ഷാർജ: പുതിയകാലത്ത് ലോകം അഭിമുഖീകരിക്കുന്ന വിവിധതരം രോഗങ്ങളെ കുറിച്ചുള്ള അറിവുകൾ പകർന്നും ജീവിതശൈലിയിലുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ പങ്കുവെച്ചും മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ ഒരുക്കിയ കേരള ഹെൽത്ത് എക്സ്‌പോവിന് സമാപനം.

ഷാർജ എക്സ്‌പോ സെന്ററിൽ വെള്ളി, ശനി ദിവസങ്ങളിലായി നടത്തിയ പ്രദർശനം കാണാനും സെമിനാറുകളിലെ ഡോക്ടർമാരുടെ പ്രഭാഷണങ്ങൾ കേൾക്കാനും രണ്ടുദിവസവും വലിയ ജനാവലിയാണ് എത്തിയത്. രോഗത്തെക്കുറിച്ചുള്ള അനുഭവസാക്ഷ്യങ്ങൾ, സംശയങ്ങൾ, ആശങ്കകൾ, പുത്തൻ ആഹാരരീതികളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾ എന്നിങ്ങനെ സെമിനാർ സെഷനുകളെല്ലാം പങ്കെടുത്തുവരുടെ സജീവസാന്നിധ്യംകൊണ്ടും ചോദ്യങ്ങളുടെ ഗൗരവം കൊണ്ടുമാണ് ശ്രദ്ധേയമായത്. വെള്ളിയാഴ്ച കാലത്ത് പതിനൊന്ന് മണിയോടെ ആരംഭിച്ച പ്രദർശനം ശനിയാഴ്ച രാത്രിയാണ് സമാപിച്ചത്. കേരളത്തിലെ മികച്ച ആതുരാലയങ്ങളെ പ്രവാസികൾക്ക് പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് കൂടിയായിരുന്നു പ്രദർശനം.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ.ഫിലിപ്പ് അഗസ്റ്റിൻ, ഗൈനക്കോളജിസ്റ്റ് ഡോ. സിറിയക് പാപ്പച്ചൻ, ആയുർവേദ ചികിത്സാവിധികളെക്കുറിച്ച് ഡോ. സോമിത് കുമാർ, ശിശുരോഗ വിദഗ്ധൻ ഡോ. മാധവ വിജയകുമാർ, കാർഡിയോളജിസ്റ്റ് ഡോ. എസ്. അബ്ദുൾ ഖാദർ, യൂറോളജിസ്റ്റ് ഡോ. ജോർജ് പി.അബ്രഹാം എന്നിവരാണ് സംസാരിച്ചത്. അർബുദചികിത്സാരംഗത്തെ പ്രശസ്തരായ ഡോ. വി.പി.ഗംഗാധരൻ, ഡോ. ഷോൺ ടി. ജോസഫ്, കേരളത്തിലെ ആദ്യത്തെ ഇന്റർവെൻഷനൽ ന്യൂറോളജിസ്റ്റ് ഡോ. ജിജി കുരുട്ടുകുളം, മുതിർന്ന നെഫ്രോളജിസ്റ്റ് ഡോ. ജോർജി കെ.നൈനാൻ എന്നിവരാണ് വെള്ളിയാഴ്ച സെമിനാറുകൾ നയിച്ചത്. കുട്ടികളിലെ സ്വഭാവവൈകല്യങ്ങളെക്കുറിച്ച് പുഷ്പഗിരി പ്രതീക്ഷാ ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ മേധാവി ഡോ. മഞ്ജു ഇലഞ്ഞിക്കലും ക്ലാസെടുത്തു.

ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, എം.വി.ആർ. കാൻസർ സെന്റർ ആൻഡ്‌ റിസർച്ച് സെന്റർ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി, ശിന്തിഗിരി, മെഡ് 7, ആസ്റ്റർ ഹോസ്പിറ്റൽ, ലൈഫ് ലൈൻ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, ഡോ. ശ്യാംസ് ആയുർവേദ സെന്റർ എന്നിവയ്ക്കൊപ്പം അക്ബർ ട്രാവൽസ്, അൽഹിന്ദ് ട്രാവൽസ്, ആദാമിന്റെ ചായക്കട എന്നിവയും പവലിയനുകളുമായി മേളയിൽ പങ്കെടുത്തു.

Content Highlights: kerala health expo