ഷാർജ: ഹൃദയാഘാതം വന്നയാൾ ജീവിതത്തിൽ നിരാശനായി തകർന്നുപോകേണ്ട കാര്യമില്ലെന്നും അത് ജീവിതത്തിന്റെ ഭാഗമായിക്കണ്ട് കൂടുതൽ കരുത്തോടെ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. എസ്. അബ്ദുൽ ഖാദർ പറഞ്ഞു. കേരള ഹെൽത്ത് എക്സ്‌പോയിൽ പ്രബന്ധം അവതരിപ്പിക്കുകയിരുന്നു അദ്ദേഹം. അത്യാകാംക്ഷ, അകാരണഭയം, വിഭ്രാന്തി, അവഗണന, അമിതവിശ്വാസം തുടങ്ങിയവയെല്ലാം ഹൃദയാഘാതത്തിനുശേഷം ഒരു മനുഷ്യനെ ബാധിക്കുന്ന മാനസ്സിക പ്രശ്നങ്ങളാണ്.
 

ഹൃദ്രോഗ സാധ്യത കൂടുതലായുള്ള ആളുകൾ മുൻകരുതലെടുക്കുകയും പ്രമേഹവും രക്ത സമ്മർദവും നിയന്ത്രണവിധേയമാക്കുകയുമാണ് ആദ്യം ചെയ്യേണ്ടതെന്നും ഡോ. അബ്ദുൽഖാദർ ഓർമിപ്പിച്ചു. ശരീരഭാരം കൂടിയവർക്കുമാത്രമല്ല കുറഞ്ഞവർക്കും ഹൃദയാഘാതം സംഭവിക്കാൻ സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം കുറയ്ക്കാനായി യോഗ, ധ്യാനം, വായന, കാർഷികപ്രവർത്തനം, പൂന്തോട്ട പരിചരണം, കൗൺസലിങ് എന്നിവയിൽ ഏർപ്പെടാവുന്നതാണ്. കുടുംബസമേതം ഡോക്ടറെ കാണുക, ജീവിതപങ്കാളിക്ക് ധൈര്യം പകരുക തുടങ്ങിയ കാര്യങ്ങളും ഹൃദയാഘാതത്തിനുശേഷം മനസുഖം സാധ്യമാക്കുന്നതാണെന്ന് ഡോ. എസ്. അബ്ദുൽഖാദർ ചൂണ്ടിക്കാട്ടി.

Content Highlights: kerala health expo sharjah