ഷാര്‍ജ: ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ സ്‌നേഹം നല്‍കിയാല്‍ ഭാവിയില്‍ വലിയ സ്‌നേഹമായി അത് കൊയ്‌തെടുക്കാമെന്ന് ഡോ. മഞ്ജു ജോര്‍ജ് ഇലഞ്ഞിക്കല്‍.

കേരള ഹെല്‍ത്ത് എക്‌സ്പോയുടെ ആദ്യ സെഷനില്‍ 'കുഞ്ഞുമനസ്സിനെ മനസ്സിലാക്കാം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു പുഷ്പഗിരി പ്രതീക്ഷ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ മേധാവിയായ ഡോ. മഞ്ജു. എന്നാല്‍ ഇങ്ങനെ സ്‌നേഹിക്കുക എന്നതിന്റെ അര്‍ഥം കുഞ്ഞിന്റെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതല്ല. മറിച്ച് എന്താണ് നല്ല ജീവിതത്തിനും കുടുംബഭദ്രതയ്ക്കും ആവശ്യമെന്ന് മുന്‍കൂട്ടി കണ്ടറിഞ്ഞ് അത്യാവശ്യമുള്ളത് മാത്രം നല്‍കിയും നല്ലതുമാത്രം കാണാനും കേള്‍ക്കാനും അവസരം നല്‍കിയുമായിരിക്കണം കുട്ടികളെ വളര്‍ത്തേണ്ടത്. മാതാപിതാക്കളുടെ സ്വഭാവത്തിലെ പ്രശ്‌നങ്ങളും കുട്ടിയുടെ സ്വഭാവരൂപവത്കരണത്തില്‍ വലിയ ഘടകമാണ്. ചെറുപ്പത്തില്‍ തന്നെ ടി.വി. കാണാനും മൊബൈല്‍ ഫോണിനും വേണ്ടി വാശിപിടിക്കുന്ന കുട്ടികളുണ്ട്. ആ വാശിക്കുമുന്നില്‍ തോറ്റുകൊടുത്ത് കുട്ടിക്ക് വഴങ്ങുന്നതല്ല സ്‌നേഹം. മറിച്ച് കുട്ടിക്ക് ആവശ്യമെന്ന് തോന്നുന്നത് മാത്രം നല്‍കുകയാണ് വേണ്ടത്. ടെലിവിഷന്‍ പരിപാടികളില്‍ കുട്ടികള്‍ക്ക് പ്രയോജനമുള്ള ഏതെങ്കിലും ഒന്നുമാത്രം കാണാന്‍ അനുവദിക്കാം. നല്ല കുട്ടിയായിരുന്നാല്‍ വാരാന്ത്യത്തില്‍ വേറൊന്നുകൂടി കാണിക്കാം എന്ന മട്ടിലായിരിക്കണം ഈ വാഗ്ദാനം. വീട്ടില്‍ എല്ലാവരും ഇരുന്ന് കാണുന്ന പരിപാടി കാണാന്‍ കുട്ടികളെയും നിര്‍ബന്ധിക്കണം. ഈ കാണല്‍ ഒരു ചര്‍ച്ചപോലെ വളര്‍ത്തിയെടുക്കണം. കുട്ടികളില്‍ അന്വേഷണത്വര വളര്‍ത്താന്‍ ഇത് ഉപകരിക്കും. അതേസമയം വാഗ്ദാനം നല്‍കിയാല്‍ അത് പാലിക്കാന്‍ നാം മറക്കരുതെന്നും ഡോ. മഞ്ജു ഓര്‍മിപ്പിച്ചു.

ഒരു സാധനം കിട്ടാനായുള്ള കുട്ടികളുടെ വാശി പരമാവധി 21 ദിവസത്തിനുള്ളില്‍ അവസാനിക്കും. ഒന്ന് കൊടുക്കാതിരുന്നാലും ആ വാശി 21 ദിനം കൊണ്ട് തീരും. ഇതില്‍ നാം ഇളവ് കൊടുക്കരുത്. വീട്ടിലെ മുതിര്‍ന്നവരുടെതാണ് അവസാന വാക്ക് എന്ന ബോധ്യം കുട്ടിക്ക് ചെറുപ്പത്തില്‍ തന്നെ ഉണ്ടാവണം. അത്തരം ബോധ്യമാണ് ഭാവിയില്‍ ജോലിസ്ഥലത്തെ മേധാവിത്വത്തെ കുറിച്ച് അവന് അറിവ് നല്‍കുകയെന്നും അവര്‍ പറഞ്ഞു. കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിലും സ്‌നേഹത്തിന്റെ സ്പര്‍ശമുണ്ടാവണം. പലപ്പോഴും തിരക്കിട്ട ജീവിതത്തില്‍ അത്തരം സ്‌നേഹസ്പര്‍ശം നഷ്ടമാകുന്നതാണ് ഭാവിയില്‍ കുട്ടിയുടെ സ്വഭാവവൈകല്യത്തിന് ഒരു കാരണമാകുന്നതെന്നും അവര്‍ പറഞ്ഞു.

Content Highlight: mathrubhumi kerala health expo, My dear Doctor, Kerala Health Expo 2018