ഷാർജ: മോശം ആഹാരവും ക്രമമില്ലാത്ത ഭക്ഷണവുമാണ് ആരോഗ്യം മോശമാവാനുള്ള പ്രധാനകാരണമെന്ന് പ്രശസ്ത ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞു. മദ്യപാനം, പുകവലി എന്നിവ കരളിനെയെന്നപോലെ ഉദരത്തെയും സാരമായി ബാധിക്കും. മാനസിക സമ്മർദം ഉദരരോഗങ്ങൾക്കുള്ള പ്രധാനകാരണമാണ്. എന്ത്‌ കഴിക്കുന്നുവെന്നതുപോലെത്തന്നെ പ്രധാനമാണ് അവ എപ്പോൾ എങ്ങനെ കഴിക്കുന്നുവെന്നതും. മാനസികസമ്മർദവും ഉദരരോഗങ്ങളും ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്ന് ഇപ്പോൾ വ്യാപകമായിട്ടുണ്ട്. ഉദരരോഗങ്ങളുള്ളവർ പലർക്കും ഇപ്പോൾ മാനസികസമ്മർദവും ഏകാന്തതയും അകറ്റാനുള്ള മരുന്നുകൾ നൽകുന്നത് പതിവായിട്ടുണ്ടെന്നും കേരള ഹെൽത്ത് എക്സ്‌പോയിൽ നടത്തിയ പ്രഭാഷണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതുരോഗവും ലക്ഷണം കാണുമ്പോൾതന്നെ പ്രതിവിധി തേടുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ശാസ്ത്രം അതിവേഗം പുരോഗമിച്ച ഈ കാലത്ത് വയറിനകത്തെ മിക്കകാര്യങ്ങളും മനസ്സിലാക്കാൻ അത്യാധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ ഡോക്ടർക്ക് കഴിയുന്നുണ്ട്. ഗുളികരൂപത്തിൽ ക്യാമറ വയറിലേക്ക് അയച്ച് രോഗാവസ്ഥ മനസ്സിലാക്കാനും ഇപ്പോൾ സാധ്യമാണ്. അതുകൊണ്ടുതന്നെ എത്രയുംപെട്ടെന്ന് ചികിത്സ തേടുകയാണ് രോഗത്തെ അകറ്റാനുള്ള വഴിയെന്നും ഡോ. ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞു.

Content Highlights: kerala health expo sharjah