നുഷ്യ ശരീരം തനിക്കു ചുറ്റുമുള്ള പ്രകൃതിയുമായും അതിലുള്ള മാറ്റങ്ങളുമായും സദാ ബന്ധപ്പെട്ടിരിക്കുന്നു. സൂര്യന്റെയും ചുറ്റി സഞ്ചരിക്കുന്ന ഭൂമിയുടേയും ചലനങ്ങള്‍ക്കനുസരിച്ച് കാലാവസ്ഥയിലും അതുമൂലം മനുഷ്യശരീരത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് അവന്‍ ബോധവാനായിരുന്നു. ഒരു വര്‍ഷത്തില്‍ ചില മാസങ്ങളില്‍ പ്രകൃതി മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ബലവും ആരോഗ്യവും നല്‍കുന്നു. എന്നാല്‍ ചില മാസങ്ങളില്‍ കാലാവസ്ഥ നമ്മുടെ ബലത്തെ ക്ഷയിപ്പിക്കുന്ന തരത്തിലാണ്. ഇവയെ ക്രമത്തില്‍ ദക്ഷിണായനം എന്നും ഉത്തരായനം എന്നും മനസ്സിലാക്കാം. കൊടും ചൂടുള്ള വേനല്‍ക്കാലം ഉത്തരായനത്തിന്റെ അവസാന ഭാഗവും മഴക്കാലം ദക്ഷിണായനത്തിന്റെ തുടക്കവുമാണ്. 

വേനല്‍ക്കാലം നമ്മെ ബലഹീനരാക്കുന്നു. തുടര്‍ന്നു വരുന്ന മഴക്കാലം മുതല്‍ പ്രകൃതി നമുക്ക് ബലം പകരാന്‍ തുടങ്ങും.എന്നാല്‍ മഴക്കാലത്തിന്റെ തുടക്കത്തില്‍ അതായത് ആദ്യത്തെ 5-6 ആഴ്ചകളില്‍ വേനല്‍ ഏല്‍പിച്ച ബലക്ഷയം മൂലം ശരീരവും അഗ്നിയും ക്ഷീണിച്ചിരിക്കുകയായിരിക്കും. പ്രകൃതി നല്‍കുന്ന ബലത്തേയോ പുതുമയേയോ സ്വീകരിക്കാവുന്ന അവസ്ഥയില്‍ ആയിരിക്കില്ല ശരീരം. മഴ പെയ്തു തുടങ്ങുന്ന സമയത്ത് പാടത്തെല്ലാം പൊടിപടലങ്ങള്‍ വെള്ളത്തോടു ചേര്‍ന്ന് ചെളി രൂപത്തിലാകുന്നു. മഴ തുടര്‍ന്ന് നില്‍ക്കുന്നതോടെ വെള്ളം തെളിമയാര്‍ന്നു വരുന്നു. സസ്യങ്ങളില്‍ പുതുനാമ്പുകള്‍ പ്രകടമാകുന്നു. ഇതു പോലെ ശരീരവും പുതുമയാര്‍ന്നതാവുന്നു. മഴ തുടര്‍ന്ന് നില്‍ക്കുന്നതു മൂലമുള്ള തണുപ്പിനെ പ്രതിരോധിക്കാനായി ശരീരത്തില്‍ ചൂടിന്റെ വര്‍ധനവ് ഉണ്ടാകുന്നു. അതിനാല്‍ തന്നെ അഗ്നിയും വര്‍ദ്ധിക്കുന്നു. മഴ തുടങ്ങി 5-6 ആഴ്ചകള്‍ക്കു ശേഷമേ ഈ ബലത്തേയും പുതുമയേയും സ്വീകരിക്കാന്‍ ശരീരം സജ്ജമാവുകയുള്ളൂ. അതിനാല്‍ ഇടവപ്പാതിയില്‍ ആരംഭിക്കുന്ന മഴക്കാലത്തില്‍ കര്‍ക്കിടകം ആകുമ്പോഴേക്കം ശരീരം ഈ അവസ്ഥയില്‍ എത്തുന്നു. ഈ സമയത്ത് ചെയ്യുന്ന ദേഹരക്ഷ, ആ വര്‍ഷം മുഴുവന്‍ ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ പര്യാപ്തമാണ് (ചിട്ടയായ ഭക്ഷണരീതികളും ജീവിതചര്യയും പാലിക്കുന്നവര്‍ക്ക്). അതിനാലാണ് കര്‍ക്കിടക ചികിത്സ എന്ന സമ്പ്രദായം കേരളത്തില്‍ നിലവില്‍ വന്നത്. സ്വീകരിക്കുന്ന പാത്രം ശുചിയായിരുന്നാല്‍ കിട്ടുന്നത് കേടുകൂടാതെ ദീര്‍ഘകാലം സൂക്ഷിക്കാനാവുമല്ലോ. അതുപോലെ ശരീരം ശുചിയായിരുന്നാല്‍ പ്രകൃതി നല്‍കുന്ന ബലത്തെ പൂര്‍ണ്ണമായും സ്വീകരിക്കാനും ഒരു സംവത്സരം അത് നിലനിര്‍ത്താനും സാധിക്കുകയുള്ളൂ.

കര്‍ക്കിടക ചികിത്സ ശരീരത്തില്‍ അതു വരെ ഉണ്ടായിട്ടുള്ള ദോഷകോപത്തെ (തുടര്‍ന്ന് നിന്നാല്‍ രോഗകാരണമായേക്കാവുന്ന) പുറത്തു കളയുവാനും ശരീരത്തെ ബലപ്പെടുത്തുവാനും ഉദ്ദേശിച്ചുള്ളതാണ്. മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റുചെയ്യുന്നതിനോട് സമാനമാണ് ഇത്. കടന്നു കൂടിയ മാലിന്യങ്ങളൊക്കെ എടുത്തു കളഞ്ഞ്, ഫാക്ടറിയില്‍ നിന്നും പുറത്തിറക്കിയതുപോലെ ആ ഫോണ്‍ മാറും. മാലിന്യങ്ങള്‍ ഇല്ലാതാകുമ്പോള്‍ കരുത്ത് മടങ്ങിവരുന്നു. ഉപയോഗം ശരിയായി നടക്കുന്നു. ശരീരത്തെ ഫോര്‍മാറ്റ് ചെയ്യാനുള്ള ഉപാധിയാണ് വര്‍ഷം തോറും ചെയ്യുന്ന കര്‍ക്കിടക ചികിത്സ. 

ദോഷ നിര്‍ഹരണത്തെ സാധ്യമാക്കുവാനുള്ള വഴികളാണ് ശോധന ചികിത്സ. അഞ്ച് വിധത്തിലാണ് ഇവ ചെയ്യുന്നത് എന്നതിനാലാണ് പഞ്ചകര്‍മ്മങ്ങള്‍ എന്ന് പേരു വന്നിരിക്കുന്നത്.
1) വമനം: ഔഷധങ്ങള്‍ സേവിച്ച് ഛര്‍ദ്ദിപ്പിക്കല്‍
2) വിരേചനം: ഔഷധങ്ങള്‍ സേവിച്ച് വയറിളക്കല്‍
3) വസ്തി: ഗുദമാര്‍ഗത്തിലൂടെ ഔഷധം പ്രയോഗിക്കല്‍
4) നസ്യം: മൂക്കിലൂടെ ഔഷധം പ്രയോഗിച്ച് ശിരസിനെ ശോധനം ചെയ്യല്‍
5) രക്തമോക്ഷണം: ദുഷിച്ച രക്തത്തെ പുറത്തു കളയല്‍

ഈ ക്രിയാ ക്രമങ്ങള്‍ പ്രയോഗിക്കുന്നതിനു മുന്‍പായി, ശരീരത്തെ തയ്യാറാക്കേണ്ടതുണ്ട്. നെയ്യ് സേവിപ്പിക്കുക (സ്നേഹ പാനം), വിയര്‍പ്പിക്കുക എന്നിവയാണ് അതിനായി ഉപയോഗപ്പെടുത്തുന്നത്.

ഇന്ന്, കര്‍ക്കിടക ചികിത്സ എന്നാല്‍ ഉഴിച്ചിലും പിഴിച്ചിലും നവരക്കിഴിയുമാണ് എന്നായിരിക്കുന്നു പൊതുജനങ്ങളുടെ ധാരണ. ഇത് തീര്‍ത്തും തെറ്റാണ്. ദോഷങ്ങളെ പുറംതള്ളുക എന്ന പ്രവൃത്തി ചെയ്യുന്ന പഞ്ചകര്‍മ്മങ്ങള്‍ പ്രയോഗിക്കണമോ അതോ പിഴിച്ചിലോ നവരക്കിഴിയോ പോലുള്ള ദോഷങ്ങളെ ശമിപ്പിക്കുന്ന ക്രിയാക്രമങ്ങള്‍ പ്രയോഗിക്കണമോ എന്ന് തീരുമാനിക്കുന്നത് ഓരോരുത്തരുടേയും ശരീരത്തിലുള്ള ദോഷകോപത്തിന്റെയും ബലത്തിന്റെയും അടിസ്ഥാനത്തിലാണ്. കേരളത്തിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ക്കനുസരിച്ച് വിരേചനം, വസ്തി എന്നീ ചികിത്സകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. 

ഓരോ കര്‍ക്കിടക മാസവും ആരോഗ്യപരമായും ആദ്ധ്യാത്മികമായും ഉന്നതിയിലെത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഓരോരുത്തര്‍ക്കും ഈ പ്രേരണ പരമാവധി പ്രയോജനപ്പെടുത്താന്‍ ആവട്ടെ എന്ന് ആശംസിക്കുന്നു.

(പാലക്കാട് വാവന്നൂര്‍ അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പഞ്ചകര്‍മ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: Karkidakam 2020, What is Karkidaka Chikitsa, Health, Ayurveda