രു പഴയ കര്‍ക്കടകസംക്രാന്തിയുടെ ഓര്‍മയാണ് മനസ്സിലേയ്ക്ക് വരുന്നത്. ആ ദിവസം സന്ധ്യയ്ക്ക് ചില ചടങ്ങുകള്‍ ഒരാചാരംപോലെ നാട്ടിന്‍പുറത്തുള്ള വീടുകളില്‍ നടത്തിപ്പോന്നിരുന്നു. ചേട്ടയെ പുറത്താക്കി ശ്രീഭഗവതിയെ കുടിയിരുത്തുക എന്നതായിരുന്നു സങ്കല്പം. മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്ത് വിശുദ്ധിയെ പ്രതിഷ്ഠിക്കലാണ് യഥാര്‍ഥത്തില്‍ അവിടെ നടന്നിരുന്നത്. മാലിന്യങ്ങള്‍ നിറയുക ശരീരത്തിലും മനസ്സിലും പരിസരങ്ങളിലുമാണ്. പലപ്രകാരേണ വന്നുചേരുന്ന ഈ മാലിന്യങ്ങളാണ് ജീവിതത്തിന്റെ തിളക്കം കളയുന്നത്.

ഇതേ വിഷയംതന്നെ വൈദ്യത്തിന്റെ ഭാഷയില്‍ രോഗം ആരോഗ്യം എന്നിവയുമായി അന്വയിപ്പിക്കാവുന്നതാണ്. കര്‍ക്കടകമാസം ആരംഭിക്കുമ്പോള്‍ തന്നെ ആരോഗ്യരക്ഷയ്ക്ക് പരമ്പരാഗതമായി അനുവര്‍ത്തിക്കുന്ന ജീവിതശീലങ്ങളും ചികിത്സകളും ഒരു വ്രതാനുഷ്ഠാനംപോലെ ചെയ്തുപോരുന്നത് ഇക്കാരണത്താലാണ്. കാലവും കാലാവസ്ഥയും മാറിയപ്പോള്‍ കര്‍ക്കടകചികിത്സയുടെ സമ്പ്രദായം മാറിയത് സ്വാഭാവികം. എന്നിരുന്നാലും ഈ ചികിത്സയുടെ പ്രകാശപൂര്‍ണമായ അന്തസ്സത്ത മനസ്സില്‍ എക്കാലവും ഉറപ്പിച്ചുനിര്‍ത്തേണ്ടതുണ്ട്. അത് കാലാതിവര്‍ത്തിയാകുന്നു.

ജീവിതത്തെ ഊര്‍ജഭരിതമായി നിലനിര്‍ത്തുക 
ജൈവോര്‍ജം നിറഞ്ഞുനില്‍ക്കുന്നിടത്തോളം ജീവിതം യൗവനയുക്തമായി തുടരുന്നു. സ്തന്യമാണ് ആദ്യത്തെ ഊര്‍ജഖനി. അമ്മയുടെ സ്‌നേഹമാണ് ആദ്യത്തെ പുതപ്പ്. ഇതൊക്കെ പ്രകൃതിനിശ്ചയം. ക്രമേണ ആരോഗ്യപരിപാലനം എന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കേണ്ട ബാധ്യതയുണ്ട് ഓരോരുത്തര്‍ക്കും. തെളിഞ്ഞുകത്തുന്ന ഒരു ദീപത്തോടാണ് ആയുസ്സിനെ ഉപമിച്ചിട്ടുള്ളത്. ഈ ദീപനാളം അണയാതെ എണ്ണ പകര്‍ന്നുകൊണ്ടേയിരിക്കണം. കാറ്റും മഴയും വരുമ്പോള്‍ കെടാതിരിക്കുവാന്‍ ശ്രദ്ധാപൂര്‍വം കൈകള്‍കൊണ്ട് ദീപനാളം മറച്ചുപിടിക്കണം. ഇതാണ് പ്രതിരോധത്തിന്റെ സാരം.

പ്രകൃതിയും പ്രപഞ്ചവുമായിരുന്നു മനുഷ്യന്റെ ആദ്യകാല പാഠപുസ്തകങ്ങള്‍. അവയെ പഠിച്ചുകൊണ്ടാണ് ജീവിതത്തിന്റെ ആരോഗ്യപൂര്‍ണമായ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ എക്കാലവും ആവിഷ്‌കരിച്ചുപോന്നിട്ടുള്ളത്. ആ നിലയ്ക്ക് ആയുര്‍വേദം കാലത്തിന്റെയും സമൂഹത്തിന്റെയും സൃഷ്ടിയാണ്. ജീവിതത്തിന്റെ നിമ്നോന്നതങ്ങളെ കാണുകയും അളക്കുകയും അനുഭവിക്കുകയും ചെയ്ത മേധാവികളായ മനുഷ്യര്‍ ആയുര്‍വേദത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി ആത്മസമര്‍പ്പണം ചെയ്തിട്ടുണ്ട്. അവരെ അനുസ്മരിക്കുന്നു.

സ്വയം ഭവിക്കുന്നവയും വന്നുചേരുന്നവയുമായ കെടുതികളെ തരണംചെയ്യാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആയുര്‍വേദത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിത്യവും നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമാണ് ആയുര്‍വേദം. എന്നാല്‍, മൗലികമായ തത്ത്വങ്ങളെ നിരാകരിച്ചുകൊണ്ടുള്ള നവീകരണമല്ല ആയുര്‍വേദത്തില്‍ നടക്കുന്നത്. അതിനാല്‍, പുരാതനവും നവീനവുമായ ശാസ്ത്രഭാവനകളുടെ ഒരു സമഗ്രത ആയുര്‍വേദത്തിനുണ്ട്. ഈ സമഗ്രതയാകട്ടെ ഇക്കാലത്തും പ്രസക്തമാണ്. ഇതാണ് ഭാരതീയ വൈദ്യത്തിന്റെ ബലം.

കോവിഡ് 19 ലോകജനതയെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ചുറ്റിലും ഭയവും പരിഭ്രാന്തിയുമുണ്ട്. ഈ ഘട്ടത്തെ അതിജീവിക്കാനുള്ള പ്രയത്‌നങ്ങള്‍ പ്രശംസനീയമായ നിലയ്ക്ക് കേരളത്തിലും ഭാരതത്തിലും നടന്നുപോരുന്നു. ആയുര്‍വേദം അടക്കമുള്ള 'ആയുഷ്' വകുപ്പിന്റെകൂടി ഫലപ്രദമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് ഭരണാധികാരികളും ജനങ്ങളും ആഗ്രഹിക്കുന്നു. ഈ വര്‍ഷത്തെ കര്‍ക്കടകചികിത്സയെ നോക്കിക്കാണേണ്ടത് ഈ പശ്ചാത്തലത്തില്‍കൂടിയാണ്.

പുതിയ തലമുറയോട് ചില കാര്യങ്ങള്‍കൂടി പറയട്ടെ. വാക്സിനുകളും ആന്റിബയോട്ടിക്കുകളും ജന്മമെടുക്കുന്നതിനുമുന്‍പ് മനുഷ്യന്‍ സ്വയംസംരക്ഷണത്തിനുവേണ്ടി ശ്രദ്ധാപൂര്‍വം ജീവിതത്തെ ചിട്ടപ്പെടുത്തിയിരുന്നു. ഊണിന് കൃത്യവും വാക്കിന് സത്യവും ശീലിച്ചിരുന്നു. ഉറക്കമാണ് ഉണര്‍വിന്റെ പിന്‍ബലം എന്ന് അനുഭവത്തിലൂടെ അവര്‍ മനസ്സിലാക്കിയിരുന്നു. പ്രകൃതിയിലെ ഔഷധസമ്പത്തിന്റെ വൈപുല്യവും കരുത്തും വേണ്ടവിധം ഉപയോഗപ്പെടുത്താനുള്ള വിവേകം അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആരോഗ്യം എന്നത് ഒരു 'പര്‍ച്ചേസബിള്‍ കമ്മോഡിറ്റി' അല്ല എന്നും ഒരു കര്‍ഷകന്റെ മനസ്സോടെ നട്ടും നനച്ചും വളര്‍ത്തിയുണ്ടാക്കേണ്ട ഒരു സംസ്‌കാരമാണെന്നും ഉള്ള ബോധ്യം അവര്‍ക്കുണ്ടായിരുന്നു. ശുദ്ധമായ ആഹാരവും ആനന്ദവും കണ്ടെത്താനുള്ള വഴിയാകുന്നു കാര്‍ഷികവൃത്തി. ആരോഗ്യകാര്യത്തിലും ഇത്തരത്തിലുള്ള കേരളീയ സാംസ്‌കാരിക പൈതൃകം പിന്‍തുടരുക.

ആധുനിക വിവരസങ്കേതികവിദ്യയുടെ വാതിലുകള്‍ ആയുരാരോഗ്യസൗഖ്യത്തിലേയ്ക്കുള്ള വിശാലമായ പ്രകാശപാതകളിലേയ്ക്ക് തുറക്കുന്നു. അവയെ ഉപയോഗപ്പെടുത്തി അനാദിയായ ആയുര്‍വേദത്തെ അനന്തമായി നിലനിര്‍ത്തുക.

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

 

Arogyamasika
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം

Content Highlights: Karkidakam 2020, Dr P K Warrier writes about Karkidakam, Ayurveda, Health