ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദനിക്കാത്തവര്‍ ഉണ്ടാവില്ല. ചില തലവേദനകള്‍ അസഹനീയമായിരിക്കും. ഇത്തരം തലവേദനകള്‍ പൊതുവേ മൈഗ്രയിന്‍ തലവേദനയാണ് എന്ന് രോഗി സ്വയം തീരുമാനിക്കുകയാണ് പതിവ്. എന്നാല്‍ പതിവായി ആഴ്ചയില്‍ രണ്ട് തവണയില്‍ കൂടുതല്‍ വരുന്ന തലവേദനകള്‍ക്ക് വൈദ്യസഹായം തേടണം.

എന്താണ് മൈഗ്രയിന്‍ തലവേദനയുടെ ലക്ഷണങ്ങള്‍

സാധാരണയായി മൈഗ്രയിന്‍ മൂലമുള്ള തലവേദനയുടെ ഏറ്റവും പ്രധാനലക്ഷണം ഒരു വശത്ത് മാത്രമായിരിക്കും ഉണ്ടാകുക എന്നതാണ്. സാധാരണ വരുന്ന ലക്ഷണങ്ങള്‍ ഇല്ലാത്തതു കൊണ്ട് അത് മൈഗ്രയിനല്ല എന്നും പറയാനും കഴിയില്ല. ഉള്ളില്‍ രക്തം തുടിക്കുന്ന രീതിയില്‍ ഒരു വശത്ത് മാത്രമുണ്ടാകുന്ന അസഹനീയമായ വേദനയായിരിക്കും ഇത്. പതിവായി ചെയ്യുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടായാലും മൈഗ്രയിന്‍ വരാം. പതിവായി വ്യായാമം ചെയ്യുന്നയാള്‍ അത് പെട്ടെന്ന് നിര്‍ത്തിയാല്‍ മൈഗ്രയിന്‍ ഉണ്ടാകാം. പെട്ടെന്ന് വ്യായാമം തുടങ്ങിയാലും ഇങ്ങനെ സംഭവിക്കും. മൈഗ്രയിനില്‍ തന്നെ രണ്ടു വിഭാഗം ഉണ്ട്. മൈഗ്രയിന്‍ വരുന്നതിന് മുമ്പു ചില വ്യക്തികള്‍ക്ക് മൈഗ്രയിന്‍ വരുന്നു എന്ന് ഉള്‍വിളി ഉണ്ടാകുന്ന അവസ്ഥയാണ് ആദ്യത്തേത്. ഛര്‍ദി, കാഴ്ചയിലുള്ള മങ്ങല്‍, പ്രത്യേകരീതിയിലുള്ള മണം, ഉടന്‍ തന്നെ തനിക്കു മൈഗ്രയിന്‍ വരും എന്ന തോന്നല്‍ എന്നിവ ഉണ്ടാകാം. ഈ അവസ്ഥയ്ക്ക് മൈഗ്രയിന്‍ വിത്ത് ഓറ എന്നു പറയുന്നു. ഓറയില്ലാത്ത മൈഗ്രയിനാണ് രണ്ടാമത്തെ അവസ്ഥ. ഒരു വശത്തുമാത്രം രക്തം തുടിക്കുന്ന രീതിയില്‍ അസഹനീയമായ വേദനയുണ്ടാകുന്ന അവസ്ഥയാണ് ഇത്. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദം, എന്നിവയൊക്കെ ഇവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നു. ഛര്‍ദ്ദി അല്ലെങ്കില്‍ ഛര്‍ദ്ദിക്കാനുള്ള ഓക്കാനം എന്നിവയാണ് സാധാരണയായി അനുഭവപ്പെടുന്നത്.  

ആര്‍ക്കാണ് മൈഗ്രയിന്‍ തവേദനയ്ക്ക് സാധ്യത കൂടുതല്‍

ക്യത്യമായ ഒരു കണക്ക് ഇല്ലെങ്കിലും 20 മുതല്‍ 60 വയസുവരെയാണ് മൈഗ്രയിന്‍ കൂടുതലായി കണ്ടുവരുന്നത്. സ്ത്രീക്കാണ് പുരുഷന്മാരെക്കാള്‍ കൂടുതലായി മൈഗ്രയിന്‍ ഉണ്ടാകുന്നത്. 3./1 ആണ് ഇതിന്റെ അനുപാതം. മൈഗ്രയിന്‍ ഉള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് മൈഗ്രയിന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകള്‍ക്ക് മൈഗ്രയിന്‍ കൂടുതല്‍ വരാനുള്ള കാരണം മാനസികസമ്മര്‍ദവും ഹോര്‍മോണ്‍ വ്യതിയാനവുമാണെന്ന് സ്ഥിരീകരിക്കാത്ത കണക്കുകള്‍ പറയുന്നു.  

പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയുമോ

മൈഗ്രയിന്‍ പലപ്പോഴും പൂര്‍ണ്ണമായും മാറ്റാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ കണ്‍ട്രോള്‍ ചെയ്തു കൊണ്ടു പോകാന്‍ സാധിക്കും. മൈഗ്രയിന്‍ വരുന്നതിന് മുമ്പ് ഓറ അനുഭവപ്പെടുമ്പോള്‍ തന്നെ മരുന്നു കഴിച്ചാല്‍ വേദനയ്ക്ക് നല്ല വ്യത്യാസം ഉണ്ടാകും. മൈഗ്രയിന്‍ ഉണ്ടാക്കുന്ന കാരണങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കുന്നത് ഏറെ പ്രയോജനം ചെയ്യും. പുരുഷന്മാരില്‍ മൈഗ്രയിനെന്ന് തെറ്റുദ്ധരിക്കപ്പെടുന്ന ക്ലസ്റ്റര്‍ ഹെഡെയ്ക്ക് എന്ന തലവേദനയും ഉണ്ട്. എന്നാല്‍ ഇത് മൈഗ്രയിനുമായി ബന്ധമുള്ളതല്ല. ഒന്നെങ്കില്‍ എല്ലാ ദിവസവും ഒരോസമയത്തുവരികയും അല്ലെങ്കില്‍ എല്ലാ വര്‍ഷവും ഓരേമാസം ആവര്‍ത്തിച്ച് കടുത്ത തലവേദന വരുന്നു അവസ്ഥയാണ് ഇത്. ഈ തലവേദനയ്ക്ക് മൈഗ്രയിന്റെ മറ്റുലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവില്ല. ഒരു ഡോക്ടറെ കണ്ടാല്‍ മാത്രമേ ഇത് മൈഗ്രയിനല്ല എന്ന് ഉറപ്പുവരുത്താന്‍ കഴിയു. 

കാരണം

സ്ഥിരമായി ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും ചെയ്യുമ്പോഴാണ് മൈഗ്രയിന്‍ കൂടുതലായി വരുന്നത്. ഉറക്കമില്ലായ്മ, ടെന്‍ഷന്‍, കുടുംബപ്രശ്‌നങ്ങള്‍, കാപ്പി കൂടുതല്‍ കുടിക്കുന്നത്, ചോക്ലയിറ്റ് കൂടുതല്‍ കഴിക്കുന്നത്, വെയില്‍കൊള്ളുന്നത്, പതിവായി കഴിക്കുന്ന സമയം തെറ്റി ഭക്ഷണം കഴിക്കുന്നത്. ദൂരെ യാത്ര ചെയ്യുന്നത് എന്നിവയെല്ലാം മൈഗ്രയിന് കാരണമാകാം. എന്നാല്‍ എല്ലാവര്‍ക്കും എല്ലാക്കാരണങ്ങളും ഉണ്ടാകണമെന്നില്ല. രണ്ട് പുരികത്തിനു മുകളില്‍ നെറ്റിയിലായി റബ്ബര്‍ബാന്റ് കെട്ടുന്നരീതിയില്‍ കടുത്തതലവേദന ഉണ്ടാകുന്നത് ടെന്‍ഷന്‍ തലവേദന എന്ന അവസ്ഥയാണ്. മൈഗ്രയിന്റെ ചില ലക്ഷണങ്ങള്‍ ഈ തലവേദനയ്‌ക്കൊപ്പം ഉണ്ടാകാം. പതിവായി വരുന്ന മൈഗ്രയിനില്‍ നിന്ന് എന്തെങ്കിലും വ്യത്യാസം ഉണ്ടാകുകയോ മരുന്നു കഴിച്ചിട്ടു തലവേദന മാറാതെ വരികയോ ചെയ്താല്‍ ഡോക്ടറെ കണ്ട് വിശദമായ പരിശോധനയ്ക്ക് വിധയമാകാന്‍ മടിക്കരുത്. 

വിവരങ്ങള്‍ക്ക് കടപ്പാട്

ഡേ.പ്രതിഷ് 
കണ്‍സള്‍ട്ടന്റ് ഇ.എന്‍.ഡി സര്‍ജന്‍
അനന്തപുരി ആശുപ്രതി 
തിരുവനന്തപുരം 

(മാത്യൂഭൂമി ന്യൂസ് ഡോ്ക്ടര്‍ @2 പി.എം ല്‍ സംസാരിച്ചത്)

content highlights: Migraines: Symptoms, treatments, and causes