Dr. Philpഡോ. ഫിലിപ്പ് അഗസ്റ്റിന്‍ (ഡയറക്ടര്‍, ഗാസ്‌ട്രോ എന്‍ട്രോളജി, എറണാകുളം മെഡിക്കല്‍ സെന്ററിലെ കൊച്ചിന്‍ ഗാസ്‌ട്രോ എന്‍ട്രോളജി ഗ്രൂപ്പ്;
ചെയര്‍മാന്‍, ഫിലിപ്പ് അഗസ്റ്റിന്‍ അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചി (വിവിധ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ ഗാസ്‌ട്രോ എന്‍ട്രോളജി, ഹെപ്പറ്റോളജി വകുപ്പുകള്‍ക്ക് സേവനം ലഭ്യമാക്കുന്ന ഒരു മുന്‍നിര ആരോഗ്യ സംരക്ഷണ ദാതാവ്
).

 

രാജ്യത്തിനകത്തും പുറത്തും പ്രശസ്തനായ ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റാണ് ഡോ. ഫിലിപ്പ് അഗസ്റ്റിന്‍. പ്രഗത്ഭനായ ഉദരരോഗ വിദഗ്ധനും ആരോഗ്യരംഗത്തെ മികച്ച അഡ്മിനിസ്‌ട്രേറ്റുമാണ് ഇദ്ദേഹം. ആരോഗ്യപരിപാലന രംഗത്തെ കഴിവുകളെ മാനിച്ച് 2010-ല്‍ രാഷ്ട്രം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഇന്ത്യയില്‍ ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ എന്‍ഡോസ്‌കോപ്പി ചികിത്സക്ക് തുടക്കം കുറിച്ചവരില്‍ പ്രമുഖനാണ് ഡോ. ഫിലിപ്പ് അഗസ്റ്റിന്‍. ഇന്ത്യയില്‍ ആദ്യമായി 1987-ല്‍ ഓറിയന്റല്‍ കൊളാന്‍ജിയോപതി റിപ്പോര്‍ട്ട് ചെയ്തതും, 1995-ല്‍ ഇന്ത്യയില്‍ ആദ്യമായി ക്രോണ്‍സ് ഡിസീസ് റിപ്പോര്‍ട്ട് ചെയ്തതും ഡോ. ഫിലിപ്പ് ആയിരുന്നു.

MBBS യിലും, MD യിലും നിരവധി മെഡലുകള്‍, ഒളിമ്പസ്-മിത്ര എന്‍ഡോസ്‌കോപ്പി അവാര്‍ഡ് (ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഗാസ്‌ട്രോ എന്‍ട്രോളജി 1994), ഡോ. പി. എ. അലക്‌സാണ്ടര്‍ മെമ്മോറിയല്‍ അവാര്‍ഡ് (എ.എം.എ. അക്കാദമി ഓഫ് മെഡിക്കല്‍ സ്പെഷ്യാലിറ്റി, 1997), ഡോ.വി .സി. മാത്യു റോയി മെമ്മോറിയല്‍ ഒറേഷന്‍ അവാര്‍ഡ് (അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ, 2001), കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ രൂപവത്കരിച്ച മികച്ച സംരഭക പുരസ്‌കാരം 2011, ജോര്‍ജ്ജ് തോമസ് കൊട്ടുകാപ്പള്ളി പുരസ്‌കാരം, ചങ്ങനാശ്ശേരി ബെര്‍ക്മാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് രൂപവത്കരിച്ച 2012-ലെ സംരഭകനുള്ള പുരസ്‌കാരം, കേരള അഡ്വര്‍ടൈസിങ്ങ് ഏജന്‍സി അസോസിയേഷന്റെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് (2015) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഡോക്ടറെ തേടി എത്തിയിട്ടുണ്ട്.

ദേശീയ-അന്തര്‍ദ്ദേശീയ ജേര്‍ണലുകളില്‍ 80-ല്‍ അധികം ലേഖനങ്ങള്‍, മെഡിക്കല്‍ പാഠപുസ്തകങ്ങളില്‍ പാന്‍ക്രിയാടൈറ്റിസിനെ കുറിച്ചുള്ള അധ്യായങ്ങള്‍, പാന്‍ക്രിയാസിലെ രോഗങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ തുടങ്ങി വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള ഡോക്ടറുടെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ജര്‍മ്മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ല്യൂബെക്, സിങ്കപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ഹോങ്കോങ്ങിലെ പ്രിന്‍സ് ഓഫ് വെയ്ല്‍സ് ഹോസ്പിറ്റല്‍, സ്വിറ്റ്‌സര്‍ലണ്ടിലെ ഇന്‍സല്‍സ്പിറ്റല്‍, അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ യൂണിവേഴ്‌സിറ്റി, പാരീസിലെ ബ്യൂഷോണ്‍ ഹോസ്പിറ്റല്‍, ഫ്രാന്‍സിലെ മാര്‍സിയല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പ്രത്യേക ക്ഷണിതാവായിരുന്നു. 

കൊച്ചിയിലെ ലേക്ഷോര്‍ ഹോസ്പിറ്റല്‍ അടക്കം വിവിധ ഉന്നത ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ഗാസ്‌ട്രോ എന്‍ട്രോളജിയില്‍ ബിരുദാനന്തര പഠനകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. എന്‍ഡോസ്‌കോപ്പിയില്‍ വിവിധ തലങ്ങളില്‍ വരുന്നവര്‍ക്ക് ഉന്നതപരിശീലനം നല്‍കി.