ഷാർജ: മനുഷ്യശരീരം പ്രകടിപ്പിക്കുന്ന അസ്വാഭാവികമായ ലക്ഷണങ്ങൾ മറ്റേതെങ്കിലും രോഗത്തിന്റെ ലക്ഷണങ്ങളായിരിക്കുമെന്ന തിരിച്ചറിവ് ഉണ്ടായിരിക്കണമെന്ന് കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി ഗവേഷണ വിഭാഗം മേധാവി ഡോ. സോമിത് കുമാർ കേരള ഹെൽത്ത് എക്സ്‌പോയിൽ പറഞ്ഞു. ഭക്ഷണം കഴിച്ചതിനുശേഷം ആവശ്യമായ ദഹനംകിട്ടാതിരിക്കൽ, വയറു സ്തംഭിക്കൽ, കൃത്യമായ ശോധനയില്ലാതിരിക്കൽ തുടങ്ങിയ ശാരീരിക പ്രശ്നങ്ങളെല്ലാം വിവിധതരം രോഗലക്ഷണങ്ങളാണ്.

കൃത്യമായ ചികിത്സ പരമാവധി നേരത്തേ തേടുകയാണ് രോഗവിമുക്തിക്കുള്ള ഏക പോംവഴിയെന്നും ഡോ. സോമിത് കുമാർ ഓർമിപ്പിച്ചു. ആധുനിക ജീവിതത്തിൽ ചിട്ടയായ ജീവിതക്രമം ഇല്ലാത്തതാണ് രോഗങ്ങളുടെ പ്രധാന കാരണം, ആയുസ്സ് നീട്ടികിട്ടണമെങ്കിൽ ജീവിച്ചിരിക്കുമ്പോൾ പാലിക്കുകയെന്ന കാര്യം നിർബന്ധമാണ്. സ്വന്തം ആരോഗ്യം നിലനിർത്തിയാലേ മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. ഭക്ഷണ ക്രമീകരണംപോലെ പ്രധാനമാണ് ശരിയായ ഉറക്കവും. ഉറക്കം കുറയുമ്പോൾ ഒരു മനുഷ്യൻ രോഗാതുരനായികൊണ്ടിരിക്കുകയാണെന്നും ഡോ. സോമിത് കുമാർ അഭിപ്രായപ്പെട്ടു.

Content Highlights: kerala health expo sharjah