യറുമണിയുടെ ആകൃതിയില്‍ വയറിനകത്ത് നട്ടെല്ലിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഒരു ജോഡി അവയവങ്ങളാണ് വൃക്കകള്‍. ഏകദേശം 12 സെന്റീമീറ്റര്‍ നീളവും 6 സെന്റീമീറ്റര്‍ വീതിയുമുള്ള വൃക്കകള്‍ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ്.

രക്തത്തിലെ മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറംതള്ളുക, രക്തസമ്മര്‍ദം നിയന്ത്രിക്കുക, രക്തത്തിലെ അമ്ലാവസ്ഥയും ലവണങ്ങളും സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുക, ചുവന്ന രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ എറിത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുക, എല്ലുകളുടെ ശക്തിക്കും വളര്‍ച്ചയ്ക്കും ആവശ്യമായ ജീവകം ഡി സജീവ രൂപത്തിലാക്കുക എന്നിവയാണ് വൃക്കകളുടെ പ്രധാന ധര്‍മങ്ങള്‍. വൃക്കരോഗത്തിന്റെയും വൃക്കസ്തംഭനത്തിന്റെയും ഏറ്റവും പ്രധാന കാരണം പ്രമേഹരോഗമാണ്.

പ്രമേഹം മൂലമുണ്ടാകുന്ന വൃക്കരോഗം

ജീവിതശൈലിയുമായി ബന്ധമുള്ള രോഗങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു രോഗമാണ് പ്രമേഹം. ലോകമെമ്പാടും സ്ഥായിയായ വൃക്കസ്തംഭനത്തിന്റെ ഏറ്റവും പ്രധാന കാരണം പ്രമേഹരോഗമാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഒന്നര പതിറ്റാണ്ട് കഴിയുമ്പോള്‍ (2030 ആകുമ്പോള്‍) ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഭാരതത്തിലായിരിക്കും എന്നാണ് പ്രവചനം. ദീര്‍ഘകാലം പ്രമേഹമുള്ളവരില്‍ ഏകദേശം 40 ശതമാനം വ്യക്തികളിലെങ്കിലും വൃക്കരോഗം വരുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പ്രമേഹംമൂലമുണ്ടാകുന്ന വൃക്കരോഗത്തെ ഡയബറ്റിക് നെഫ്രോപ്പതി എന്ന് വിളിക്കുന്നു. സമൂഹത്തെ ബാധിക്കുന്ന ഒരു വലിയ പ്രശ്നമായി ഇതിനെ കണക്കാക്കേണ്ടിവരും. ഭാരതത്തില്‍ 95 ശതമാനത്തിലേറെ പ്രമേഹരോഗികളും ടൈപ്പ് 2 ഡയബറ്റിസ് വിഭാഗത്തില്‍പ്പെടുന്നു.

മാതാവിനോ പിതാവിനോ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ 30 ശതമാനവും രണ്ടുപേര്‍ക്കും പ്രമേഹമുണ്ടെങ്കില്‍ 50-60 ശതമാനം വരെയും കുട്ടികളില്‍ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പാരമ്പര്യമായി പ്രമേഹമുള്ളവര്‍, അമിതശരീരഭാരം ഉള്ളവര്‍, രക്താതിസമ്മര്‍ദമുള്ളവര്‍, നാല്‍പത് വയസ്സ് കഴിഞ്ഞവര്‍ എന്നിങ്ങനെയുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് അഭികാമ്യമാണ്.

പ്രമേഹരോഗികളില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെന്തെല്ലാം?

രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ്, രക്തസമ്മര്‍ദം, പാരമ്പര്യഘടകങ്ങള്‍, പുകവലി എന്നിവയാണ് പ്രധാന ഘടകങ്ങള്‍.

പ്രമേഹംമൂലം വരുന്ന വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

രക്താതിസമ്മര്‍ദം, മൂത്രത്തില്‍ പത കാണപ്പെടുക, മുഖത്തും കാലിലും നീര്, വിളര്‍ച്ച, വിശപ്പില്ലായ്മ എന്നിവ രോഗലക്ഷണങ്ങളാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുകയും ഇന്‍സുലിന്റെ ആവശ്യകത കൂടുകയും ചെയ്യുന്നത് വൃക്കകളുടെ പ്രവര്‍ത്തനശേഷി കുറയുന്നതിന്റെ ലക്ഷണമാകാം.

രോഗനിര്‍ണയം നടത്തുന്നത് എങ്ങനെയാണ്?

ദീര്‍ഘകാലം പ്രമേഹമുള്ള വ്യക്തികളില്‍ മൂത്രത്തിലെ ആല്‍ബമിന്റെ അളവും രക്തത്തിലെ ക്രിയാറ്റിന്റെ അളവും പരിശോധിച്ചാല്‍ പ്രമേഹം മൂലമുള്ള വൃക്കരോഗവും വൃക്കകളുടെ പ്രവര്‍ത്തനവും നിര്‍ണയിക്കാന്‍ സാധ്യമാണ്. വൃക്കരോഗമുള്ള വ്യക്തികളില്‍ ഭൂരിഭാഗം പേര്‍ക്കും പ്രമേഹം നേത്രപടലത്തെ ബാധിച്ച് ഡയബറ്റിക് റെറ്റീനോപ്പതി എന്ന രോഗാവസ്ഥയുള്ളതായി കാണുന്നു.

വൃക്കരോഗം പുരോഗമിക്കുന്നത് തടയുവാന്‍ സാധ്യമാണോ?

ഡയബറ്റിക് നെഫ്രോപ്പതി എന്ന രോഗാവസ്ഥ തുടക്കത്തില്‍ത്തന്നെ കണ്ടുപിടിച്ചാല്‍ ഈ രോഗം പുരോഗമിക്കുന്നതിന്റെ വേഗം കുറയ്ക്കുവാന്‍ സാധിക്കും. വളരെ വൈകിയാണ് കണ്ടുപിടിച്ചതെങ്കില്‍ ചികിത്സയുടെ പ്രയോജനം കുറവായിരിക്കും. 

ഭക്ഷണക്രമീകരണങ്ങള്‍ പാലിക്കുക, രക്തസമ്മര്‍ദം നിയന്ത്രിക്കുക, രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് ഉയരാതെ നോക്കുക, പുകവലിക്കാതിരിക്കുക, അമിതമായ ശരീരഭാരം ഒഴിവാക്കുക, വേദനസംഹാരികളും ലോഹങ്ങളടങ്ങിയ മരുന്നുകളും ഒഴിവാക്കുക, ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി പരിശോധനകള്‍ നടത്തുക എന്നീ കാര്യങ്ങള്‍ ചെയ്താല്‍ വൃക്കരോഗത്തിന്റെ പുരോഗതി വലിയൊരളവ് വരെ നിയന്ത്രിക്കാവുന്നതാണ്. ഡയബറ്റിക് നെഫ്രോപ്പതിയുള്ള ഒരു വ്യക്തി എന്തെല്ലാം ഭക്ഷണക്രമീകരണങ്ങളാണ് ചെയ്യേണ്ടത്?

രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനായി മിതമായി മാത്രമേ അന്നജം ഉപയോഗിക്കാന്‍ പാടുള്ളൂ.

കൊഴുപ്പ് കൂടിയ പദാര്‍ഥങ്ങള്‍ കഴിവതും കുറയ്ക്കേണ്ടതുണ്ട്. ഒരു ദിവസം ഒരു ടീസ്പൂണ്‍ (4 ഗ്രാം) ഉപ്പ് ഉപയോഗിക്കാം. ആഹാരപദാര്‍ഥങ്ങള്‍ ഉപ്പിടാതെ പാചകം ചെയ്ത് മേല്പറഞ്ഞ അളവില്‍മാത്രം ഉപയോഗിക്കുക. 

വൃക്കകളുടെ പ്രവര്‍ത്തനം കുറവാണെങ്കില്‍ മാംസ്യവും പൊട്ടാസ്യവും കൂടുതലുള്ള പദാര്‍ഥങ്ങള്‍ ഭക്ഷണത്തില്‍ കുറയ്ക്കേണ്ടതുണ്ട്. വൃക്കരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരം ഒരു ഡയറ്റീഷ്യന് ഭക്ഷണക്രമീകരണം എഴുതിത്തരാന്‍ സാധിക്കും.

ഈ രോഗാവസ്ഥമൂലം വൃക്കസ്തംഭനം ഉണ്ടായാല്‍ എന്താണ് പ്രതിവിധി?

ആദ്യകാലങ്ങളില്‍ മരുന്നുകൊണ്ടും ഭക്ഷണക്രമം പാലിച്ചും ചികിത്സിക്കാം. വൃക്കസ്തംഭനം അന്ത്യസ്ഥിതിയിലായാല്‍ രോഗിക്ക് ഡയാലിസിസ് ആവശ്യമായി വരുന്നു.

ഡയാലിസിസ് എന്നാല്‍ എന്താണ്?

ഡയാലിസിസ് എന്ന വാക്കിന്റെ അര്‍ത്ഥം നീക്കം ചെയ്യുക എന്നാണ്. ലളിതമായി പറഞ്ഞാല്‍ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഡയാലിസിസ്. രണ്ട് തരം ഡയാലിസിസ് ഉണ്ട്. ഹീമോഡയാലിസിസ്, പെരിടോണിയല്‍ ഡയാലിസിസ്

എന്താണ് ഹീമോഡയാലിസിസ് ?

മനുഷ്യരില്‍ ഹീമോഡയാലിസിസ് ചെയ്യുന്നതിന് പ്രത്യേകമായി ഉണ്ടാക്കിയ ഒരു യന്ത്രം വിജയകരമായി ഉപയോഗിച്ചത് 1945ലാണ്.  കൃത്രിമവൃക്ക ഉപയോഗിച്ച് രോഗിയുടെ ശരീരത്തിനുള്ളിലുള്ള മാലിന്യപദാര്‍ഥങ്ങളും അമിതജലവും പുറന്തള്ളുന്ന പ്രക്രിയയാണ് ഇത്. ശാസ്ത്രപുരോഗതിക്കനുസരിച്ച് ഈ യന്ത്രത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുകയുണ്ടായി. ഇന്ന് ലോകവ്യാപകമായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയാലിസിസ് നടത്തുന്നു. ഇന്ത്യയില്‍ ഹീമോഡയാലിസിസ് നടത്തിത്തുടങ്ങിയിട്ട് 40 വര്‍ഷത്തിലധികമായി. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

രോഗിയില്‍നിന്നും ഒരു സൂചി ഉപയോഗിച്ച് രക്തം ഒരു പമ്പിന്റെ സഹായത്തോടെ പുറത്തേയ്ക്കെടുത്ത് ഡയലൈസര്‍ (കൃത്രിമവൃക്ക) എന്നു വിളിക്കുന്ന ഒരു പ്രത്യേക അരിപ്പയിലൂടെ കടത്തിവിടുന്നു. ഡയലൈസറിലൂടെ കടന്നുപോകുന്ന രക്തം മാലിന്യങ്ങളില്‍നിന്നും അധിക ദ്രാവകങ്ങളില്‍നിന്നും മുക്തമാവുകയും ശുദ്ധമായ രക്തം തിരികെ രോഗിയുടെ ശരീരത്തിലേക്കുതന്നെ പ്രവേശിക്കുകയും ചെയ്യുന്നു.

പെരിടോണിയല്‍ ഡയാലിസിസ് എന്താണ്?

നമ്മുടെ ഉദരത്തിനകത്ത് കുടലുകളെ ആവരണം ചെയ്യുന്ന ഒരു നേര്‍ത്ത ചര്‍മ്മമാണ് പെരിടോണിയം. വയറിനുള്ളില്‍ കുടലുകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും ഇടയിലായിട്ടുള്ള സ്ഥലം പെരിടോണിയത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു.

ഡയാലിസിസിനുള്ള ദ്രാവകം പെരിടോണിയത്തിലെ ചെറിയ രക്തക്കുഴലുകളില്‍ നിന്ന് വെള്ളവും മാലിന്യങ്ങളും ഓസ്മോസിസ്, ഡിഫ്യൂഷന്‍ എന്നീ പ്രക്രിയകളിലൂടെ ശരീരത്തില്‍നിന്ന് പുറംതള്ളുന്നു.

ഡയാലിസിസിനുള്ള ദ്രാവകം ഒരു പ്ലാസ്റ്റിക് ട്യൂബ് വഴി പെരിടോണിയത്തിലേക്ക് കടത്തിവിടുന്നു. പെരിടോണിയത്തിലെ ചെറിയ രക്തക്കുഴലുകളില്‍നിന്ന് മാലിന്യങ്ങള്‍ പെരിടോണിയത്തിലെ കാവിറ്റിയിലുള്ള ദ്രാവകത്തിലേക്ക് വരുന്നു. കുറച്ചുസമയത്തിനുശേഷം ഈ ദ്രാവകം പുറത്തേക്ക് കളയുന്നു.

അങ്ങനെ ആ രോഗിയുടെ രക്തം മാലിന്യമുക്തമാകുന്നു. ഓസ്മോസിസ്, ഡിഫ്യൂഷന്‍ എന്നീ പ്രക്രിയയിലൂടെയാണ് ശരീരത്തിലെ അധികജലവും മലിനപദാര്‍ഥങ്ങളും പെരിടോണിയത്തിലെ രക്തക്കുഴലുകളില്‍ നിന്നും പെരിടോണിയത്തിലെ പാളി കടന്ന് ഡയാലിസിസ് ദ്രാവകത്തില്‍ എത്തുന്നത്.

വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുന്നത് ആര്‍ക്കാണ്?

സ്ഥായിയായ വൃക്കസ്തംഭനമുള്ള വ്യക്തികള്‍ക്കാണ് ഈ ശസ്ത്രക്രിയ ആവശ്യമായി വരുന്നത്. ശസ്ത്രക്രിയയും അനസ്തേഷ്യയും താങ്ങാന്‍ കെല്പുള്ളവര്‍ക്കാണ് ഈ ചികിത്സ നിര്‍ദേശിക്കപ്പെടുന്നത്.

വൃക്കകള്‍ ഒഴിച്ച് മറ്റ് അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ ചികിത്സാരീതി ഏറ്റവും ഗുണപ്രദം. 

വൃക്കരോഗം തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം?

താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ വൃക്കരോഗം തടയാനോ അതിന്റെ പുരോഗതി മന്ദഗതിയിലാക്കുവാനോ സാധ്യമാണ്. ആഹാരനിയന്ത്രണം പാലിക്കുക കൃത്യമായി വ്യായാമം ചെയ്യുക രക്തസമ്മര്‍ദം നിയന്ത്രിക്കുക രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക പുകവലി ഒഴിവാക്കുക അമിതവണ്ണം ഒഴിവാക്കുക രക്തത്തില്‍ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുക ഡോക്ടറുടെ നിര്‍ദേശം കൂടാതെ മരുന്നുകള്‍ കഴിക്കരുത്.

Content Highlight: Kidney Disease, Kidney Disease Symptoms