കുടുംബജീവിതം കരുപ്പിടിച്ചു കൊണ്ടുവരുന്ന ഒരു വ്യക്തിയുടെ ചെറുപ്രായത്തിലുണ്ടാകുന്ന ഹൃദ്‌രോഗം അയാളുടെ പ്രതീക്ഷകള്‍ എല്ലാം തകര്‍ത്തു എന്നു തോന്നാം . പക്ഷെ ഒരുപാട് പേരുടെ ജീവിതം നമുക്ക് നല്‍കുന്ന പാഠങ്ങളും ഉള്‍ക്കാഴ്ചകളും വളരെ വ്യത്യസ്തങ്ങളാണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഞാന്‍ ഇനി പറയാന്‍ പോവുന്നത്.

എണ്‍പതുകളുടെ അവസാനം കോട്ടയം മെഡിക്കല്‍കോളേജിലെ കാര്‍ഡിയോളജി  ഐസിയു ഡ്യൂട്ടിക്കിടെ നടന്ന വ്യത്യസ്തമായ ഒരനുഭവം. ഇടുക്കി എസ്.പി ഹൃദയാഘാതത്തെ തുടര്‍ന്ന് വരുന്നു എന്ന മുന്നറിയിപ്പ് ലഭിച്ചു. ഐസിയു ഡ്യൂട്ടിയിലുണ്ടായിരുന്ന ഞങ്ങള്‍ ബെഡ് ഒരുക്കി കാത്തിരുന്നു. ഇരുപത്തെട്ട് വയസ്സ് കഴിഞ്ഞ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ട്രോളിയില്‍ എത്തിയപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടി. 

അദ്ദേഹം  നല്ലതുപോലെ പുകവലിച്ചിരുന്നു എന്ന ഒരു അപാകത മാത്രമാണ് രോഗവിവരം അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കാന്‍ ആയത്. ഹൃദയാഘാത ചികില്‍സക്കായി നല്‍കിയ മരുന്നുകളോട് നല്ലതുപോലെ അദ്ദേഹത്തിന്റെ ശരീരം പ്രതികരിച്ചു. പെട്ടെന്ന് തന്നെ വേദന അപ്രത്യക്ഷമായി. സെഡേറ്റീവ് ഗുളികകളുടെ സഹായം കൊണ്ട് തുടര്‍ന്ന് ശാന്തമായി ഉറങ്ങി. അന്ന് രക്തക്കട്ട അലയിക്കുന്ന മരുന്നോ ആന്‍ജിയോപ്ലാസ്റ്റിയോ ഒന്നും ഹൃദയാഘാത ചികിത്സയക്ക് നിലവില്‍ ഇല്ലാത്തസമയമായിരുന്നു. സഹായത്തിന് പോലീസുകാര്‍ മാത്രം.

പിറ്റേന്ന് വൈകുന്നേരം തുളസി കതിര്‍ പോലെ കൃശഗാത്രയായ ഒരു യുവതി ഒരു പോലീസ്‌കാരനോടൊപ്പം വിവരം അന്വേഷിച്ചെത്തി. പോകാന്‍ നേരം രോഗിയെ കാണാന്‍ കഴിയുമോയെന്ന് ആരാഞ്ഞു.. അഞ്ചുമിനിറ്റ് മാത്രമേ അവര്‍ രോഗിയുടെ സമീപം ചെലവഴിച്ചുള്ളൂ. ഒന്നും പരസ്പരം സംസാരിച്ചു കേട്ടില്ല. പുറത്തിറങ്ങുമ്പോള്‍ അവരുടെ കണ്‍കോണുകള്‍ നിറഞ്ഞിരുന്നു. പിന്നീട് പോലീസുകാര്‍ പറഞ്ഞാണ് അത് സബ്കലക്ടര്‍ നളിനിയാണെന്ന് അറിഞ്ഞത്. ഇടുക്കി എസ്പി ഡെസ്മെണ്ട് നെറ്റോയുടെ പ്രണയിനി 

ഹൃദയാഘാതത്തിന് അവരുടെ പ്രണയപാന്ഥാവില്‍ തടസ്സം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഡെസ്‌മെന്‍ഡ് നെറ്റോ ഡി ജി പി ആയി വിരമിച്ചു. നളിനി നെറ്റോ ചീഫ് സെക്രട്ടറി പദവിയില്‍ എത്തി. അവര്‍ എന്നെ ഒരിക്കലും ഓര്‍ക്കുന്നു പോലും ഉണ്ടാവില്ല. ഞാന്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ആയിരുന്നു അന്ന്. അതുകഴിഞ്ഞ് ഒരിക്കല്‍ പോലും അവര്‍  കോട്ടയത്ത് ആശുപത്രിയില്‍ വന്നിട്ടില്ല.

പക്ഷെ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള അവരുടെ വിവാഹവും ജീവിതവും എനിക്ക് വലിയ ഒരു അനുഭവപാഠം നല്‍കി. ചെറുപ്പക്കാരായ ഹൃദയാഘാതം കഴിഞ്ഞ എന്റെ രോഗികളോടെല്ലാം ഞാന്‍ ഡെസ്‌മെന്‍ഡ് നളിനി നെറ്റോ ദമ്പതികളുടെ ചരിത്രം വിവരിക്കും. അതു കേള്‍ക്കുമ്പോള്‍ എന്റെ മുന്നിലെ പല കണ്ണുകളിലും നക്ഷത്രം പ്രകാശിക്കുന്നത് കാണാം. പല ഭാര്യമാരും തങ്ങളുടെ പ്രിയതമന്റെ കൈകള്‍ ആശ്വാസത്തോടെ ഞെരിക്കുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ നെറ്റോ ദമ്പതികള്‍ക്ക് മനസ്സില്‍ പ്രണാമം നേരും .

അക്കാലത്ത് ചെറുപ്പക്കാരായ നാല്‍പ്പത് വയസ്സില്‍ താഴെ പ്രായമുള്ള  ഹൃദയാഘാതം വന്ന രോഗികളില്‍ നടത്തിയ പഠനങ്ങളില്‍ നിന്ന് മനസ്സിലാക്കിയ ഒരു കാര്യം ഇവരില്‍ ഭൂരിപക്ഷവും കഠിനമായ പുകവലിക്കാര്‍ ആയിരുന്നു എന്നുള്ളതാണ്. അറുപതു ശതമാനം പേരും ഒരു ദിവസം ഇരുപതില്‍ കൂടുതല്‍ ബീഡി വലിക്കുന്നവര്‍ ആയിരുന്നു. കൃശഗാത്രരും അല്ലെങ്കില്‍ കായികാധ്വാനം ചെയ്യുന്ന സാധാരണ കൂലിപ്പണിക്കാരും ആയിരുന്ന ഇവര്‍ക്ക് രക്തത്തില്‍ കൊഴുപ്പ് വളരെ താഴ്ന്ന അളവില്‍ ആയിരുന്നു. 

ട്രെഡ്മില്‍ ഇ.സി. ജി. ടെസ്റ്റ് ചെയ്തപ്പോള്‍ മിക്കവാറും എല്ലാവരുടെയും കായികക്ഷമത  വളരെ കൂടുതലും ടെസ്റ്റ് നെഗറ്റീവും ആയിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. ഡെസ്മെണ്ട് നെറ്റോയെപ്പോലെ കൃത്യമായി ചികിത്സ തേടിയവരും തുടര്‍ ചികിത്സയില്‍ ശ്രദ്ധിച്ചവര്‍ക്കും നല്ല ഫലം ലഭിച്ചു. യഥാസമയം ചികിത്സ ലഭിക്കാത്തവരും തുടര്‍ചികിത്സ കൃത്യതയോടെ ചെയ്യാത്തവര്‍ക്കുമാണ് പില്‍ക്കാലത്ത് പ്രശ്‌നങ്ങള്‍ നേരിട്ടതെന്നാണ് ഇവരെ നിരീക്ഷണം നടത്തിയതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ചെറുപ്രായത്തില്‍ ഹൃദയാഘാതം വളരെ അസാധാരണമായി കണ്ടുവരുന്ന സാഹചര്യങ്ങള്‍ ഉണ്ട്. ഗര്‍ഭ കാലഘട്ടത്തില്‍ ഇത്തരത്തില്‍ ഹൃദയാഘാതം വന്നവരുണ്ട്. വളരെ സൂക്ഷമതയോടെ ചികിത്സ നല്‍കേണ്ട സമയമാണത്. മാതാവിനെയും കുട്ടിയെയും ചികിത്സയില്‍ കരുതലോടെ ശ്രദ്ധിക്കണം. വളരെ ചെറിയ കുട്ടികളില്‍ ഹൃദയാഘാതം ഉണ്ടാകുന്ന ഒരു കാരണമാണ് അല്‍കാപ്പ ( Abnormal origin of left coronary artery from pulmonary artery ). ഇടതുവശത്തെ ഹൃദയ രക്ത ധമനി മഹാധമനി (Aorta)യില്‍ നിന്ന് തുടങ്ങുന്നതിന് പകരം അശുദ്ധ രക്തവാഹിനിയായ ശ്വാസകോശ അശുദ്ധ രക്തധമനി (Pulmonary Artery)യില്‍ നിന്നും സ്ഥാനം തെറ്റി ഇറങ്ങും. ഇതുമൂലം ഇടത് ഹൃദയ രക്തധമനിയില്‍ കൂടെ ശുദ്ധരക്തത്തിന് പകരം അശുദ്ധ രക്തമാണ് ഒഴുകി ഹൃദയത്തിലെ പേശികളില്‍ എത്തുന്നത്. ഇതിനാല്‍ ദേഹം ആയാസപ്പെടുമ്പോള്‍ കുട്ടികളില്‍ നെഞ്ചുവേദനയോ ഹൃദയാഘാതമോ ഉണ്ടാവാം  

ജനിതകമായ കാരണത്താല്‍  രക്തത്തില്‍ കൊഴുപ്പ് അധികരിക്കുമ്പോഴും(Familiyal hyperlipidaemia ) ജന്മനാ ഹൃദയ രക്തധമനികള്‍ ക്കുണ്ടാകുന്ന വൈകല്യങ്ങള്‍ മൂലവും(coronary ectasia , coronary atresia , coronary dysection, coronary bridge , coronary osteal narrowing )ചെറുപ്പക്കാരില്‍ ഹൃദയാഘാതം ഉണ്ടാവാം. പുകവലിക്കാരില്‍  കൊഴുപ്പ് അടിഞ്ഞു രക്തധമനിയില്‍ തടസ്സം ഇല്ലെങ്കില്‍ പോലും കൊറോണറി സ്പാസം (coronary spasam) ഉണ്ടായി മുപ്പത് മിനിറ്റില്‍ ഏറെ തുടര്‍ന്നാല്‍ ഹൃദയാഘാതത്തിന് കാരണമാകും. പുകവലി മൂലം രക്തത്തില്‍ കാര്‍ബണ്‍ മോണോ ഓക്സയിഡ്, നിക്കോട്ടിന്‍ എന്നിവ അധികരിക്കുമ്പോഴാണ് കൊറോണറി സ്പാസം ഉണ്ടാവുന്നത്. സ്പാസം ഉണ്ടാകുന്ന ധമനി ഒട്ടിപ്പിടിക്കും.  

പൂന്തോട്ടത്തില്‍ വെള്ളം ഒഴിക്കുന്ന പ്ലാസ്റ്റിക്  ട്യൂബ് ഒട്ടിപ്പിടിക്കറില്ലേ അതുപോലെയാണ് കൊറോണറി ധമനി സ്പാസം മൂലം ഒട്ടിപ്പിടിക്കുന്നത്. അമിതമായി പുകവലിക്കുന്ന അവരില്‍ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ പ്രധാനകാരണം ഇതാണ്. അതിനാല്‍ കൊറോണറി ആന്‍ജിഒഗ്രാഫി ചെയ്യുമ്പോള്‍ ഇവരുടെ ഹൃദയ രക്തധമനികളില്‍ ബ്ലോക്ക് ഒന്നും കാണാന്‍ ആവില്ല. അതിനാല്‍ പുകവലിക്കുന്ന എല്ലാവരും ഇതോടു കൂടി പുകവലി ഉപേക്ഷിക്കണം.

Content Highlights: Heart attack in young people, Heart attack symptoms, Heart Attack Causes