒ.ഡിയ്ക്ക്   കഴിക്കുന്ന ഗുളികകള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടാകുമോ?

ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ള മരുന്നുകള്‍ ഒന്നും പി.സി.ഒ.ഡി. ചികിത്സയ്ക്ക് ഉപയോഗിക്കേണ്ടതായി വരാറില്ല. എന്നാല്‍ വന്ധ്യതാചികിത്സ നടത്തേണ്ടി വരുമ്പോള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം. ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കേണ്ടി വരുമ്പോള്‍ മനംപിരട്ടല്‍, തലക്കനം തുടങ്ങിയ ചില പ്രയാസങ്ങളും കണ്ടേക്കാം.

പി.സി.ഒ.ഡി. കാന്‍സറിന് ഇടയാക്കുമോ?

ആര്‍ത്തവചക്രത്തിലെ തകരാറുമൂലം ഗര്‍ഭപാത്രം ദീര്‍ഘകാലം ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തിന് വിധേയമാകുന്നതിന്റെ ഫലമായി എന്‍ഡോമെട്രിയല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതായി സംശയിക്കപ്പെടുന്നു. അതിനാല്‍ ആര്‍ത്തവത്തിന്റെ ഇടവേളകള്‍ കൂടുതലാകുമ്പോള്‍ പ്രൊജസ്‌റററോണ്‍ ഗുളികകള്‍ കഴിച്ച്് രക്തസ്രാവം വരുത്തുന്നത് നല്ലതാണ്.

പി.സി.ഒ.ഡി. ഉള്ളവര്‍ ഭക്ഷണ-വ്യായാമ കാര്യങ്ങളില്‍ എന്തെല്ലാം ശ്രദ്ധിക്കണം?

ഭക്ഷണക്രമീകരണവും വ്യായാമവുമാണ് പി.സി.ഒ.ഡിയ്ക്കുള്ള പ്രധാനചികിത്സ. കലോറി കുറഞ്ഞതും പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളമടങ്ങിയ ഭക്ഷണക്രമം ശീലമാക്കണം. ഇതിനായി ഒരു ഡയറ്റീഷ്യന്റെ ഉപദേശം സ്വീകരിക്കാം. നടത്തം, മറ്റു വ്യായാമങ്ങള്‍ മുതലായവ ശീലമാക്കണം. 

പി.സി.ഒ.ഡി. ഉള്ളവരില്‍ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയ ചെയ്യാറുണ്ടോ? 

പി.സി.ഒ.ഡി. ഉള്ളവരുടെ അണ്ഡാശയത്തിലെ കട്ടിയേറിയ ദശയില്‍ നിന്നും അമിതമായ തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആന്‍ഡ്രോജനുകളാണ് അണ്ഡോത്പാദനം തടസ്സപ്പെടുത്തുന്നതും ആര്‍ത്തവം ക്രമരഹിതമാക്കുന്നതും. ഈ ദശയുടെ വ്യാപ്തി കുറച്ച് ആന്‍ഡ്രോജന്‍ ഉത്പാദനം നിയന്ത്രിതമാക്കുന്ന ഓവേറിയന്‍ ഡ്രില്ലിങ് ആണ് ലാപ്രോസ്സ്‌കോപ്പി വഴി ചെയ്യുന്നത്. തുടര്‍ന്ന് കുറച്ചുനാള്‍ ആര്‍ത്തവം ക്രമത്തിലാവുകയും പി.സി.ഒ.ഡി.യോട് അനുബന്ധിച്ച അസ്വസ്ഥതകള്‍ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യാറുണ്ട്. ഗര്‍ഭിണിയാകാന്‍ താമസം നേരിടുന്നവര്‍ക്ക് അക്കാര്യത്തിലും ആശ്വാസം ലഭിക്കാറുണ്ട്. എങ്കിലും അണ്ഡാശയങ്ങള്‍ ചുറ്റുമുള്ള അവയവങ്ങളുമായി ഒട്ടിപ്പോവുക മുതലായ പ്രശ്‌നങ്ങള്‍ കാരണം ഈ സര്‍ജറി അധികം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. 

വിവരങ്ങള്‍ക്ക് കടപ്പാട് 

ഡോ. കെ.എ. നസിം
ഗൈനക്കോളിസ്റ്റ് 
താലുക്ക് ആശുപത്രി, തിരൂരങ്ങാടി  

(മാതൃഭൂമി ആരോഗ്യ മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlight: symptoms Polycystic ovary syndrome