ഷാർജ: ജീവിതത്തിൽ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പ്രസവിക്കാമെന്ന ചിന്തയാണ് വന്ധ്യത ഉണ്ടാവാനുള്ള ഒരു പ്രധാന കാരണമെന്ന് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോ. സിറിയക് പാപ്പച്ചൻ പറഞ്ഞു. ഷാർജയിൽ മാതൃഭൂമി ഡോട്ട് കോം ഒരുക്കിയ കേരള ഹെൽത്ത് എക്‌സ്പോയിൽ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾക്കിടയിൽ വന്ധ്യത വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ അനിവാര്യമാണ്.

അമിതമായ മാനസ്സിക സമ്മർദം, ആരോഗ്യക്ഷമതയില്ലായ്മ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഘടകങ്ങളെല്ലാം വന്ധ്യതയ്ക്ക് കാരണമാകുമ്പോൾ അതിനെ അതിജീവിച്ചുകൊണ്ട് വിജയംനേടാനുള്ള അതിജീവനശക്തിയാണ് വേണ്ടതെന്നും ഡോ. പാപ്പച്ചൻ ഓർമിപ്പിച്ചു. അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ ബീജാണുക്കൾ കുറയാനോ അവയ്ക്ക് കാര്യക്ഷമത ഇല്ലാതാവാനോ കാരണമാകും. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം വന്ധ്യതാ നിവാരണത്തിനുള്ള നൂതന ചികിത്സാമാർഗങ്ങളും അവലംബിക്കാവുന്നതാണെന്നും ഡോ. സിറിയക് പാപ്പച്ചൻ പറഞ്ഞു.

Content Highlights: kerala health expo sharjah