ഡോ.ജോര്‍ജ് പി എബ്രഹാം
(താക്കോല്‍ദ്വാര ശസ്ത്രക്രിയ, വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിഭാഗം മേധാവി
വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല്‍, പിവിഎസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എറണാകുളം)
വൃക്കമാറ്റല്‍ ശസ്ത്രക്രിയയില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള ചുരുക്കം ഡോക്ടര്‍മാരിലൊരാളാണ് ഡോ.ജോര്‍ജ് പി എബ്രഹാം. ഇരുപത്തിയഞ്ചു വര്‍ഷക്കാലത്തിനിടയില്‍ അദ്ദേഹം 2100 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്, അതില്‍ ആയിരത്തിഅഞ്ഞൂറോളം താക്കോല്‍ദ്വാര ശസ്ത്രക്രിയയും ഉള്‍പ്പെടും.
ഇത്തരം ശസ്ത്രക്രിയയിലൂടെ രാജ്യത്ത് ഉയര്‍ന്ന വ്യക്തിഗത റാങ്കിങ് സ്വന്തമാക്കിയിട്ടുണ്ട്. എന്‍ഡോറോളജി ( വൃക്കാശയ സംബന്ധ രോഗങ്ങള്‍ ) യില്‍ 28 വര്‍ഷത്തെ പരിയചസമ്പത്തുള്ള ഇദ്ദേഹം ഇന്നുവരെ 7500 പിസിഎന്‍എല്‍(Percutaneous NephroLithotomy) ഉം 12,000 യൂട്രോസ്കോപ്പിയും 11000 ടിയുആര്‍പി(Transurethral resection of the prostate )യും ചെയ്തിട്ടുണ്ട്. ലാപ്രോസ്കോപിക് സര്‍ജറിയില്‍ 13 വര്‍ഷത്തെ പരിചയുള്ള ഡോ.ജോര്‍ജ് 9000 ലാപ്രോസ്കോപിക് യൂറോളജിക്കല്‍ സര്‍ജറികളും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. തല്‍സമയ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ലോകത്തെ പേരുകേട്ട മൂന്നാമത്തെ സര്‍ജനുമാണ്.
മൂന്നുവര്‍ഷത്തോളം നാഷണല്‍ ബോര്‍ഡ് അഫിലിയേറ്റഡ് ആയ പിജി അധ്യാപകനായിരുന്നു. ഇന്നത്തെ പ്രമുഖരായ പല യൂറോളജിസ്റ്റിനെയും പരിശീലിപ്പിച്ചിട്ടുമുണ്ട്. ലാപ്രോസ്കോപിക് ട്രെയിനിങ് നടത്തുന്നതിനൊപ്പം ഫെലോഷിപ്പ് പരിപാടികളും നടത്തുന്ന ഇദ്ദേഹം വര്‍ക്ഷോപ്പുകളിലും ട്രെയിനിങ് പരിപാടികളിലും പ്രത്യേക ഫാക്കല്‍ട്ടിയാണ്. യൂറോളി മേഖലയ്ക്കു നല്കിയ പ്രത്യേക സംഭാവന പരിഗണിച്ച് ഭാരത് ചികിത്സക് രതന് പുരസ്കാരം, ഭാരത് വികാസ് രതന് പുരസ്കാരം, ലൈഫ് ടൈം ഹെല്‍ത്ത് അച്ചീവ്മെന്റ് പുരസ്കാരം തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ത്യയിലുടനീളം ത്രീഡി ലാപ്രോസ്കോപിക് യൂറോളജി വര്‍ക്ഷോപ്പുകളും ത്രീഡി ലാപെന്ഡോഫ്യൂഷനും ചെയ്തിട്ടുണ്ട്. ഇതുവരെയായി നാല് ഇന്റര്‍നാഷണല്‍ യൂറോളജി വര്‍ക്ഷോപ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. 2011 മുതല്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലും 2001 മുതല്‍ പിവിഎസ് ആശുപത്രിയിലും യൂറോളജിസ്റ്റും യൂറോളജി വിഭാഗം മേധാവിയുമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ജനറല്‍ സര്‍ജറിയില്‍ എംഎസും നേടി. ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് യൂറോളജിയില്‍ എംസിഎച്ച് ഉം ലക്നൗ യൂണിവേഴ്സിറ്റി മെഡിക്കല്‍ കോളേജില്‍ നിന്ന് യൂറോളജിയില്‍ എഫ്ഐസിഎസും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയില്‍ നിന്ന് എഫ്ആര്‍സിഎസും നേടി.
കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, ലിസി ഹോസ്പിറ്റല്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എറണാകുളം ജില്ലാ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.