കേരളത്തിൽ കർക്കടകചികിത്സ രൂപപ്പെട്ടുവന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഈ നാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും മുഖ്യജീവിതോപാധിയായിരുന്ന കാർഷികവൃത്തിയുമാണ് ഇതിൽ പ്രധാനപ്പെട്ടവ. ഇവയെല്ലാം ചേർന്നാണ് മലയാളിയുടെ ജീവിതസംസ്കാരം രൂപപ്പെട്ടത്. ആ സംസ്കാരത്തിന്റെ ഈടുവെപ്പുകളിൽ ഒന്നാണ് കർക്കടകചികിത്സ.

ശ്രദ്ധാപൂർവം ഒന്ന് തിരിഞ്ഞുനോക്കിയാൽ 'ലോക്ഡൗൺ' കാലവുമായി പഴയ കർക്കടകത്തിന് ചില സമാനതകൾ ഉണ്ടെന്ന് തോന്നിപ്പോകുന്നു. സ്വമേധയാ പ്രകൃതി ഒരുക്കിയ 'ലോക്ഡൗൺ' ആണ് കർക്കടകമാസം.

അടച്ചിരുന്നുള്ള ചികിത്സ

കുടുംബമൊന്നിച്ച് വീടിനകത്ത് അടച്ചിരിക്കുന്ന സമയമായിരുന്നു കർക്കടകം. മഴയുടെ കെടുതികൾ, ഇടി, മിന്നൽ, സാംക്രമികരോഗങ്ങൾ, ഇരുട്ടും തണുപ്പും ചേരുമ്പോഴുള്ള മ്ലാനത ഇങ്ങനെ ആയുസ്സിനും ആരോഗ്യത്തിനും ഭീതിയുണർത്തുന്ന ഒട്ടേറെ കാര്യങ്ങൾ. പുറത്തിറങ്ങുന്നത് അത്യാവശ്യത്തിനുമാത്രം. പുറത്തുപോയി തൊഴിലെടുക്കുവാൻ കഴിയാത്ത ഈ സാഹചര്യം ആയിരുന്നു 'ലോക്ഡൗൺ'.

പ്രകൃതി ഒരുക്കിയ ആ പഴയകാല 'ലോക്ഡൗൺ' സമയത്തെ ക്രിയാത്മകമായി ഉപയോഗിക്കാൻ മലയാളി മനസ്സുകളിൽ ഉരുത്തിരിഞ്ഞ ആശയമായിക്കൂടി കർക്കടകചികിത്സയെ വിലയിരുത്താം. മറ്റൊരുനിലയ്ക്ക് പറഞ്ഞാൽ, വിശ്രമമില്ലാത്ത കൃഷിപ്പണികൾക്കുശേഷം ശരീരത്തിനും മനസ്സിനും നൽകുന്ന പരിചരണമാണ് കർക്കടകചികിത്സ.

ചികിത്സാക്രമങ്ങൾ

പ്രഭുകുടുംബങ്ങളിൽ ധാര, പിഴിച്ചിൽ, കിഴി മുതലായ 'ക്ലാസിക്കൽ' ആയുർവേദചികിത്സകളും 'രസായനസേവ'യും നടന്നിരുന്നു. മറ്റു വിഭാഗങ്ങൾക്കിടയിൽ കർക്കടകചികിത്സ എന്നാൽ കുഴമ്പുതേച്ചിരിക്കലും ഉഴിച്ചിലും ചൂടുവെള്ളത്തിൽ കുളിക്കലും മുക്കുടി സേവിക്കലും ഔഷധക്കഞ്ഞി കുടിക്കലും ആട്ടിൻസൂപ്പ് പോലെയുള്ള ദേഹപോഷകങ്ങളായ പ്രത്യേക വിഭവങ്ങൾ തയ്യാറാക്കി കഴിക്കലും മറ്റും ആയിരുന്നു.

വിജ്ഞാന സമന്വയം

കർക്കടക ചികിത്സാവിധികളുടെ കാര്യത്തിൽ ഉപദേശികളായത് ആയുർവേദചികിത്സകരായിരുന്നു. ഓരോ ഋതുവിലും അനുഷ്ഠിക്കേണ്ട ജീവിതക്രമത്തെക്കുറിച്ച് അവർക്ക് ശാസ്ത്രീയമായ ജ്ഞാനമുണ്ടായിരുന്നു. പ്രകൃതിയിൽ ദൃശ്യമാകുന്ന ഋതുഭേദങ്ങൾ ശരീരത്തിലും മനസ്സിലും പ്രതിഫലിക്കുന്നു. ആ നിലയ്ക്ക് ശരീരബലം കുറഞ്ഞിരിക്കുന്ന കാലമാണ് വർഷകാലം. ശരീരത്തിലെ ജൈവരാസായനിക (bio chemical) പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന മാന്ദ്യമാണ് ഇതിനുകാരണം. ഈ മാന്ദ്യമാകട്ടെ, ജൈവാഗ്നിയുടെ പ്രവർത്തന ന്യൂനതയിൽ നിന്നുടലെടുക്കുന്നതുമാണ്.

ആരോഗ്യത്തിന്റെ ബലം

അടുത്തിടെ അമേരിക്കയിലെ ഒരു മലയാളി സംഘടന നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ ഇടയായി. മീറ്റിങ്ങിനിടയിൽ ഉന്നയിക്കപ്പെട്ട ഒരു ചോദ്യം ഇതായിരുന്നു: ''കുഞ്ഞുങ്ങളുടെ ആരോഗ്യപരിരക്ഷയെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?'' അഷ്ടചൂർണം എന്ന ആയുർവേദമരുന്ന് സ്ഥിരമായി ശീലിപ്പിക്കാനാണ് നിർദേശിച്ചത്.

അഷ്ടചൂർണം ഒരു ഉദാഹരണമായി പറഞ്ഞതാണ്. എന്താണ് യുക്തി? അത് വിശദീകരിക്കാം.

അഷ്ടചൂർണത്തിന്റെ ചേരുവകൾ ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം, കരിഞ്ചീരകം, കായം എന്നിവയാണ്. ഇവയാകട്ടെ ആഹാര പാക പരിണാമ പ്രക്രിയകളെ ശക്തിപ്പെടുത്തുന്നവയാണ്. അതായത് അഗ്നിബലം വർധിപ്പിക്കുന്നത് എന്നു സാരം. അഗ്നിയാണ് ആരോഗ്യത്തിന്റെ ബലം. ആരോഗ്യത്തിന്റെ ബലം എന്നാൽ ഇമ്യൂണിറ്റി തന്നെ.

ഒരല്പം കൂടി വിശദീകരിച്ചാൽ, അഷ്ടചൂർണം നെയ്യിൽ ചേർത്ത് ആഹാരത്തോടൊപ്പം കഴിക്കാനാണ് വിധി. നെയ്യ് ഉപയോഗിക്കുന്നതിനും ഇവിടെ വലിയ പ്രാധാന്യമുണ്ട്. നെയ്യ് ഒരു പോഷകദ്രവ്യമാണ്, ശരീരത്തിനുമാത്രമല്ല ബുദ്ധിക്കും ചെറുത്തുനിൽപ്പിനും ആക്കം കൂട്ടാനും നെയ്യ് സഹായിക്കും. അങ്ങനെ അഷ്ടചൂർണം നെയ്യിൽചേർത്ത് കഴിക്കുമ്പോൾ ഫലം വർധിക്കുന്നു.

ജീവിതദൈർഘ്യവും ആരോഗ്യദൈർഘ്യവും

ഒരു വ്യക്തിയുടെ ജീവിതദൈർഘ്യം (life span) നിശ്ചയിക്കുന്നത് മസ്തിഷ്കം, ഹൃദയം, വൃക്ക മുതലായ അവയവങ്ങളാണ്. എന്നാൽ ഒരാളുടെ ആരോഗ്യദൈർഘ്യം (health span) നിശ്ചയിക്കുന്നതിൽ ഏറെ പ്രാധാന്യം കരളിനുണ്ട്. അഗ്നിയുടെ മുഖ്യസ്ഥാനമാണിത്. അഗ്നി പ്രകാശവും ഊർജവുമാണ്. നൂറു വൈദ്യന്മാർക്ക് സമനാണ് അഗ്നി എന്നറിയുക. ഇതൊരു പ്രമാണവാക്യം.

ജൈവാഗ്നി അന്യൂനമായി നിലനിൽക്കുമ്പോൾ ശരീരകോശങ്ങൾ ഊർജസമ്പന്നമാകുന്നു. ഈ ഊർജത്തിന്റെ മറ്റൊരു പേരാണ് ആരോഗ്യം. ഊർജം സംശുദ്ധവും സക്രിയവുമായി നിലനിർത്തുന്നതിന് ശരീരമനസ്സുകളിൽ അടിഞ്ഞുകൂടുന്ന അശുദ്ധികളെ നിർമാർജനം ചെയ്യേണ്ടതുണ്ട്. സംശോധനം എന്നാണ് ഈ പ്രക്രിയകളുടെ സാങ്കേതികനാമം. സംശോധനക്രിയകൾ ഒരുമിച്ച് 'പഞ്ചകർമം' എന്ന പേരിലാണ് അറിയപ്പെടുന്നത്.

എന്താണ് പഞ്ചകർമചികിത്സയുടെ ഫലം? കാഴ്ച, കേൾവി, സ്പർശം മുതലായവയുടെ കർമോത്സുകത, തെളിച്ചമുള്ള ബുദ്ധി, രക്തം, മാംസം, അസ്ഥി, രേതസ്സ് മുതലായ ധാതുക്കൾക്ക് ലഭിക്കുന്ന ഗുണപരമായ അഭിവൃദ്ധി, ചയോപചയ പ്രക്രിയയിലെ മികവ് ഇവ ശോധന ചികിത്സകൊണ്ട് ലഭിക്കുന്നു. ഇതിന്റെ ആത്യന്തികഫലമായി ദീർഘയൗവനവും സുപക്വമധുരമായ വാർധക്യവും വന്നുചേരുന്നു.

ശോധനചികിത്സയ്ക്കുശേഷം ഉചിതമായ രസായനങ്ങൾ ശീലിക്കുകയാണ് കർക്കടകചികിത്സയുടെ തുടർഭാഗം. ഇതും ഒരു ആരോഗ്യരക്ഷാകവചമാകുന്നു. ഒന്നുകൂടി ഊന്നിപ്പറഞ്ഞാൽ കർക്കടകചികിത്സയെ ഒരു Personal protective regimen (PPR) ആയി വർത്തമാനകാലത്ത് വിശേഷിപ്പിക്കാം.

കർക്കടക ചികിത്സ മുന്നൊരുക്കങ്ങൾ

കർക്കടകചികിത്സയെക്കുറിച്ച് ധാരാളം സംശയങ്ങൾ ഉയർന്നുവരാറുണ്ട്. ചില കാര്യങ്ങൾ പൊതുവായി മനസ്സിലാക്കേണ്ടതുണ്ട്. ചികിത്സയോടൊപ്പം ജീവിതചര്യാമാറ്റങ്ങൾക്കും ഒട്ടേറെ പ്രാധാന്യമുള്ള മാസമാണ് കർക്കടകം. അത്തരം മാറ്റങ്ങൾ പെട്ടെന്ന് പ്രായോഗികമാക്കാൻ പ്രയാസമായിരിക്കും. ദിനചര്യയിൽ, പ്രത്യേകിച്ച് ആഹാരകാര്യത്തിൽ മിതത്വം ശീലിച്ചുതുടങ്ങുന്നത് ചികിത്സയ്ക്ക് മുന്നോടിയായി ചെയ്യേണ്ട പ്രധാന കാര്യമാണ്. വ്യായാമം ലഘുവായി ചെയ്യാൻ ശ്രദ്ധിക്കാം.

വർഷകാലത്ത് ലൈംഗികജീവിതം പരിമിതപ്പെടുത്തണം. കുടിക്കാനും കുളിക്കാനും ചൂടുവെള്ളമാണ് നന്നാവുക (തലകഴുകാൻ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം). ഉറക്കമൊഴിക്കരുത്. മലമൂത്രങ്ങൾ യഥാസമയം വിസർജിക്കണം. മാനസിക സ്വസ്ഥത നിലനിർത്തണം. യാത്രകൾ കുറയ്ക്കണം. വൈകാരികവിക്ഷോഭങ്ങൾ നിയന്ത്രിക്കുക. ഇതിനായി വാക്കുകളുടെ മിതത്വം ശീലിക്കാം.

ചികിത്സ ആരംഭിക്കുന്നതിനു മുൻപ് വൈദ്യോപദേശ പ്രകാരം യുക്തമായ ഔഷധം സേവിച്ച് വയറിളക്കുന്നത് നല്ലതാണ്. ശാരീരികാവസ്ഥ അനുവദിക്കുമെങ്കിൽ കുളിക്കുന്നതിനു പത്തോപതിനഞ്ചോ മിനിറ്റ് മുൻപ് ദേഹത്ത് എണ്ണ/കുഴമ്പ് പുരട്ടി തടവാം. തുടർന്ന് ഒരുക്കങ്ങളോടെ ചികിത്സ തുടങ്ങാം.

ചികിത്സയുടെ സ്വഭാവം

ഏതുതരം ചികിത്സ വേണം എന്നുള്ളത് വ്യക്തിഗതമായ പ്രത്യേകതകൾ പരിഗണിച്ച് മാത്രമേ നിശ്ചയിക്കാനാകൂ. ആ കാര്യം വൈദ്യന് വിടുക. സ്വയം ചികിത്സ ആപത്താണ്. പ്രായത്തിനനുസരിച്ചും ചികിത്സകളിൽ മാറ്റങ്ങളുണ്ടാകും. ചികിത്സയിൽ കഴിയുന്ന കാലത്ത് രോഗിയിലുണ്ടാകുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സാരീതികളിൽ വരുത്തേണ്ട മാറ്റങ്ങൾ അതിപ്രധാനമാണ്.

പ്രധാന ഔഷധങ്ങൾ

സസ്യൗഷധങ്ങളാൽ സമൃദ്ധമാകുന്ന ഒരു കാലമാണ് വർഷഋതു. ആഹാരമായും ഔഷധമായും മാറുന്ന സസ്യങ്ങളെ വിവിധരൂപത്തിൽ കർക്കടകചികിത്സയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. ദശപുഷ്പവും പത്തിലയും ഉദാഹരണങ്ങൾ.

ചുക്ക്, ജീരകം, അയമോദകം, പുളിയാരില, കുടകപ്പാലയരി, തുളസി, മഞ്ഞൾ എന്നിങ്ങനെയുള്ള ഔഷധക്കൂട്ടുകളാണ് കർക്കടകചികിത്സയിൽ പ്രധാനമായും ഇടം നേടുന്നത്. ഉഴിഞ്ഞ, കയ്യോന്നി, കറുക, ചെറൂള, തിരുതാളി, നിലപ്പന, പൂവാംകുറുന്നില, മുക്കുറ്റി, മുയൽച്ചെവി, വിഷ്ണുക്രാന്തി എന്നിവ കർക്കടകമാസത്തിൽ പ്രസക്തിയേറുന്ന ദശപുഷ്പങ്ങളാണ്. തകര, മത്തൻ, കുമ്പളം മുതലായവയുടെ ഇലകൾ പത്തില എന്ന പേരിൽ ഭക്ഷ്യപദാർഥങ്ങളായി മാറുന്നു.

ഇക്കാര്യങ്ങളിൽ പ്രാദേശികമായ ചില വ്യത്യാസങ്ങൾ നിലവിലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ആഹാരം പോലെതന്നെ ഔഷധവും ഒരാളുടെ പരിസരത്തുണ്ട് എന്ന സങ്കല്പത്തിന്റെ ഓർമ പുതുക്കലാണ് കർക്കടകമാസത്തിൽ നടക്കുന്നത്.

ആഹാര കാര്യങ്ങൾ

ഏറ്റവും പ്രധാനം ഔഷധക്കഞ്ഞികളാണ്. വേഗം ദഹിക്കുന്ന ആഹാരപദാർഥങ്ങളിൽ ഒന്നാണ് കഞ്ഞി. വയറിനും മനസ്സിനും തൃപ്തിനൽകിയിരുന്ന ആഹാരമായ കഞ്ഞി ഔഷധീകരിച്ച് ഉപയോഗിക്കുന്നതാണ് കർക്കടകക്കഞ്ഞി.

കരുതൽ മനസ്സിനും

മാനം കറുക്കുമ്പോൾ മനസ്സിൽ ഉരുണ്ടുകൂടുന്ന ആശങ്കയും വിഷാദവും അകറ്റാൻ പുരാണ പാരായണവും സംഗീതവും യോഗാഭ്യാസവും ധ്യാനവും പ്രതിവിധികളാവുന്നു. ഇവയെല്ലാം കർക്കടകചികിത്സയുടെ ഭാഗമായി മാറിയതിലും തികഞ്ഞ യുക്തിയുണ്ട്.

കോവിഡ് 19-നെ നേരിടാൻ എല്ലാവരും ഒരുമിച്ച് തയ്യാറെടുക്കേണ്ട സമയമാണ്. ഈ രോഗത്തിന്റെ ഭീഷണി മാസങ്ങളോളമോ ചിലപ്പോൾ വർഷങ്ങളോളമോ നിലനിന്നേയ്ക്കാം. ഇതൊരു ഹ്രസ്വദൂരഓട്ടമല്ല. മാരത്തോൺ തന്നെയാണ്. കരുതലോടെ, പ്രതീക്ഷയോടെ മുന്നേറുകയാണ് ഏകമാർഗം. വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യോന്മുഖമായ ശാക്തീകരണമാണ് കരണീയമായിട്ടുള്ളത്. ഈ വർഷത്തെ കർക്കടകചികിത്സയ്ക്ക് പതിവിലേറെ പ്രസക്തിയും പ്രാമുഖ്യവും ഉണ്ട്. ആത്യന്തികമായി കർക്കടകചികിത്സ ഉന്നംവയ്ക്കുന്നത് ആരോഗ്യത്തിന്റെ ദൃഢീകരണമാണല്ലോ.

(കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ അഡീഷണൽ ചിഫ് ഫിസിഷ്യൻ ആണ് ലേഖകൻ)

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Arogyamasika
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം

Content Highlights:Karkidakam 2020, Karkidakam is Nature lockdown time, Health, ayurveda