യാത്ര ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് പുതിയ തലമുറയിലെ യുവതിയുവാക്കള്‍. മിക്കവാറും എല്ലാവര്‍ക്കും സ്വന്തമായി ഇരുചക്രവാഹനം ഉണ്ടാകും. ഔദ്യോഗികയാത്രയാകട്ടെ, കൂട്ടുകാര്‍ക്കൊപ്പമുള്ള ട്രിപ്പാവട്ടെ; യാത്ര മിക്കവാറും ബൈക്കിലായിരിക്കും. സമയലാഭവും പെട്ടെന്ന് എത്തിച്ചേരാനുള്ള സൗകര്യവുമൊക്കെയാണ് ഇരുചക്രവാഹനങ്ങളെ ജനപ്രിയമാക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായുള്ള ഇത്തരം ബൈക്ക് യാത്രകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരോദിവസത്തെയും യാത്രയ്ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ നടുവേദന ഉണ്ടാകാറുണ്ടോ? കഴുത്തിനും തോളിലെ സന്ധികള്‍ക്കുമെല്ലാം കടച്ചില്‍ അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കില്‍ ബൈക്ക് യാത്രയുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. ദിവസവും ബൈക്കില്‍ ദീര്‍ഘദൂരം യാത്ര ചെയ്യുന്ന 80 ശതമാനം പേരിലും നടുവേദനയും ഡിസ്‌ക് തേയ്മാനവും കാണുന്നുണ്ട്. തെറ്റായ ഇരിപ്പും റോഡിലെ കുഴികളിലൂടെയുള്ള ഡ്രൈവിങും അമിത വേഗവുമെല്ലാം വേദന അധികമാക്കാന്‍ ഇടയാക്കുന്നുണ്ട്. 

കഴുത്തിനുമുണ്ട് പ്രശ്‌നങ്ങള്‍

ബൈക്ക് ഓടിക്കുമ്പോള്‍ ഹാന്‍ഡിലില്‍പിടിച്ച് നേരേനോക്കി കൂടുതല്‍ നേരം ഇരിക്കുന്നതിലൂടെ കഴുത്തിലെ കശേരുക്കളുടെ മുറുക്കം കൂടുതലാവും. ബൈക്ക് യാത്ര കഴിഞ്ഞാലും കുറച്ചുനേരത്തേക്ക് കഴുത്ത് തിരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. 

ലക്ഷണങ്ങള്‍

ശക്തമായ നടുവേദന അനുഭവപ്പെടുന്നെങ്കില്‍ ദീര്‍ഘദൂര ബൈക്ക് യാത്ര നട്ടെല്ലിനെ ബാധിച്ചുതുടങ്ങി എന്ന് കരുതാം. 
കാലിന്റെ പിറകുവശത്തുകൂടി തുടങ്ങി പെരുവിരല്‍ വരെ വേദന വ്യാപിക്കാം. 
ചുമയ്ക്കുമ്പോളും തിരിയുമ്പോഴും വേദന തീവ്രമാകും. 
സ്റ്റെപ്പ് ഇറങ്ങുമ്പോഴും ഉണര്‍ന്നെണീക്കുമ്പോഴുമെല്ലാം വേദന അനുഭവപ്പെടാം.

നട്ടെല്ലിന്  സംഭവിക്കുന്നത് 

ബൈക്ക് ഓടിക്കുമ്പോള്‍ നട്ടെല്ലില്‍ ഏറ്റവും സമ്മര്‍ദമേല്‍ക്കുന്ന ഭാഗമാണ് ലംബാര്‍ വെര്‍ട്ടിബ്രയുടെ ഭാഗം അഥവാ നടുഭാഗം. ബൈക്ക് ഓടിക്കുമ്പോഴുണ്ടാകുന്ന ചലനങ്ങള്‍ നേരിട്ട് ഈ ഭാഗത്താണ് സമ്മര്‍ദമേല്‍പ്പിക്കുന്നത്. നട്ടെല്ലിലെ കശേരുക്കള്‍ക്കിടയില്‍ കാണുന്ന വഴക്കമുള്ളതും മൃദുലവുമായ ഭാഗമാണ് ഡിസ്‌ക്കുകള്‍. കശേരുക്കള്‍ തമ്മില്‍ പരസ്പരം ഉരസുന്നത് തടയുന്ന ഷോക്ക് അബ്‌സോര്‍ബറായി ഇത് പ്രവര്‍ത്തിക്കുന്നു. ഇരുചക്രവാഹനയാത്ര സ്ഥിരമാകുന്നതോടെ ഈ ഡിസ്‌കുകള്‍ പതിയെ പുറത്തേക്ക് തള്ളിവരാന്‍ തുടങ്ങും. അത് സുഷുമ്‌നാ നാഡിയെയും മറ്റ് പോഷകനാഡികളെയും ഞെരുക്കി കഠിനമായ നടുവേദനയിലേക്ക് നയിക്കുകയും ചെയ്യും.

ബൈക്ക് ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് 

ഓടിക്കുമ്പോള്‍ നടുനിവര്‍ത്തി നേരെയിരിക്കണം.
ചെവികളും തോളും ഒരേ രേഖയില്‍ വരണം. 
കാലുകള്‍ ഫുട്ട്‌റസ്റ്റില്‍ നേരെ വെച്ച്  ഹാന്‍ഡിലില്‍ പിടിച്ചിരിക്കണം. 
കഴുത്ത് മുന്നിലേക്ക് നീട്ടിവെച്ചും  മുന്നോട്ട് കുനിഞ്ഞിരുന്നും  വണ്ടിയോടിക്കരുത് .
ഹംപുകള്‍ ഒഴിവാക്കി ബൈക്കോടിക്കാന്‍ ശ്രമിക്കരുത്. 
കുഴികള്‍ നിറഞ്ഞ റോഡിലൂടെ ഓടിക്കുമ്പോള്‍ പതുക്കെ പോവുക. 
ദീര്‍ഘദൂരം തുടര്‍ച്ചയായി ബൈക്കില്‍ യാത്ര ചെയ്യരുത്. 
ലോങ് ഡ്രൈവിന് പോകുന്നവരാണെങ്കില്‍ ചെറിയ ഇടവേളകളെടുത്ത് യാത്ര തുടരാം. 

തയ്യാറാക്കിയത്: പി.വി.സുരാജ്

വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ.ഡാനിഷ് ഇ. അസിസ്റ്റന്റ് പ്രൊഫസര്‍ മെഡിസിന്‍ വിഭാഗം (ഗവ.മെഡിക്കല്‍ കോളേജ് കോഴിക്കോട് )

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

content highlights: Back pain due to bike riding