ഞ്ചകർമമെന്ന വാക്ക് ഓക്സ്‌ഫഡ് നിഘണ്ടുവിൽ ഇടം നേടിയത് ഒരു വാർത്തയായിരുന്നു. ഈ ചികിത്സാക്രമത്തെപ്പറ്റി ലോകം മുഴുവൻ അറിഞ്ഞുതുടങ്ങിയതിന്റെ ഒരു അടയാളം കൂടിയാണത്. എന്നാൽ എന്താണ് പഞ്ചകർമം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ അതിന്റെ ഈറ്റില്ലമെന്നെല്ലാം പറയാവുന്ന നമ്മുടെ നാട്ടിൽ ഉണ്ടോ എന്ന കാര്യം സംശയമാണ്. പഞ്ച എന്നു പറഞ്ഞാൽ അഞ്ച് എന്നാണല്ലോ അർഥം. 'കർമം' എന്ന വാക്ക് ആയുർവേദത്തിൽ ചികിത്സയെ സൂചിപ്പിക്കുന്നു. അഞ്ചുതരം ചികിത്സകളാണ് പഞ്ചകർമം. വമനം, വിരേചനം, സ്നേഹവസ്തി, കഷായവസ്തി, നസ്യം എന്നിവയാണ് പഞ്ചകർമങ്ങൾ. ഇവയെ ക്രമത്തിൽ വിശദമാക്കാം.

ശോധനം എന്ന ചികിത്സാമാർഗം
വാതം, പിത്തം, കഫം എന്നീ ദോഷങ്ങളുടെ വൈകല്യമായിട്ടാണ് രോഗത്തെ ആയുർവേദം കാണുന്നത്. അത് അളവിൽക്കവിഞ്ഞ രീതിയിലാണെങ്കിൽ അവയെ പുറത്തേക്ക് കളയുകതന്നെ വേണം. ഇതിന് ശോധനം എന്ന് പറയുന്നു. ഇതിൽപെടുന്നതാണ് പഞ്ചകർമം. കുറഞ്ഞരീതിയിലേ ദോഷങ്ങൾക്ക് വൈകല്യമുള്ളൂ എങ്കിൽ സാധാരണമായ ഔഷധങ്ങൾതന്നെ മതി. അതാണ് ശമനചികിത്സ. ശോധനം, ശമനം എന്നത് ചികിത്സയുടെ വളരെ അടിസ്ഥാനമായ വിഭാഗങ്ങളാണ്. രണ്ടിനും അതിന്റെതായ പ്രാധാന്യമുണ്ട്. ഒരു ഭിഷഗ്വരൻ ആലോചിച്ചുവേണം, രോഗിക്ക് ഇതിലേത് വേണം എന്ന് നിശ്ചയിക്കാൻ.

മുന്നൊരുക്കങ്ങൾ വേണം
ശോധനചികിത്സ അങ്ങനെ പൊടുന്നനെ ചെയ്യാനാകില്ല. മുന്നൊരുക്കങ്ങൾ പലതും വേണം. ശരീരത്തെ തയ്യാറാക്കി എടുക്കാനുമുണ്ട്. ശോധനത്തിന് മുമ്പ് ചെയ്യേണ്ട ചികിത്സകളെ പൂർവകർമം എന്ന് വിളിക്കുന്നു. ഇതിന് പല ഉദ്ദേശ്യങ്ങളുമുണ്ട്. രോഗത്തിന്റെ ഭാഗമായി പല അവയവങ്ങളെയും ദോഷം ബാധിച്ചിട്ടുണ്ടാകും. അവയെ അതിൽനിന്ന് മോചിപ്പിച്ച് ദോഷങ്ങളെ ശോധനം ചെയ്തുകളയാവുന്ന സ്ഥലത്തെത്തിക്കണം. ശോധനം എന്നത് വളരെ പീഡാകരമായ ചികിത്സയാണ്. അത് ശരീരത്തെ അധികം ബാധിക്കാതെ നോക്കേണ്ടതുണ്ട്. ഈ രണ്ടു കാര്യങ്ങളെ ഉദ്ദേശിച്ചിട്ടാണ് പൂർവകർമങ്ങൾ ചെയ്യുന്നത്. രണ്ട് പൂർവകർമങ്ങളാണ് പ്രധാനമായും ഉള്ളത് - സ്നേഹനം, സ്വേദനം. ഇവയും വിശദീകരണം അർഹിക്കുന്നു.

സ്നേഹനവും സ്വേദനവും
സ്നേഹനംകൊണ്ടുദ്ദേശിക്കുന്നത് എണ്ണ(തൈലം), നെയ്യ് (ഘൃതം) തുടങ്ങിയവയുടെ അകത്തേക്കുള്ള ഉപയോഗമാണ്. കൊഴുപ്പുള്ള വസ്തുക്കളാണ് സ്നേഹം. അതുപയോഗിക്കുന്നത് സ്നേഹനവും. വെറും എണ്ണയും നെയ്യുമല്ല, ഔഷധങ്ങളിട്ട് പാകപ്പെടുത്തിയെടുത്തവയാണ് ഇതിന് ഉപയോഗിക്കുക. ഇന്ദുകാന്തം ഘൃതം, മഹാതിക്തകം ഘൃതം, സഹചരാദി തൈലം ഇങ്ങനെ ധാരാളമുണ്ട് സ്നേഹനത്തിനുപയോഗിക്കുന്ന ഔഷധയോഗങ്ങൾ. കുറഞ്ഞ അളവിൽ തുടങ്ങി ക്രമത്തിൽ കൂട്ടിക്കൂട്ടിയെടുത്ത് മൂന്ന്-ഏഴ് ദിവസങ്ങളോളം സേവിക്കേണ്ടിവരും. സ്നേഹപാനമെന്നും ഇതിന് പറയാറുണ്ട്. ഇത് വേണ്ട രീതിയിലായോ എന്ന് നിശ്ചയിക്കുന്നതിന് ചില ലക്ഷണങ്ങളുണ്ട്. അതുവെച്ചു വേണം കൃത്യമായി വിലയിരുത്താൻ.
തുടർന്ന് ചെയ്യുന്നതാണ് സ്വേദനം. വിയർപ്പിക്കലാണ് ഇതെന്ന് ചുരുക്കിപ്പറയാം. ഔഷധം കലർത്തിയാണ് ഇതിന്റെയും പ്രയോഗം. ചൂടുകൊണ്ടാണല്ലോ വിയർപ്പിക്കുന്നത്. എന്നാൽ എന്തുപയോഗിച്ച് ചൂടാക്കുന്നു എന്നതിനനുസരിച്ച് അതിന്റെ പ്രയോജനം വ്യത്യാസപ്പെട്ടിരിക്കും. സ്നേഹനംകൊണ്ടും അവയവങ്ങളിൽ വ്യാപിച്ച ദോഷങ്ങളെ ഇളക്കിയെടുക്കാൻ സാധിക്കും. മാത്രമല്ല, ശോധനത്തെ താങ്ങാനുള്ള കരുത്തും സ്നേഹനം ശരീരത്തിന് നൽകും. സ്വേദനം കൊണ്ട് ഇളകിയ ദോഷങ്ങളെല്ലാം ശോധനത്തിന് പറ്റിയ രീതിയിൽ അതത് ശരീരഭാഗങ്ങളിലെത്തിച്ചേരും.

വമനവും വിരേചനവും
മരുന്നുകളുപയോഗിച്ച് ഛർദിയുണ്ടാക്കി ചെയ്യുന്ന ശോധനമാണ് വമനം. വയറിളക്കിയുള്ളതാണ്, വിരേചനം. എനിമയുടെ രീതിയിൽ ഔഷധം അകത്ത് കയറ്റിയാണ് സ്നേഹവസ്തിയും കഷായവസ്തിയും ചെയ്യുന്നത്. ആദ്യത്തെതിൽ തൈലമാണെങ്കിൽ രണ്ടാമത്തെതിൽ കഷായമാണ് (പ്രധാനമായും) ഉപയോഗിക്കുന്നത്. സ്നേഹവസ്തിയെ പൂർണമായും ശോധനമെന്ന് പറയാൻ സാധിക്കില്ല. കഷായവസ്തിയുമായി ചേർത്ത് ഉപയോഗിക്കാനുള്ളതാണത്. നസ്യം മൂക്കിലൂടെയുള്ള ഔഷധപ്രയോഗമാണ്. ഇപ്പറഞ്ഞ എല്ലാ ശോധനചികിത്സകൾക്കും രോഗാവസ്ഥയ്ക്കനുസരിച്ച് തിരഞ്ഞെടുക്കാൻ നിരവധിയാണ് ഔഷധക്കൂട്ടുകൾ. കഫത്തിനാണ് വമനം പ്രയോഗിക്കുന്നത്. പിത്തപ്രധാനമായ രോഗങ്ങളിൽ വിരേചനവും. വസ്തികൾ രണ്ടും വാതരോഗങ്ങളിലാണ് ഫലപ്രദമാകുന്നത്.

പഞ്ചകർമം കഴിഞ്ഞാൽ പശ്ചാത്‌കർമം
പൂർവകർമം പോലെ പ്രധാനപ്പെട്ടതാണ്, പശ്ചാത്‌കർമം. പശ്ചാത് എന്ന് പറഞ്ഞാൽ പിന്നീട് എന്നർഥം. പഞ്ചകർമം കഴിഞ്ഞാൽ ചെയ്യേണ്ട ചിട്ടയായ ആഹാരക്രമവും പഥ്യവുമടങ്ങുന്നതാണ്, പശ്ചാത്‌കർമം. ശോധനം കഴിഞ്ഞാലുണ്ടാകുന്ന ക്ഷീണവും മറ്റ് ബുദ്ധിമുട്ടുകളും മാറുന്നതിനുവേണ്ടി ആവിഷ്കരിച്ചതാണ് പശ്ചാത്‌കർമം. ഇത്രയുമാണ് പഞ്ചകർമത്തിന്റെ രത്നച്ചുരുക്കം.

ചികിത്സ തിരഞ്ഞടുക്കുമ്പോൾ
ഓരോ കർമത്തിനും അർഹതയുള്ള രോഗികളെ തിരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധയോടെവേണം. ശോധനംചെയ്താൽ മാറുന്ന രോഗമുണ്ട് എന്നതുകൊണ്ടുമാത്രം ഒരു രോഗിയിൽ അത് ചെയ്യാൻപാടില്ല. രോഗിയുടെ ശരീരാവസ്ഥയും അനുബന്ധ രോഗങ്ങളും എല്ലാം പരിഗണിക്കണം. ഉദാഹരണത്തിന് ഹൃദ്രോഗം, അമിതരക്തസമ്മർദം പോലുള്ള അവസ്ഥകളിൽ വമനം പാടില്ല. അർശസ്സുള്ളവർക്ക് വസ്തിയും അതുപോലെ. നവീന സാങ്കേതികവിദ്യകൾ ഇത്തരം പരിശോധനകളെ കുറേക്കൂടെ എളുപ്പമാക്കുന്നു. ശോധനം പറ്റാത്തവർക്കും ശമനചികിത്സതന്നെ വേണ്ടിവരും.

പിഴവുകൾ വന്നാൽ
ശ്രദ്ധയില്ലാതെ ചെയ്താലോ ശോധനം അമിതമായാലോ ഉള്ള പിഴവുകളെ വ്യാപത്ത് എന്ന് വിളിക്കുന്നു. അതിന് പ്രത്യേക ചികിത്സയും പരിചരണവും വേണ്ടിവരും. വ്യാപത്തുകൾ ഓരോന്നിനും പേരിട്ട് ലക്ഷണങ്ങളും ചികിത്സയുമായി വിവരിച്ചിട്ടുള്ളത് ആയുർവേദസംഹിതകളിൽ വായിക്കാം. സ്നേഹവസ്തി, നസ്യം തുടങ്ങിയവ ശോധനത്തിനല്ലാതെ ശമനം ലക്ഷ്യമാക്കിയും ചെയ്യാവുന്നതാണ്.

എണ്ണയിട്ടു തിരുമ്മൽ പഞ്ചകർമ്മമല്ല

പഞ്ചകർമം എന്നപേരിൽ പലതും ഇന്നും പ്രചരിക്കപ്പെടുന്നു. എണ്ണയിട്ട് മേൽ തിരുമ്മുന്നത് പഞ്ചകർമമല്ല. ആയുർവേദത്തിന്റെ ഒരു അടയാളമാക്കപ്പെട്ടതാണല്ലോ ശിരോധാരയുടെ ചിത്രം തൂങ്ങിക്കിടക്കുന്ന പാത്രത്തിൽനിന്ന് ധാരയായി ശിരസ്സിൽ ഔഷധദ്രവം വീഴുന്നത്. ഇത് ഔഷധങ്ങളിട്ട് സംസ്കരിച്ച മോര്, പാൽ, തൈലം തുടങ്ങിയവകൊണ്ടൊക്കെ ചെയ്യാറുണ്ട്. ശിരോധാര ശോധനമല്ല, ശമനമായ ചികിത്സയാണ്. പലതരത്തിലുള്ള കിഴികളും പഞ്ചകർമ ചികിത്സയല്ല.. അവ അനുബന്ധമായി ചെയ്യുന്ന സ്വേദനത്തിൽ പെടുന്നു. ശമനമായും അത്തരം ചികിത്സകൾ പഥ്യത്തോടെ നിർ
ദേശിക്കാറുണ്ട്.

(തൃപ്പൂണിത്തുറ ഗവ.ആയുർവേദ മെഡിക്കൽ കോളേജിലെ റിട്ടയേഡ് പ്രൊഫസറാണ് ലേഖകൻ)

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Arogyamasika
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം

Content Highlights:Karkidakam 2020, what is Panchakarma Chikitsa and what is the process, Ayurveda, Health