പെയ്തുനിറയുന്ന മഴയും മഴയ്‌ക്കൊപ്പം സമൃദ്ധമായി പൊട്ടിമുളയ്ക്കുന്ന സസ്യങ്ങളും തണുപ്പും കര്‍ക്കടകത്തെ മറ്റ് മാസങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമാക്കുന്നു. പകര്‍ച്ചവ്യാധികളടക്കമുള്ള രോഗങ്ങള്‍ വന്നുചേരാനുള്ള സാധ്യതയും കര്‍ക്കടകത്തില്‍ കൂടുതലാണ്. അതിനാല്‍ ആരോഗ്യം നിലനിര്‍ത്താനും പ്രതിരോധശേഷി നേടാനും കര്‍ക്കടകത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. 

സ്ത്രീകള്‍ക്ക് കര്‍ക്കടകത്തില്‍ പ്രത്യേക പരിരക്ഷ വേണം. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിന് പ്രാധാന്യം വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. രോഗലക്ഷണങ്ങളെ അവഗണിക്കല്‍, പ്രഭാതഭക്ഷണം ഒഴിവാക്കല്‍, ജീവിതശൈലിയിലെ മാറ്റം, മാറിയ തൊഴില്‍സാഹചര്യങ്ങള്‍ തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.

കാലാവസ്ഥയിലെ മാറ്റങ്ങളെ ശരിയായി ഉള്‍ക്കൊള്ളാനും ആരോഗ്യകരമായി ജീവിക്കാനും ഇതിലൂടെ കഴിയും. കര്‍ക്കടകത്തിലെ ലഘുചികിത്സകള്‍ രോഗപ്രതിരോധശേഷി, ഉണര്‍വ്, ഉത്സാഹം ഇവ നല്‍കുന്നതോടൊപ്പം നിലവിലുള്ള രോഗങ്ങള്‍ക്ക് ശമനം വരുത്തുകയും ചെയ്യുന്നു. ഒപ്പം ശരീരവും മനസ്സും ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും.

കൗമാരക്കാര്‍ക്കുള്ള ചികിത്സകള്‍
ഭാവിയില്‍ അമ്മയാകാന്‍വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ശരീരത്തില്‍ ഏറെ നടക്കുന്ന പ്രായം കൗമാരമാണ്. കൗമാരക്കാര്‍ക്ക് കര്‍ക്കടകത്തില്‍ പ്രത്യേക ചികിത്സാക്രമങ്ങള്‍ പാലിക്കുന്നത് ആരോഗ്യസംരക്ഷണത്തിനും ദീര്‍ഘകാലം ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായകമാണ്. തവിടുള്ള ധാന്യങ്ങള്‍, എള്ള്, റാഗി, മുതിര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ജീരകം, ഇഞ്ചി, കായം, വെളുത്തുള്ളി, മുട്ട, ചെറുമത്സ്യം ഇവ ഉള്‍പ്പെട്ട ഭക്ഷണവും ലഘുവ്യായാമങ്ങളുമാണ് കൗമാരക്കാരികള്‍ക്ക് ഉചിതം. ഒപ്പം ച്യവനപ്രാശം, അമൃതപ്രാശം ഇവയിലേതെങ്കിലും ശീലമാക്കുന്നത് പ്രതിരോധശേഷികൂട്ടുകയും വിളര്‍ച്ചയകറ്റുകയും ചെയ്യും. ചര്‍മപ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏലാദികേരം, നാല്പാമരാദി കേരം, ലാക്ഷാദികേരം ഇവയിലേതെങ്കിലും പുറമേ പുരട്ടാം.

യൗവനത്തില്‍ പ്രത്യേക പരിരക്ഷ
ഗര്‍ഭം ധരിക്കാനും പാലൂട്ടാനും ശരീരത്തെ സജ്ജമാക്കേണ്ട പ്രായമാണ് യൗവനം. ആരോഗ്യപരമായി ഏറെ പ്രാധാന്യമുള്ള ഘട്ടമാണിത്. ഗര്‍ഭാശയത്തിന്റെയും അണ്ഡങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്ന നിരവധി ഔഷധങ്ങളുണ്ട്. ആവശ്യമെങ്കില്‍ സ്‌നേഹപാനം, സ്‌നേഹവസ്തി, കഷായവസ്തി ഇവയും അവസ്ഥകള്‍ക്കനുസരിച്ച് നല്‍കുന്നു.

സുകുമാരഘൃതം ഫലസര്‍പ്പിസ്, അശോകാരിഷ്ടം, ധാന്വന്തരം കഷായം, സുകുമാരം കഷായം, കല്യാണകം കഷായം, ഇവയില്‍ ഉചിതമായത് ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കഴിക്കാം. പിണ്ഡതൈലം, ധാന്വന്തരം, സഹചരാദികുഴമ്പ് ഇവയിലേതെങ്കിലും പുറമേ പുരട്ടാം.

ആര്‍ത്തവവിരാമം വന്നവര്‍
മധ്യവയസ്സില്‍ സ്ത്രീകളില്‍ സ്വാഭാവികമായി വന്നുചേരുന്ന ഒരു അനിവാര്യതയാണ് ആര്‍ത്തവവിരാമം. സ്ത്രീഹോര്‍മോണുകള്‍ കുറയുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അസ്വസ്ഥതകള്‍ മഴക്കാലത്ത് അധികമാകാനിടയുണ്ട്. വിഷാദം, ക്ഷീണം, സങ്കടം, തളര്‍ച്ച, നെഞ്ചെരിച്ചില്‍, മൂത്രാശയസംബന്ധമായ അസ്വസ്ഥതകള്‍, അസ്ഥിക്ഷയം, സന്ധിവേദന ഇവയും ഉണ്ടാകാം.

തവിടുള്ള ധാന്യങ്ങള്‍, മഞ്ഞള്‍, പച്ചക്കറികള്‍, പഴങ്ങള്‍, ഇവയും നല്ല ഫലംതരും. ദേഷ്യം, കാരണങ്ങളൊന്നുമില്ലാത്ത വിഷാദം ഒക്കെയുള്ളവര്‍ക്ക് കുമ്പളങ്ങ പച്ചയ്‌ക്കോ കറിയാക്കിയോ ഉപയോഗിക്കുന്നത് പ്രയോജനം ചെയ്യാറുണ്ട്.

അമുക്കുരം, ശതാവരി, അശോകം, തുളസി, ജീരകം, കുറുന്തോട്ടി, മഞ്ചട്ടി ഇവ ഇക്കാലത്ത് സാന്ത്വനമേകുന്ന ഔഷധങ്ങളില്‍ ചിലതാണ്. ചേമ്പ്, ചേന, കാച്ചില്‍, ഇലക്കറികള്‍ ഇവയൊക്കെ മാറി മാറി ഭക്ഷണത്തില്‍പ്പെടുത്തുന്നത് ഗുണംചെയ്യും. ക്ഷീരബല തൈലം, ചന്ദനാദിതൈലം ഇവയിലൊന്ന് തലയില്‍ തേയ്ക്കുന്നതും പിണ്ഡതൈലം, നാരായണതൈലം ഇവയിലേതെങ്കിലും പുറമേ തേച്ച് കുളിക്കുന്നതും യോഗ, ധ്യാനം ഇവ ശീലമാക്കുന്നതും ആര്‍ത്തവവിരാമം വന്നവര്‍ക്ക് ഗുണകരമാണ്.

വാര്‍ധക്യത്തില്‍ പ്രത്യേക പരിരക്ഷ
സ്‌നേഹവും പരിചരണവും ഏറെവേണ്ട കാലമാണ് വാര്‍ധക്യം. ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ അനുഭവപ്പെടാനിടയുള്ള കര്‍ക്കടകത്തില്‍ ഇവര്‍ക്ക് കൂടുതല്‍ കരുതല്‍ അനിവാര്യമാണ്. ഹൃദ്രോഗം, മറവി, പ്രമേഹം, രക്തസമ്മര്‍ദം, മൂത്രാശയരോഗങ്ങള്‍, കാഴ്ച-കേള്‍വി പ്രശ്‌നങ്ങള്‍, വിഷാദം, അസ്ഥി സന്ധി രോഗങ്ങള്‍ ഒക്കെ വാര്‍ധക്യത്തിലുള്ളവര്‍ക്ക് കൂടുതലായി കാണപ്പെടാറുണ്ട്. 

മഹാരാസ്‌നാദി കഷായം, രാസ്‌നേരണ്ഡദി കഷായം ഇവ വാതവേദനയും നീരുമകറ്റും. ആവണക്കിന്റെ ഇല ചതച്ച് മുട്ടില്‍ രണ്ടുമണിക്കൂറോളം കെട്ടിവയ്ക്കുന്നത് മുട്ടുവേദനയ്ക്കാശ്വാസമേകും. കിഴി, പിഴിച്ചില്‍, ധാര, വസ്തി തുടങ്ങിയവ ആവശ്യമുള്ള ഘട്ടത്തില്‍ ചെയ്യാവുന്നതാണ്. മഴക്കാലത്ത് ധാന്വന്തരം തൈലം, നാരായണതൈലം, സഹചരാദി കുഴമ്പ് ഇവയിലേതെങ്കിലും തേച്ച് കുളിക്കുന്നത് വേദനയകറ്റും. അസ്ഥികള്‍ക്ക് ബലവുമേകും.

വാതശമനത്തിനും ആരോഗ്യത്തിനും 
250 ഗ്രാം നവരയരിയോ ഉണക്കലരിയോ 50 ഗ്രാം ഉലുവ ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ 25 മില്ലിഗ്രാം വീതം കുറുന്തോട്ടിയും ചെറൂളയും ചതച്ച നീരും 25 ഗ്രാം വീതം ചുവന്നുള്ളിയും വെളുത്തുള്ളിയും തേങ്ങാപ്പീരയും ചേര്‍ത്ത് വറ്റിച്ച് കഴിക്കുക. വാര്‍ധക്യത്തില്‍ ഏറെ ഗുണകരമാണ് ഈ ഔഷധച്ചോറ്. അതുപോലെ. കര്‍ക്കടകത്തില്‍ പത്തിലക്കറിയും തവിടപ്പവും ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അനുയോജ്യമാണ്.

മഴക്കാലത്ത് സ്ത്രീകള്‍ക്ക് ഗുണകരമായ സൂപ്പ്
50 ഗ്രാം വീതം കുറുംതോട്ടി, കരിങ്കുറിഞ്ഞി, പുത്തരിച്ചുണ്ട ഇവയുടെ വേരിന്മേല്‍ത്തൊലി, ദേവതാരം, ചുവന്നരത്ത ഇവകൊണ്ടുള്ള നേര്‍ത്ത കഷായത്തില്‍ 250 ഗ്രാം ആട്ടിന്‍മാംസവും ചേര്‍ത്ത് വേവിക്കുക. ഇടയ്ക്കിടെ പത നീക്കണം. ചുവന്നുള്ളി വെളിച്ചെണ്ണയില്‍ മൂപ്പിച്ച് ഉപ്പും കുരുമുളകും ചേര്‍ത്തുപയോഗിക്കാം. ഈ സൂപ്പ് മഴക്കാലത്ത് മാസത്തില്‍ രണ്ടുതവണ ഉപയോഗിക്കാം.

കുഴമ്പുതേച്ചു കുളി
കുഴമ്പും തൈലവും ഉപയോഗിച്ചുള്ള കുളി ശരീരകാന്തിക്കും വേദനയകറ്റാനും സഹായകമാണ്. കുഴമ്പുകള്‍ ചെറുതായി ചൂടാക്കി ദേഹത്തു പുരട്ടാം. മൃദുവായി മസാജ് ചെയ്യുകയുമാവാം. 15 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കുളിക്കാം. ചെറുപയര്‍ പൊടിയോ കടലപ്പൊടിയോ ഉപയോഗിച്ച് മെഴുക്കിളക്കാം. 

ധാന്വന്തരം കുഴമ്പ് പേശീബലവും വഴക്കവും നല്‍കും. മുട്ടുവേദന, അസ്ഥിവാതം, നടുവേദന ഇവയുള്ളവര്‍ക്ക് വളരെ  അനുയോജ്യമാണ്. ധാന്വന്തരം തൈലം കൊണ്ടുള്ള തേച്ചുകുളി അസ്ഥിക്ഷയത്തിനു ഫലപ്രദമാണ്. ചര്‍മത്തിന് മൃദുത്വവും ഈര്‍പ്പവും നിലനിര്‍ത്താന്‍ ഉത്തമമാണ് പിണ്ഡതൈലം. തൊലി വിണ്ടുകീറല്‍, പുകച്ചില്‍, വേദന ഇവയകറ്റും. ചൊറിച്ചില്‍ അകറ്റി തൊലിക്ക് കാന്തി നല്‍കാന്‍ ഏലാദി കേരമോ തൈലമോ, നാല്പാമരാദി കേരമോ തൈലമോ ഉപയോഗിക്കാം. മുടിക്ക് കരുത്തേകാന്‍ നീലിഭൃംഗാദി, കയ്യന്നാദി എന്നിവയാണ് ഉത്തമം. തൊലി വിണ്ടുകീറല്‍, പുകച്ചില്‍, വേദന ഇവയകറ്റും. ബലാശ്വഗന്ധാദി കുഴമ്പ് പേശികള്‍ക്കും സന്ധികള്‍ക്കും ബലമേകും. ചര്‍മത്തിനും ഗുണകരമാണ്.

(ആലപ്പുഴ മാന്നാര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോക്ടറാണ് ലേഖിക)

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Arogyamasika
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം

Content Highlights: Karkkidakam 2020, Karkidaka Chikitsa plan for Women, Ayurveda, Health