ദുബായ്:  മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യു.എ.ഇ സ്വദേശികള്‍ക്ക് ഹൃദ്രോഗം വളരെ നേരത്തെ പിടിപെടുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍. സാധാരണയായി ഹൃദ്രോഗം ആരംഭിക്കുന്ന ശരാശരി പ്രായം 65 ആണ്. എന്നാല്‍ യു.എ.ഇ മേഖലയില്‍ ഇത് 45 വയസ്സാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് എമിറേറ്റ്‌സ് കാര്‍ഡിയാക് സൊസൈറ്റി ചെയര്‍മാന്‍ ഡോ.അബ്ദുള്ള ഷെഹാബ് പറഞ്ഞു. ദുബായിയില്‍ നടക്കുന്ന വേള്‍ഡ് കാര്‍ഡിയാക് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

യു.എ.ഇയിലെ സ്വാഭാവിക മരണങ്ങളുടെ പ്രധാന കാരണം ഹൃദ്രോഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് ഡോ.അബ്ദുള്ള ഷെഹാബ് പറഞ്ഞു. അബുദാബി ഹെല്‍ത്ത് സര്‍വീസ് നടത്തിയ പഠനത്തില്‍ രണ്ട് ലക്ഷത്തോളം യു.എ.ഇ പൗരന്മാര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 80 ശതമാനത്തോളം ആളുകള്‍ അമിതവണ്ണത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്, മൂന്നിലൊരാള്‍ക്ക് രക്താതിമര്‍ദ്ദം ഉണ്ടെന്നും ഇത് പിന്നീട് സ്‌ട്രോക്കിലേക്കും ഹൃദ്രോഗത്തിലേക്കും വൃക്ക സംബന്ധിയായ രോഗങ്ങളിലേക്കും നയിക്കുന്നുവെന്നുമാണ് സൂചിപ്പിക്കുന്നത്. ഇവയെല്ലമാണ് യുഎഇയിലെ ജനങ്ങളുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്‌നങ്ങളെന്നും ഡോ.അബ്ദുള്ള ഷെഹാബ് വിശദീകരിച്ചു. 

കൂടിയ കൊളസ്‌ട്രോള്‍ നിലയും പുകവലി ശീലവുമാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന മറ്റ് രണ്ട് പ്രധാന കാരണങ്ങള്‍. യു.എ.ഇയില്‍ ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളുള്ളവരില്‍ 60 ശതമാനത്തോളം ആളുകളും പുകവലി ശീലമാക്കിയവരാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടവരില്‍ 80 ശതമാനം ആളുകളുടേയും രോഗം തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന തരത്തിലുള്ളവയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് രോഗത്തെ പൂര്‍ണമായും ഭേദമാക്കുന്നതിന് തടസ്സമായെന്ന് റാഷിദ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ഫഹ്ദ് ബസ്ലെയിബ് പറഞ്ഞു. 

ദുബായിയില്‍ നടക്കുന്ന നാല് ദിവസത്തെ കാര്‍ഡിയാക് കോണ്‍ഗ്രസില്‍ ഹൃദ്രോഗ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അറുന്നൂറോളം ഡോക്ടര്‍മാരാണ് പങ്കെടുക്കുന്നത്. പരിപാടിയില്‍ നാലായിരം പേര്‍ പങ്കെടുക്കുന്നുണ്ട്. നാല് ദിവസത്തെ സമ്മേളനം ഡിസംബര്‍ എട്ടിന് സമാപിക്കും. 

ഷാര്‍ജയില്‍ മാതൃഭൂമി സംഘടിപ്പിക്കുന്ന കേരള ഹെല്‍ത്ത് എക്‌സ്പോയില്‍ ഹൃദ്രോഗത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാം, പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ഡോ. എസ് അബ്ദുള്‍ ഖാദറിനോട് ഹൃദ്രോഗം സംബന്ധിച്ച സംശയങ്ങള്‍ ചോദിക്കാം, സെമിനാറില്‍ പങ്കെടുക്കാന്‍ സന്ദര്‍ശിക്കുക, https://www.keralahealthexpo.com/seminar