നൂറുകണക്കിന് പുതുവത്സരാശംസകള്‍ 2018ല്‍. അതില്‍ പലരും പ്രത്യേകം ആശംസിച്ചിരുന്നത് ആരോഗ്യസമ്പൂര്‍ണമായ ഒരു 2018ഉം ഒരു ആയുരാരോഗ്യ സമ്പൂര്‍ണമായ പുതുവര്‍ഷവുമാണ്. 2017ല്‍ എനിക്ക് സംഭവിച്ച ഹൃദയാഘാതവും അതുമായി ബന്ധപ്പെട്ട ചികിത്സയുമായിരിക്കാം അതിനുള്ള പ്രചോദനവും.

2018ല്‍ രണ്ടുമാസം പിന്നിടുമ്പോള്‍ ഒരു ശനിദശ എന്നെ പിന്തുടരുന്നുണ്ടോയെന്ന് സംശയം. ജനുവരി എനിക്ക് സമ്മാനിച്ചത് ഹെര്‍പ്പിസ് സോസ്റ്റര്‍ (ചിക്കന്‍ പോക്‌സിന്റെ ഒരു വക ഭേദവും) മൂത്രപ്പഴുപ്പുമായിരുന്നെങ്കില്‍ ഫെബ്രുവരി സമ്മാനിച്ചത് അക്യൂട്ട് ഗ്യാസ്‌ട്രോ എന്റൈറ്റിസ് എന്ന (പനിയും വയറിളക്കവും) ഉദരരോഗവുമാണ്. പക്ഷെ ഹെര്‍പ്പിസ് സോസ്റ്റര്‍ ഒഴികെ ബാക്കി എല്ലാം നിസ്സാരമായിരുന്നു. ചെറിയ അസുഖങ്ങള്‍, പലപ്പോഴും വന്നുപോകുന്ന അസുഖങ്ങള്‍.

പക്ഷെ ഹെര്‍പ്പിസ് സോസ്റ്റര്‍ കഴിഞ്ഞ നാല് ആഴ്ചയായി എന്റെ ഉറക്കം കെടുത്തുന്ന അസുഖമായി മാറിക്കഴിഞ്ഞു. Post Herpatic Neuralgia. കേള്‍ക്കാന്‍ സുഖമുള്ള വാക്കാണ്. എം.ബി.ബി.എസ്. പരീക്ഷയ്ക്ക് അതിനെക്കുറിച്ച് നന്നായി ഒരു ഉത്തരം എഴുതിയതും കൃത്യമായി ഓര്‍ക്കുന്നു. രാത്രികള്‍ പകലുകളാക്കി മാറ്റുന്ന ഒരസുഖമാണിതെന്ന് സ്വയം അനുഭവിച്ചറിഞ്ഞപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. ഒന്നുറങ്ങിത്തുടങ്ങുമ്പോള്‍ പെട്ടെന്ന് ഞെട്ടിയുണരും. വേദനകൊണ്ടല്ല. പത്തു നൂറു പുഴുക്കള്‍ തൊലിപ്പുറത്തുകൂടി ഇഴഞ്ഞുനീങ്ങുന്ന ഒരസ്വസ്ഥത. ചൊറിയാന്‍ സാധിക്കില്ല. തൊലിപ്പുറത്ത് തൊട്ടാല്‍ തീപ്പൊള്ളലേറ്റ സ്ഥലത്ത് തൊടുന്ന അനുഭവം. എന്തിന്, ഫാനിന്റെ കാറ്റ് മതി വേദന തുടങ്ങാന്‍. പെട്ടെന്ന് ആ അസ്വസ്ഥത മാറി ശക്തിയായ ഒരു വേദന. വൈദ്യുതി ആഘാതം ഏറ്റ പോലത്തെ ഒരനുഭവം. ഒരു മിനിറ്റില്‍ താഴെ മാത്രം. അത് മാറി വരുമ്പോള്‍ പെട്ടെന്ന് ആ ഭാഗത്ത് മാത്രം ഉയര്‍ന്നു വരുന്ന ഒരു ചൂട്. പിറകെ ചൊറിച്ചിലും. ഇത് മാറിമാറി ഇടതടവില്ലാതെ വന്ന് കൊണ്ടേയിരിക്കും. രാത്രി 1 മണി, 3 മണി, 5മണി ക്ലോക്കില്‍ കണ്ണോടിച്ച് കിടക്കും. കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭാര്യയെ കാണുമ്പോള്‍ അസൂയ തോന്നും. തോന്നാന്‍ പാടില്ലെന്നുള്ളത് ശരിതന്നെ. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ എന്ന് നീട്ടിച്ചിന്തിക്കും.

ഏറ്റവും രസകരവും അത്ഭുതവുമായി തോന്നുന്നത് പകല്‍ സമയം ജോലിയില്‍ വ്യാപൃതനാകുമ്പോള്‍ ഇതെല്ലാം എങ്ങോ പോയ് മറയുന്നു എന്നതാണ്. അല്ലെങ്കില്‍ ഞാന്‍ ഇതിനെ അവഗണിക്കാന്‍ പഠിക്കുന്നു എന്ന സത്യം തന്നെയാണ്. മറ്റൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍ എന്റെ രോഗികള്‍ അവരറിയാതെ അവരുടെ ഡോക്ടറുടെ ചികിത്സയിലെ മരുന്നുകളായി മാറുന്നു. അതൊരു സത്യം തന്നെയാണ്. അവരുടെ സാമീപ്യവും അവരുടെ വേദനകളും എന്റെ വേദനകളെ വേദനകളല്ലാതാക്കി മാറ്റുന്നു. ഒരായിരം നന്ദി. ആരോടെന്നറിയില്ല.

ഇവിടെയാണ് എന്നെ സ്‌നേഹിക്കുന്നവര്‍ അവരുടെ ഉപദേശങ്ങള്‍, എന്നെ താഴെത്തട്ടിലേക്ക് പിടിച്ചുവലിക്കുന്നത്. വിശ്രമിക്കണം. വിശ്രമിക്കാത്തതാണ് ഇതിനെല്ലാം കാരണം. യാത്രകള്‍ കുറയ്ക്കണം. കൃത്യസമയത്ത് ആഹാരവും ഉറക്കവും വേണം. ഇതൊന്നുമില്ലാത്തതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. രാത്രി 8.45 മണി തെറ്റിച്ച് ആഹാരം കഴിക്കുമ്പോള്‍ ഇത് സംഭവിക്കും. തൃശ്ശൂരിനപ്പുറം ഇനി യാത്ര വേണ്ട. ലീവെടുത്ത് മൂന്നാല് മാസം മാനസികോല്ലാസത്തിനായി ഇവിടം വിടുക. ഭാര്യ മുതല്‍ സുഹൃത്തുക്കള്‍ വരെ നീണ്ട നിരയുടെ ഉപദേശം. സാറ് ഒരു 3 മാസം എല്ലാ പരിപാടിയും കാന്‍സല്‍ ചെയ്ത് വീട്ടിലിരിക്ക്. ഡ്രൈവര്‍ ജഫ്‌റി മറ്റുള്ളവര്‍ക്ക് വേണ്ടി പറഞ്ഞതാണ്. ഇവര്‍ക്കാര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കാതെ പോയ സത്യം. എന്റെ ഇച്ഛാശക്തിയും ആത്മവിശ്വാസവും മനസ്സംതൃപ്തിയും എല്ലാം ഞാന്‍ ജീവിക്കുന്ന ഈ ജീവിതത്തില്‍ അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. ഇതില്‍ നിന്ന് മാറിയാല്‍ ഒരു പക്ഷേ ഡോ. ഗംഗാധരന്‍ ഉണ്ടാകും. പക്ഷെ ഈ ഗംഗ ഉണ്ടാകില്ല. ഗംഗമ്മാമന്‍ ഉണ്ടാകില്ല. ഗംഗച്ചിറ്റപ്പന്‍ ഉണ്ടാകില്ല.. എന്തിന് ഗംഗ എന്ന അച്ഛനുണ്ടാകില്ല.

ഞാന്‍ എന്റെ അച്ഛനോട് ചെയ്ത ഏറ്റവും വലിയ തെറ്റും അതായിരുന്നു. സ്വന്തം ബിസിനസ്സില്‍ ആസ്വദിച്ച് ജോലി ചെയ്തിരുന്ന അച്ഛനെ ചെറിയ ദേഹാസ്വാസ്ഥ്യങ്ങളുടെ പേരില്‍ അതില്‍നിന്ന് മാറ്റിനിര്‍ത്തി. തുടര്‍ന്ന് ബിസിനസ് നടത്താന്‍ മണിച്ചേട്ടനെ ഏല്‍പിച്ചു.എന്തു ചെയ്യണം എവിടെപ്പോകണം എന്ന് അറിയാതെ പെട്ടെന്ന് മുരടിച്ചുപോയി അച്ഛന്‍. അച്ഛന്‍ പെട്ടെന്ന് വൃദ്ധനായി. ആ തെറ്റ് ഞാന്‍ ഇന്ന് തിരിച്ചറിയുന്നു. ആവര്‍ത്തിക്കപ്പെടാനാഗ്രഹിക്കുന്നില്ല.

ഇത്രയും ഞാന്‍ പറഞ്ഞു. നിര്‍ത്തിയപ്പോള്‍ എന്റെ മകന്‍ പറഞ്ഞു. അച്ഛന്‍ ഒരു മാറ്റവും ഇനി വരുത്തേണ്ട അച്ഛന്‍ ഇതുവരെ വരുത്തിയ മാറ്റങ്ങള്‍ തന്നെ ധാരാളം മതി. ഈ വര്‍ഷം നടന്ന കാര്യങ്ങള്‍ക്കൊന്നും അച്ഛന്റെ ജീവിതരീതിയുമായി യാതൊരു ബന്ധവുമില്ല. അച്ഛനിഷ്ടപ്പെടുന്ന, 'ആസ്വദിക്കുന്ന ജീവിത ശൈലിയുമായി മുന്നോട്ടുപോകുക'. എന്നെ സ്‌നേഹിക്കുന്നവരോട് ഈ ഉപദേശമാണ് എനിക്ക് വേണ്ടത്. ഏതു രോഗത്തേയും ചെറുക്കാന്‍, രോഗപ്രതിരോധശക്തി വളര്‍ത്താന്‍ കോശങ്ങള്‍ക്കൊപ്പം എനിക്കും വേണ്ടത്. നിങ്ങളുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ വാക്കുകള്‍. അത് മാറ്റേണ്ടിയിരിക്കുന്നു. വിശ്രമിക്കുകയല്ല വേണ്ടത്, ജീവിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമെ മനസ്സിനെയും ശരീരത്തിനെയും ഒന്നിച്ച് നിര്‍ത്താന്‍ കഴിയുകയുള്ളൂ