Dr. Vijayakumarഡോ. മാധവ വിജയകുമാര്‍ (എംബിബിഎസ്, ഡിസിഎച്ച്, എംഡി, ഡിഎന്‍ബി(പീഡിയാട്രിക്‌സ്)
(ശിശുരോഗ വിഭാഗം മേധാവി, ഗവ.മെഡിക്കല്‍ കോളേജ്, കോഴിക്കോട്)

കേരളത്തിലെ പേരുകേട്ട ശിശുരോഗവിദഗ്ധരില്‍ ഒരാളാണ് ഡോ.മാധവ വിജയകുമാര്‍. തിരുവമ്പാടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് മാധവ വിജയകുമാറിന്റെ കരിയര്‍ ആരംഭിക്കുന്നത്. ആറുമാസത്തിനകം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഡോക്ടര്‍ ആദ്യം നിയമിതനാകുന്നത് സുല്‍ത്താന്‍ ബത്തേരിയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ്. പോഷകാഹാരക്കുറവും സിക്കിള്‍സെല്‍ അനീമിയയും ബാധിച്ച നിരവധി ആദിവാസി കുട്ടികളാണ് ഡോക്ടറുടെ ചികിത്സ തേടിയെത്തിയത്.

ചികിത്സക്കുപരി പോഷകാഹാരം കഴിക്കേണ്ട ആവശ്യകതയെ കുറിച്ചും നിര്‍ബന്ധമായും പാലിക്കേണ്ട ജീവിതശൈലികളെ കുറിച്ചും ആദിവാസി ജനതയെ ബോധവല്‍ക്കരിക്കുക എന്ന വലിയൊരു ദൗത്യവും ഡോക്ടര്‍ ഏറ്റെടുത്തു. സുല്‍ത്താന്‍ ബത്തേരിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് 1998-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അദ്ദേഹത്തിന് നിയമനം ലഭിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ മെഡിക്കല്‍ കോളേജ് സേവനത്തിനിടയില്‍ നിരവധി വൈദ്യശാസ്ത്ര വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട അധ്യാപകനായി മാറി ഡോക്ടര്‍ മാധവ വിജയകുമാര്‍. 

കേരളത്തിലെ ശിശുക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിരവധി സംഭാവനകള്‍ ഇദ്ദേഹം നല്‍കിയിട്ടുണ്ട്. വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ പെട്ട കുട്ടികളിലെ വൈറ്റമിന്‍ ഡിയുടെ അഭാവം, വടക്കന്‍ കേരളത്തിലെ കുട്ടികളിലെ വൈറ്റമിന്‍ ഡിയുടെ അഭാവം, ഗര്‍ഭിണികളുടെയും നവജാതശിശുക്കളുടെയും ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ അഭാവം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി പ്രൊജക്ടുകള്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്കുള്ള ക്ഷേമപരിപാടികളിലും സംസ്ഥാന ഗവണ്‍മെന്റിന്റെ സഹകരണത്തോടെ ചൈല്‍ഡ് വെല്‍ഫെയര്‍ പ്രോഗ്രാമുകള്‍ രൂപീകരിച്ച് നടപ്പിലാക്കുന്നതിലും ഡോക്ടര്‍ സജീവമായിരുന്നു.

നവജാതശിശുക്കളുടെ തൈറോയിഡ് സ്‌ക്രീനിങ്‌, ടൈപ്പ് വണ്‍ പ്രമേഹം എന്നിവ സംബന്ധിച്ചുള്ള ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ എഡിറ്റോറിയല്‍ കമ്മിറ്റി അംഗമായും സേവനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മറ്റി അംഗം, കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഗവേഷണ കമ്മിറ്റി മുന്‍ അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 

വൈദ്യശാസ്ത്ര പാഠപുസ്തകങ്ങളിലും നിരവധി ദേശീയ-അന്തര്‍ദ്ദേശീയ മെഡിക്കല്‍ ജേര്‍ണലുകളിലും മാതൃഭൂമി ആരോഗ്യ മാസിക, ആരോഗ്യപത്മം തുടങ്ങിയ ആരോഗ്യമാസികകളിലും ഡോക്ടറുടെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിലെ പ്രവര്‍ത്തനങ്ങള്‍ക്കായി മികച്ച ഐ.പി ബ്രാഞ്ച് പ്രസിഡന്റ് (സംസ്ഥാന പ്രസിഡന്റ് പ്രത്യേക പരാമര്‍ശം) 2008, തുടര്‍ച്ചയായി 3 വര്‍ഷം മാഗസിന്‍ എഡിറ്റര്‍ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് ( 2015,2016,2017) കേരള സംസ്ഥാനതലത്തില്‍ പി.ജി ക്വിസ് കോര്‍ഡിനേറ്റര്‍ എന്ന പ്രത്യേക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഡോക്ടറെ തേടിയെത്തിയിട്ടുണ്ട്.