ഷാർജ: ജനങ്ങൾക്കിടയിൽ ആരോഗ്യത്തെക്കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കാനായതിന്റെ സംതൃപ്തിയിലാണ് കേരള ഹെൽത്ത് എക്സ്‌പോയിൽ പങ്കെടുത്ത ആരോഗ്യരംഗത്തെ വിദഗ്‌ധരും പവിലിയനുകൾ ഒരുക്കിയ സ്ഥാപനങ്ങളും. ആരോഗ്യരംഗത്തെ നൂതനചികിത്സാരീതികളും ജീവിതശൈലീരോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലുകൾക്കുമായാണ് മാതൃഭൂമി ഡോട്ട് കോം ഷാർജ എക്സ്‌പോ സെന്ററിൽ മേള ഒരുക്കിയത്. വെള്ളി, ശനി ദിവസങ്ങളിലായി ഷാർജ എക്സ്‌പോ സെന്ററിൽനടന്ന മേളയിൽ കേരളത്തിലെ പ്രമുഖരായ 10 വിദഗ്ധ ഡോക്ടർമാരാണ് പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. മേളയുടെ ഭാഗമായി അണിനിരന്ന സ്റ്റാളുകൾ രണ്ടുദിവസംകൊണ്ട് നൂറുകണക്കിന് ആളുകളാണ് സന്ദർശിച്ചത്. സ്വദേശികൾ ഉൾപ്പെടെ ധാരാളം മറുനാട്ടുകാരും സ്റ്റാളുകളിലെത്തി. രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും ചികിത്സാരീതികളും ചോദിച്ചറിയുന്നവരുടെ തിരക്കായിരുന്നു സന്ദർശകരിൽ ഭൂരിഭാഗത്തിനും. മിക്ക സ്റ്റാളുകളിലും അതാത് രോഗങ്ങളുടെ വിദഗ്ധർത്തന്നെ സംശയനിവാരണത്തിനായി ഉണ്ടായിരുന്നു. പ്രവാസികൾക്ക് ലഭിക്കുന്ന പ്രത്യേക ചികിത്സാ ആനുകൂല്യങ്ങൾ പരസ്യപ്പെടുത്തിയിരുന്നു. ഹ്രസ്വ അവധിയെടുത്ത് നാട്ടിൽ ചികിത്സയുമായി ബന്ധപ്പെട്ടെത്തുന്ന പ്രവാസികൾക്ക് വേഗത്തിൽ പരിശോധനയും അനുബന്ധസൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും അധികൃതർ സന്ദർശകരെ അറിയിച്ചു.

തിരുവല്ലയിലെ മികച്ച സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലൊന്നായ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ സ്റ്റാളിൽ രണ്ടുദിവസവും സന്ദർശകതിരക്കനുഭവപ്പെട്ടു. ആശുപത്രിയിലെത്തുന്ന പ്രവാസികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കൽ, ഒ.പി.യിലെത്തുന്ന രോഗികൾക്ക് പ്രത്യേകകിഴിവ്, അർബുദമടക്കമുള്ള അസുഖങ്ങൾക്കും വിദഗ്ധ ഡോക്ടർമാർ ചികിത്സ തുടങ്ങിയ കാര്യങ്ങൾ സ്റ്റാളിലെത്തിയ ആളുകളോട് വിശദീകരിച്ചു. മികച്ച ആയുർവേദചികിത്സയും ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ ചികിത്സ ലഭ്യമാക്കുകകൂടിയാണ് ആശുപത്രിയുടെ ലക്ഷ്യം. ജീവകാരുണ്യപ്രവർത്തനങ്ങളാണ് ബിലീവേഴ്‌സ് ചർച്ച് ഹോസ്പിറ്റൽ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന ആശുപത്രി സ്പെഷ്യൽ എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജിജു ജോസഫ് പറഞ്ഞു. മേളയിൽവെച്ച് നിരവധി പേർ ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ താത്‌പര്യം പ്രകടിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി കൂടുതൽ കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് എക്സ്‌പോയിലെ പ്രതികരണങ്ങൾ പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ചികിത്സാരീതികളുമായി 60 വർഷത്തെ പാരമ്പര്യമുള്ള പുഷ്പഗിരി മെഡിക്കൽ കോളേജ് സ്റ്റാളിലും ധാരാളം പേരെത്തി. കേരളത്തിലെ ആദ്യ സ്വാശ്രയ മെഡിക്കൽ കോളേജാണ് പുഷ്പഗിരി. ആശുപത്രിയിലെ ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ മേധാവി ഡോ. മഞ്ജു ജോർജ് ഇലഞ്ഞിക്കൽ, നെഫ്രോളജിസ്റ്റ് ഡോ. റീന തോമസ് എന്നിവർ സന്ദർശകരുടെ സംശയങ്ങൾ തീർക്കാൻ നേതൃത്വം കൊടുത്തു. കുട്ടികളുടെ അസുഖങ്ങൾ മാത്രമല്ല മറ്റനേകം അസുഖങ്ങളെക്കുറിച്ചുള്ള സംശയങ്ങളുമായി ആളുകൾ സ്റ്റാളിലെത്തി. ഇവരിൽ ഭൂരിഭാഗവും മലയാളി കുടുംബങ്ങളായിരുന്നു. ഫാമിലി പാക്കേജ് അടക്കമുള്ള ആകർഷക ചികിത്സാകിഴിവും സുരക്ഷാപദ്ധതികളും വിശദമാക്കികൊടുത്തു. സ്കീമിൽചേരുന്ന പ്രവാസികൾ മാത്രമല്ല അവരുടെ ബന്ധുക്കൾക്കും ചികിത്സാ സംബന്ധമായ ആനുകൂല്യങ്ങൾ പുഷ്പഗിരിയിൽ ലഭ്യമായിരിക്കും. പ്രവാസികൾക്ക് എക്സിക്യൂട്ടീവ് പരിശോധനയ്ക്ക് ചെലവാകുന്ന തുകയുടെ 50 ശതമാനം കിഴിവും അധികൃതർ പ്രഖ്യാപിച്ചു.

അർബുദരോഗത്തെ തടയാനായി ആധുനിക സാങ്കേതികരീതികൾ ഉപയോഗിച്ച് ചികിത്സനടത്തുന്ന കോഴിക്കോട്ടെ എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റാളിൽ നൂറുകണക്കിന് ആളുകൾ എത്തിയതായി ജീവനക്കാരിയായ കണ്ണൂർ സ്വദേശി ബിന്ദു പറഞ്ഞു. കാലിക്കറ്റ് സിറ്റി സർവീസ് ബാങ്കിന്റെ ‘മാസ് കെയർ കാൻസർ’പദ്ധതിയിലൂടെ എം.വി.ആർ. കാൻസർ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സാസഹായപദ്ധതി സന്ദർശകർക്കായി വിശദീകരിച്ചു. ദുബായ് ഗർഹൂദിൽ ആശുപത്രിയുടെ ക്ലിനിക്ക് പ്രവർത്തനമാരംഭിക്കുന്നതിന്റെ മുന്നോടിയായാണ് എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഷാർജ എക്സ്‌പോയിൽ പങ്കെടുത്തത്.

ആയുർവേദരംഗത്ത് 75 വർഷത്തെ പാരമ്പര്യമുള്ള കോയമ്പത്തൂർ ആര്യവൈദ്യഫാർമസി (എ.വി.പി.)യുടെ സ്റ്റാളിലും മികച്ച പ്രതികരണമായിരുന്നു. ആയുർവേദത്തിന്റെ പ്രസക്തി കടൽകടന്നും വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഷാർജ കേരള എക്സ്‌പോയിൽ പങ്കെടുത്തത്. സന്ദർശകർക്ക് ആയുർവേദ മരുന്നുകളെകുറിച്ചുള്ള അവബോധം വളർത്തുകയും പാർശ്വഫലങ്ങളില്ലാത്ത പരമ്പരാഗത ചികിത്സാരീതികളും അധികൃതർ വിശദമാക്കിക്കൊടുത്തു. മെഡിക്കൽടൂറിസം വർധിക്കുന്ന സാഹചര്യത്തിൽ എ.വി.പി.യുടെ പ്രസക്തി വർധിക്കുന്നതായും ജീവനക്കാർ പറഞ്ഞു.

ആയുർവേദത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനായി നൂറുകണക്കിനാളുകൾ ഷാർജ എക്സ്‌പോയിലെ ശാന്തിഗിരി സ്റ്റാളിൽ എത്തിയതായി ജീവനക്കാർ അറിയിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികൾക്കുള്ള സാമ്പത്തികപാക്കേജ് അവർ വിശദമാക്കി. മെഡിക്കൽടൂറിസവുമായി ബന്ധപ്പെട്ട് ഇമാറാത്തികളും മറ്റ് വിദേശികളും സ്റ്റാൾ സന്ദർശിച്ചത് പുതിയ അനുഭവമായെന്നും ജീവനക്കാർ പറഞ്ഞു.

മെഡ് സെവൻ ഹെൽത്ത് കെയർ, തിരുവല്ല ലൈഫ് ലൈൻ ഹോസ്പിറ്റൽ, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ തുടങ്ങിയ മുൻനിര ആശുപത്രിസ്റ്റാളുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. പ്രവാസികൾക്കായുള്ള നൂതന ചികിത്സാപദ്ധതികൾ കൂടാതെ മൊബൈൽ ആപ്പുകളും പരിചയപ്പെടുത്തി. മൊബൈൽ ആപ്പുകളിൽ പേര് രജിസ്റ്റർ ചെയ്യുന്നതോടെ ചികിത്സാപുരോഗതിയും പരിശോധനാഫലങ്ങളും അപ്പപ്പോൾ അറിയിക്കുന്ന രീതിയും സന്ദർശകരോട് വിശദീകരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചുള്ള സംശയങ്ങളായിരുന്നു ഭൂരിഭാഗവും ഉന്നയിച്ചത്. വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന അക്ബർ ട്രാവൽസും അൽഹിന്ദ് ട്രാവൽസും ഒരുക്കിയ സ്റ്റാളുകളിലും യാത്രാപാക്കേജുകൾക്കായി ആളുകളെത്തി. ആഭ്യന്തര, വിദേശ ടൂറിസം പദ്ധതികൾ പരമാവധി ജനങ്ങളിലെത്തിക്കാൻ ഹെൽത്ത് എക്സ്‌പോ വഴി സാധിച്ചെന്ന് ജീവനക്കാർ പറഞ്ഞു.

Content Highlights : kerala health expo sharjah