ആയുര്‍വേദ ചികിത്സാരംഗത്ത് മുക്കാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യവും പെരുമയുമുണ്ട് ആര്യവൈദ്യ ഫാര്‍മസി കോയമ്പത്തൂര്‍ ലിമിറ്റഡിന്. 1943ല്‍ ആര്യവൈദ്യന്‍ പി. വി. രാമവാര്യര്‍ തുടക്കമിട്ട ഈ സ്ഥാപനം അന്നു മുതല്‍ ഈ മേഖലയിലെ ആദ്യകാല ചികിത്സാ കേന്ദ്രമെന്ന നിലയിലും ചികിത്സാവിജയത്തിന്റെ പേരിലും പ്രശസ്തമാണ്. ആര്യവൈദ്യ ഫാര്‍മസി (എവിപി) ഗ്രൂപ്പിന്റെ കീഴിലെ പ്രധാന കമ്പനിയായ ആര്യവൈദ്യ ഫാര്‍മസി കോയമ്പത്തൂര്‍ ലിമിറ്റഡ് ചികിത്സയ്ക്കു പുറമേ ഗവേഷണം, മരുന്ന് നിര്‍മാണം, ആയുര്‍വേദ ചികിത്സാശാഖയുടെ പ്രചരണം എന്നിങ്ങനെ ആയുര്‍വേദവുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലും മുന്‍നിരയിലുണ്ട്.

ആയുര്‍വേദം പ്രചരിപ്പിക്കുന്നതിലൂടെ സമൂഹത്തിന് നല്‍കിയ നിസ്തുലമായ സേവനങ്ങളെ മുന്‍നിര്‍ത്തി 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഡോ. പി ആര്‍. കൃഷ്ണകുമാറാണ് സ്ഥാപനത്തിന്റെ സാരഥി. അച്ഛന്‍ പി.വി. രാമവാര്യരെപ്പോലെ വിശാലമായ കാഴ്ചപ്പാടുള്ള അദ്ദേഹം ഭാരതീയ ശാസ്ത്രശാഖകളും കലകളും സംസ്‌കാരവും പ്രത്യേകിച്ച് ആയുര്‍വേദവും പ്രചരിപ്പിക്കുന്നതിനായി ജീവിതം തന്നെ സമര്‍പ്പണം ചെയ്ത വ്യക്തിയാണ്. ആയുര്‍വേദത്തിന്റെ പ്രചരണാര്‍ഥം പ്രവര്‍ത്തിക്കുന്ന നിരവധി ഗവണ്‍മെന്റ് - ഗവണ്‍മെന്റിതര സ്ഥാപനങ്ങളുടെ ഉപദേശക സമിതിയില്‍ അംഗമായ ഡോ.കൃഷ്ണകുമാര്‍, ആയുര്‍വേദത്തിന് ലോകാരോഗ്യ സംഘടനയുടെ സവിശേഷ ശ്രദ്ധ ലഭിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പത്മശ്രീക്കു പുറമേ 2016ല്‍ ദേശീയ ധന്വന്തരി അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജിഎംപി സര്‍ട്ടിഫൈഡായ മരുന്ന് നിര്‍മാണശാലകളാണ് എവിപിയുടേത്. കാഞ്ചിക്കോടുള്ള ഈ പ്ലാന്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നൂതന സൗകര്യങ്ങളെല്ലാം ISO 22716:2007 സര്‍ട്ടിഫൈഡാണെന്നു മാത്രമല്ല ലോകാരോഗ്യ സംഘടനയുടെ ജിഎംപി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി രൂപകല്‍പന ചെയ്തവയുമാണ്. 500ല്‍ അധികം ഉല്‍പന്നങ്ങള്‍ ഇവിടെ നിര്‍മിക്കുന്നു. നിഷ്‌കര്‍ഷതയോടെ ഗുണമേന്മ ഉറപ്പാക്കിക്കൊണ്ട് പാരമ്പര്യവും ആധുനികതയും മികച്ച രീതിയില്‍ കോര്‍ത്തിണക്കി വിധിപ്രകാരം നിര്‍മിക്കുന്നവയാണ് ഭൂരിഭാഗം ഉല്‍പന്നങ്ങളും. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള എവിപിക്ക് ഇന്ന് ഇന്ത്യയിലെങ്ങുമായി 600 ഓളം വില്‍പന കേന്ദ്രങ്ങളുണ്ട്. 

ആയുര്‍വേദ മരുന്നുകളുടെ നിര്‍മാണത്തിനു പുറമേ ഗുണമേന്മയുള്ള ഉല്‍പന്നങ്ങളും സേവനങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെ ചികിത്സാകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രങ്ങള്‍, ആയുര്‍വേദ ഉപകരണങ്ങളുടെ നിര്‍മാണം എന്നീ മേഖലകളിലേക്കും എവിപി ഗ്രൂപ്പ് കടന്നു. പരിചരണത്തിലെ ഗുണമേന്മ, ചികിത്സയിലെ പരിശുദ്ധി എന്നീ രണ്ട് മൂല്യങ്ങളോടുള്ള പ്രതിജ്ഞാബദ്ധതയാണ് എവിപിയെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങള്‍. 1957ല്‍ സ്ഥാപിതമായ കോയമ്പത്തൂരിലെ ആര്യവൈദ്യ ചികിത്സാലയം& റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എവിസി) ആണ് എവിപിയുടെ പ്രധാന ചികിത്സാകേന്ദ്രം. ISO 9001: 2008 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച, ഗുണമേന്മയില്‍ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിക്കുന്ന ആദ്യ ആയുര്‍വേദ ചികിത്സാലയങ്ങളില്‍ ഒന്നാണ് എവിസി. 

അമേരിക്കയിലെ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് (പിബിഎസ്) ആയുര്‍വേദത്തെക്കുറിച്ച് ചെയ്ത അന്വേഷണാത്മക പരിപാടിയില്‍ എവിസിയെക്കുറിച്ച് ഫീച്ചര്‍ ചെയ്തിരുന്നു, 'ആയുര്‍വേദത്തിലെ മയോ ക്ലിനിക്' എന്നാണ് അമേരിക്കയിലെ പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് എവിസിയെ വിശേഷിപ്പിച്ചത്. 'റുമറ്റോയ്ഡ് ആത്രൈറ്റിസിന് ആയുര്‍വേദ ചികിത്സ എത്രമാത്രം ഫലപ്രദമാണ്' എന്ന വിഷയത്തിലെ ഗവേഷണത്തില്‍ എവിസി, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് (ICMR),  ലോകാരോഗ്യ സംഘടന എന്നിവയുമായി സഹകരിച്ചിട്ടുണ്ട്. ഇതിനുള്ള അംഗീകാരമെന്ന നിലയില്‍ യുഎസ്എയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഫണ്ടിനും അര്‍ഹമായി. യുഎസ്എയ്ക്ക് പുറത്ത് ആയുര്‍വേദത്തെ ശാസ്ത്രീയമായി വിലയിരുത്തിയ ആദ്യത്തെ ക്ലിനിക്കല്‍ ട്രയലായിരുന്നു അത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ആയുഷ് മന്ത്രാലയം, എവിസിക്ക് 2009ല്‍ ക്ലിനിക്കല്‍ റുമറ്റോളജിയില്‍ 'സെന്റര്‍ ഓഫ് എക്സലന്‍സ്' ബഹുമതി നല്‍കിയിരുന്നു. 

ആയുര്‍വേദ ചികിത്സകളുടെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ചുള്ള പ്രാരംഭവിവരങ്ങള്‍ നല്‍കുന്നതിനായി സമഗ്രമായ ക്ലിനിക്കല്‍ ഡോക്യുമെന്റേഷന്‍ പ്രോഗ്രാമിന് എവിപി തുടക്കമിട്ടുണ്ട്. ആയുര്‍വേദത്തില്‍ വര്‍ഷങ്ങളോളം നടത്തിയ ഗവേഷണത്തിന്റെ പിന്‍ബലത്തോടെ ഏവിസിയുടെ കീഴിലെ ഗവേഷണ വിഭാഗമായി എവിപി റിസര്‍ച്ച് ഫൗണ്ടേഷന്‍ 2003ല്‍ സ്ഥാപിതമാകുകയും അത് ലാഭേച്ഛയില്ലാത്ത സ്വതന്ത്ര ഗവേഷണ സ്ഥാപനമായി 2012ല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. (നേരത്തെ എവിടി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് റിസേര്‍ച്ച് എന്നാണിത് അറിയപ്പെട്ടിരുന്നത്). ആയുര്‍വേദ മരുന്നുകളെക്കുറിച്ചുള്ള ഗവേഷണം, ആയുര്‍വേദത്തിലെ ഗവേഷണവും വിദ്യാഭ്യാസവും മുന്‍നിര്‍ത്തിയുള്ള സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കല്‍, ആയുര്‍വേദ ജേണലുകളുടെ ഇന്‍ഡക്സിംഗ് തുടങ്ങിയ മേഖലകളിലെല്ലാം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. കേന്ദ്ര ഗവണ്‍മെന്‍ിന്റെ കീഴിലുള്ള സയിന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ വിഭാഗം ഈ സ്ഥാപനത്തെ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (SIRO) ആയി അംഗീകരിക്കുകയും ചെയ്തു.

രാമനാഥപുരത്തെ എവിസിആര്‍ഐ കാമ്പസ് അവിടുത്തെ ധന്വന്തരി ക്ഷേത്രത്തിന്റെ പേരിലും പ്രശസ്തമാണ്. വിവിധ ദേശങ്ങളില്‍ നിന്നെത്തുന്നവരുടെ പ്രശംസ പിടിച്ചു പറ്റിയ കാമ്പസാണിത്. മാങ്കരൈയിലുള്ള ആര്യവൈദ്യന്‍ പി. വി. രാമവാര്യര്‍ ബര്‍ത്ത് സെന്റിനിയല്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് ട്രെയിനിംഗ് അക്കാദമിയും പ്രശാന്തമായ അന്തരീക്ഷത്തിലാണ്. ചികിത്സയ്ക്കും പഠനത്തിനുമായി എത്തുന്ന വിദേശീയരുടെ പ്രിയപ്പെട്ട ഇടമാണിത്. നാവക്കരൈയിലുള്ള ശരണ്യ ആയുര്‍വേദ ഹോസ്പിറ്റിലും മനോഹരമായ ലൊക്കേഷനിലാണ്. അക്കാദമിക മികവും ഗവേഷണപരവുമായ പ്രവര്‍ത്തനങ്ങള്‍ക്കായി എവിപിക്ക് ബ്രസീല്‍, അര്‍ജന്റീന, ചിലി, സ്വിറ്റ്സര്‍ലന്‍ഡ്, ലാത്വിയ എന്നിവിടങ്ങളുമായി ഔദ്യോഗികമായ ബന്ധമുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ ബാല്‍റ്റിക് രാജ്യങ്ങള്‍ അടിസ്ഥാനമാക്കി ആയുര്‍വേദം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2015ല്‍ ലാത്വിയിലെ റിഗയില്‍ എവിപി ബാല്‍റ്റിക്സ് (AVP Baltics) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

www.avpayurveda.com

Content Highlights: koyampattur arya vaidya pharmacy