നിയന്ത്രിതമായ വളര്‍ച്ചാ സാധ്യതയുള്ളതും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വളരാന്‍ സാധ്യതയുള്ളതുമായ മുഴകളെയാണ് സാധാരണയായി ക്യാന്‍സര്‍ എന്ന് പറയുന്നത്. നിയന്ത്രണമില്ലാതെ വളരുന്ന മുഴകള്‍ അല്ലെങ്കില്‍ അസാധാണമായുണ്ടാകുന്ന അള്‍സറുകളോ ആണ് ക്യാന്‍സറായി പരിണമിക്കുന്നത്. സാധാരണ മുഴകളെ അപേക്ഷിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക്‌ വളരാനുള്ള സാധ്യത ഉണ്ടെന്നുള്ളതാണ് ക്യാന്‍സര്‍ മുഴകളെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.  തലയും കഴുത്തും ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഉണ്ടാകുന്ന ക്യാന്‍സറുകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. നാക്ക്, മോണ, നാവിന് പുറം ഭാഗം എന്നിവിടങ്ങളിലും കഴുത്തിലും ഉണ്ടാകുന്ന ക്യാന്‍സറുകളാണ് ഈ വിഭാഗത്തില്‍പ്രധാനമായുള്ളത്. 
 
ഓറല്‍ ക്യാന്‍സര്‍ 
വായിലുണ്ടാകുന്ന ക്യാന്‍സറിനെ ഓറല്‍ക്യാന്‍സര്‍ എന്നാണ് അറിയപ്പെടുന്നത്. ഉണങ്ങാത്ത മുറിവ്, നാവിലും മറ്റുമായി ഉണ്ടാകുന്ന വെളുത്തപാട്, കവിളുകളിലുണ്ടാകുന്ന വെള്ളപ്പാടുകള്‍ എന്നിവ ഓറല്‍ ക്യാന്‍സറിന്റെ ആരംഭദശയിലുണ്ടാകുന്ന ലക്ഷണങ്ങളാണ്. ക്യാന്‍സറിന്റെ പിന്നീടുള്ള സമയങ്ങളില്‍ വായ്ക്കുള്ളിലെ ഈ ഉണങ്ങാത്ത മുറിവുകള്‍ കൂടുതലാകും. ഇതിനെത്തുടര്‍ന്നുണ്ടാകുന്ന വേദനകളും പ്രശ്‌നങ്ങളുമാണ് സാധാരണയായി കണ്ടുവരുന്ന പ്രധാനലക്ഷണങ്ങള്‍
 
ഓറല്‍ക്യാന്‍സറിന്റെ പ്രധാന കാരണങ്ങള്‍
പുകയിലയുടെ ഉപയോഗമാണ് ഓറല്‍ ക്യാന്‍സറിന്റെ പ്രധാന കാരണം. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഓറല്‍ക്യാന്‍സറിന്റെ സാധ്യത കൂടുതലായി കണ്ടുവരുന്നത്. പുകയില ചവയ്ക്കുന്നതാണ് ഇതിന്റെ പ്രധാനകാരണം. അതോടൊപ്പം മദ്യപാനവും, പുകവലിയും ഓറല്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇവ കൂടാതെ മൂര്‍ച്ചയുള്ള പല്ല് സ്ഥിരമായി നാവിലെ ഒരു ഭാഗത്തുണ്ടാക്കുന്ന മുറിവും അതിന് കൃത്യസമയത്ത് ചികിത്സ തേടാതിരിക്കുന്നതും ക്യാന്‍സറിലേക്ക് നയിക്കും. 
 
ഒഴിവാക്കാം സ്‌പൈസിഫുഡ്‌സ് 
ഓറല്‍ ക്യാന്‍സറിന്റെ പ്രധാനകാരണങ്ങളായി പുകയിലയും മദ്യപാനവും പറയുമ്പോഴും ഇവയെക്കൂടാതെ ആഹാരക്രമത്തിലുണ്ടാകുന്ന പ്രത്യേകതകളും 
ഓറല്‍ ക്യാന്‍സറിന് കാരണമാകാറുണ്ട്. ആഹാരത്തിലെ മസാലകള്‍ അമിതമായി ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അര്‍ബുദ സാധ്യത കൂടുതലായി കണ്ടുവരുന്നു. ഇവയെക്കൂടാതെ ചിലവൈറസുകളും അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 
 
അറിയാം തൈറോയിഡ് ക്യാന്‍സറിനെ... 
കേരളത്തില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ഹെഡ് ആന്‍ഡ് നെക്ക് ക്യാന്‍സറുകളാണ്. എന്നാല്‍ സ്ത്രീകളില്‍ ഗര്‍ഭാശയ സംബന്ധമായതും, സ്തനാര്‍ബുദവുമാണ് കാണുന്നത്. ഇവകഴിഞ്ഞാല്‍ ഏറ്റവും കൂടുതലായി കാണുന്നത് തൈറോയിഡ് സംബന്ധമായ ക്യാന്‍സറുകളാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങള്‍ക്കിടയില്‍ മൂന്ന് ഇരട്ടിയോളം വര്‍ധനയാണ് തൈറോയിഡ് ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടിയെന്നതിനെക്കാള്‍ രോഗത്തെ തിരിച്ചറിയാന്‍ തുടങ്ങിയെന്നതാണ് എടുത്തുപറയേണ്ടത്. കഴുത്തിലുണ്ടാകുന്ന മുഴയായിട്ടായിരിക്കും കാണാന്‍ കഴിയുക, പക്ഷേ തൈറോയിഡിന്റെ എല്ലാമുഴയും ക്യാന്‍സറല്ല. തൈറോയിഡ് ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. 
              തൊണ്ടയിലെ ക്യാന്‍സറിന്റെ പ്രധാനലക്ഷണം ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസമാണ്. ശബ്ദത്തില്‍ അസാധാരണമായുള്ള വ്യത്യാസമുണ്ടാവന്നത്, ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ചിലപ്പോള്‍ കഴുത്തിലുണ്ടാകുന്ന മുഴ ഇവയൊക്കെയാണ് പ്രധാനമായുള്ളത്. രോഗം വന്നാല്‍ പെട്ടെന്ന് ലക്ഷണം കാണിക്കുകയോ പടരുകയോ ചെയ്യണമെന്നില്ല. 
 
തൈറോയിഡ് ക്യാന്‍സറിന്റെ രോഗനിര്‍ണയം
പ്രധാനമായും മൂന്ന് തരത്തിലാണ് തൈറോയിഡ് ക്യാന്‍സറിന്റെ രോഗനിര്‍ണയം നടത്തുന്നത്. തൈറോയിഡിന്റെ രക്തപരിശോധന,അള്‍ട്രാസൗണ്ട് സ്‌ക്യാനിംഗ്,എഫ് എന്‍ എ സി അഥവാ കുത്തിപ്പരിശോധന എന്നിങ്ങനെയാണ് രോഗനിര്‍ണയം നടത്തുക.
 
തൈറോയിഡിന്റെ രക്തപരിശോധന നടത്തിയാല്‍ അതിന്‌ശേഷം കഴുത്തിലെ മുഴക്കായുള്ള അള്‍ട്രാസൗണ്ട് സ്‌ക്യാനിംഗാണ് നടത്തുക. കഴുത്തിലെ മുഴയെപ്പറ്റിയുള്ള ധാരണ നല്‍കാന്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗിലൂടെ ലഭിക്കും. അതിനെ ബന്ധപ്പെടുത്തിയായിരിക്കും അടുത്ത പരിശോധന നടത്തുന്നത്. അള്‍ട്രാസൗണ്ട് സ്‌കാനിംഗിന് ശേഷം നടത്തുന്ന നിര്‍ണയമാണ് എഫ് എന്‍ എ സി അഥവാ കുത്തിപ്പരിശോധന നടത്തുക. എല്ലാ മുഴകളും അത്തരത്തില്‍ കുത്തിപരിശോധന നടത്തേണ്ട ആവശ്യമില്ല. മുഴയുടെ വലിപ്പവും അതിന്റെ പ്രകൃതവുമെല്ലാം ആശ്രയിച്ചായിരിക്കും ഈ പരിശോധനകളെല്ലാം നടത്തുന്നത്. 
 
ചികിത്സാരീതി 
നാല് തരം തൈറോയിഡ് ക്യാന്‍സറുകളുണ്ട്. ഒന്ന് ഡിഫറന്‍ഷിയേറ്റഡ് തൈറോക്യാന്‍സര്‍ വിഭാഗത്തില്‍പ്പെടുന്ന പാപ്പിലറി തൈറോയിഡ് ക്യാന്‍സര്‍, ഫോളിക്യുലാര്‍ തൈറോയിഡ് ക്യാന്‍സര്‍, മെഡുലറി തൈറോയിഡ് ക്യാന്‍സര്‍, അനാപ്ലാസ്റ്റിക് തൈറോയിഡ് ക്യാന്‍സര്‍ എന്നിങ്ങനെയാണ്. 
 
പാപ്പിലറി, ഫോളിക്യുലാര്‍ തൈറോയിഡ് ക്യാന്‍സറുകളാണ് ഏറ്റവും കൂടുതലായി ഉണ്ടാകുന്നത്. ക്യാന്‍സര്‍രോഗികളില്‍ 80%വും പാപ്പിലറി തൈറോയിഡ് ക്യാന്‍സര്‍ രോഗികളുമാണ്. ഇതില്‍ അനാപ്ലാസ്റ്റിക് തൈറോയിഡ് ഏറ്റവും ഗൗരവമേറിയതാണ്. അത് റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണ്. 
 
എത്രമുഴകളുണ്ട്, അവയുടെ വലിപ്പം എന്നതനുസരിച്ചാണ് ചികിത്സ. ഏത് രീതിയിലുള്ളതാകണം, എത്രകാലം എന്നിവയെല്ലാം തീരുമാനിക്കുന്നത് രോഗത്തിന്റെ കാഠിന്യമനുസരിച്ചായിരിക്കും നിര്‍ണയിക്കുന്നത്. ഒരു സെന്റീമിറ്ററില്‍ താഴെ മാത്രമുള്ള മുഴയാണെങ്കില്‍ തൈറോയിഡിന്റെ ഒരു ഭാഗം മാത്രം മാറ്റിയാല്‍ മതിയാകും. അതേ സമയം ഒന്നില്‍ കൂടുതലോ വലിപ്പമോ കൂടുതലാണെങ്കില്‍ തൈറോയിഡ് ഗ്രന്ഥി മുഴുവനായും മാറ്റേണ്ടിവരും. കഴുത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കഴുത്തിലെ കഴലകളെക്കൂടി നീക്കം ചെയ്യേണ്ടതായി വരും. 

 

റേഡിയോ ഐഡിന്‍  ചികിത്സ
ശസ്ത്രക്രിയക്ക് ശേഷം മിക്ക രോഗികള്‍ക്കും റേഡിയോ ഐഡിന്‍ ചികിത്സകൂടി ആവശ്യമായി വരും. റേഡിയോ ഐഡിന്‍ എന്നത് കഴുത്തിലെ തൈറോയിഡിന്റെ അംശം മുഴുവനായി നീക്കി കഴിഞ്ഞ് മൈക്രോസ്‌കോപ്പിക് ആയുള്ള അംശം തിരിച്ചറിയുന്നതിന് സഹായിക്കും. ഇതൊരു റേഡിയോ ആക്ടിവിറ്റിയുള്ള ഐഡിന്‍ ആണ്. ഇതൊരു മരുന്നായി കഴിക്കുന്നതുവഴി ശരീരത്തിലെവിടെയെങ്കിലും തൈറോയിഡിന്റെ അംശമുണ്ടെങ്കില്‍ ഇത് കണ്ടെത്തി നശിപ്പിക്കുന്നു. സാധാരണ റേഡിയേഷന്‍ ചികിത്സയില്‍ നിന്ന് വ്യത്യസ്തമാണ് ഇത്. ഇതിന്റെ പ്രത്യേകത സാധാരണ റേഡിയേഷന്‍ ചികിത്സകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് ഈ ചികിത്സകൊണ്ട് ഉണ്ടാകുന്നില്ല. 
 
രോഗം വീണ്ടുംവരാനുള്ള സാധ്യത
ചികിത്സിച്ചാല്‍  മാറുന്നതാണ് 95 ശതമാനം പാപ്പിലറി, മോളിക്യുലാര്‍ വിഭാഗത്തില്‍പ്പെട്ട തൈറോയിഡ് ക്യാന്‍സറുകളും.എന്നാല്‍ പ്രാരംഭദിശയില്‍ തന്നെ ചികിത്സതേടുകയാണെങ്കില്‍ രോഗം പിന്നീട് വരാനുള്ള സാധ്യത 98 ശതമാനവും കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 
 
എങ്ങനെ പ്രതിരോധിക്കാം
തൈറോയിഡ്, ഓറല്‍ കാന്‍സറുകള്‍ എന്നിവയുടെ കാരണങ്ങള്‍ മനസിലാക്കുകയെന്നതാണ് പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം. പുകയിലയുടെ ഉപയോഗം, പുകവലി, മദ്യപാനം ഇവ കുറക്കുകയാണ് വേണ്ടത്. മദ്യത്തിന്‍െ ഉപയോഗം കുറഞ്ഞെങ്കിലും പുകയില ഉപയോഗത്തിന്റെ കണക്കുകള്‍ ഇപ്പോഴും വ്യക്തമല്ല. സ്‌കൂള്‍ കുട്ടികള്‍ക്കിടയിലെ പുകയില ഉപയോഗം ഓറല്‍ ക്യാന്‍സറിന്റെ സാധ്യത വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. പുകയിലയുടെ ഉപയോഗം വളരെ കുറച്ച് കാലമാണെങ്കിലും അതിന്റെ ഇഫക്ട് ദീര്‍ഘകാലം നീണ്ടു നില്‍ക്കും. 
 
ശസ്ത്രക്രിയയെക്കുറിച്ചറിയാം...
  ആദ്യകാലങ്ങളില്‍ ശസ്ത്രക്രിയക്ക് ശേഷം അതിന്റെ പാടുകള്‍ മുഖത്തുണ്ടാകുമായിരുന്നു. എന്നാല്‍ സാങ്കേതികവിദ്യയുടെ വികാസത്തിലൂടെ ശസ്ത്രക്രിയ നടത്തിയ ഭാഗത്തെ പുനര്‍നിര്‍മിക്കാന്‍ സാധിക്കും. അസുഖം ബാധിച്ച ഭാഗത്തിന്റെ ഷെയിപ്പിലുള്ള റീകണ്‍സട്രക്ഷന്‍ മോഡല്‍ പുനര്‍നിര്‍മിക്കാന്‍ സാധിക്കും. അതുവഴി താടിയൊക്കെ എടുത്ത് മാറ്റിയാലും അത്‌പോലെ റീപ്ലെയിസ് ചെയ്യാന്‍ സാധിക്കും. സര്‍ജറിയുടെ യാതൊരു പാടുകളും മുഖത്ത് ഉണ്ടാവുകയുമില്ല. ക്യാന്‍സര്‍ ചര്‍മത്തിലേക്ക് ബാധിക്കുകയാണെങ്കില്‍ മാത്രമേ അത് മുഖത്തെ ബാധിക്കുകയുള്ളൂ.  ഓറല്‍ ക്യാന്‍സറിനുള്ള ശസ്ത്രക്രിയക്ക് ശേഷം മസാലകള്‍, ചൂടുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും  ആന്റിഓക്‌സിഡന്റ്‌സിനാല്‍ സമ്പന്നമായ ആഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും വേണം.