ളിക്കിടയില്‍ മഴ ഇഷ്ടം പോലെ കൊണ്ടിട്ടുണ്ടാവും! തല തുവര്‍ത്തിയിട്ടും നനഞ്ഞ ഡ്രസ്സ് മാറ്റി ഭക്ഷണം ചൂടോടെ കൊടുത്തിട്ടുമൊന്നും രക്ഷയില്ല! രാത്രി മൂക്കടപ്പും ചുമയും തുടങ്ങി. ചെറിയ പനിയും... ഒരു മഴയും വെയിലുമൊക്കെ എത്ര വേഗമാണ് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുക! തുടക്കത്തില്‍ നിസ്സാരമായി തോന്നിയ ചുമയും മൂക്കടപ്പും ക്രമേണ രൂക്ഷമായി ന്യുമോണിയവരെ ആകാം! മാത്രമല്ല ഇപ്പോള്‍ കോറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ രോഗപ്രതിരോധ ശക്തിക്ക് പ്രത്യേകം കരുതല്‍ വേണം.

ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്ന ദിനചര്യയും (ഒരു ദിവസം നാം ചെയ്യേണ്ടതായ കാര്യങ്ങള്‍) ഋതുചര്യയും (മാറിവരുന്ന ഋതുക്കളില്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍) നമുക്ക് ആരോഗ്യവാന്മാരായി ജീവിക്കാനുള്ള നിരവധി ഉപായങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. കാലത്തിന് വരുന്ന മാറ്റങ്ങള്‍ നമ്മുടെ ശരീരത്തിലും കാണാം. ഈ മാറ്റങ്ങളില്‍ പോസിറ്റീവും നെഗറ്റീവും ഉള്‍പ്പെടുന്നു. നെഗറ്റീവ് ഇഫക്ടുകള്‍ ഇല്ലാതെ ജീവിക്കാനുള്ള വഴികളാണ് ദിനചര്യയും ഋതുചര്യയും വിവരിക്കുന്നത്. 

കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ കാലാവസ്ഥാമാറ്റത്തിന് വലിയൊരു സ്ഥാനമുണ്ട്. മഴക്കാലത്ത് കഫജന്യമായ രോഗങ്ങളായിരിക്കും അധികവും കുട്ടികളില്‍ കണ്ടുവരാറ്. ഏത് കുട്ടിക്കാണോ ശുദ്ധമായ മുലപ്പാലും കൃത്യമായ മലശോധനയും വിശപ്പുമുള്ളത് ആ ശിശു ആരോഗ്യവാനായിരിക്കും. വര്‍ഷകാലത്ത് ജഠരാഗ്‌നി (ദഹനശേഷി) മന്ദീഭവിക്കുന്നു. 'ജലകണങ്ങളോടുകൂടി വീശുന്ന കാറ്റുകൊണ്ടും അമ്ലപാകത്തെ ഉണ്ടാക്കുന്ന, ഭൂമിയില്‍നിന്ന് പൊങ്ങുന്ന ആവികൊണ്ടും കലങ്ങിയ വെള്ളംകൊണ്ടും അഗ്‌നിയും ദോഷങ്ങളും ദുഷിപ്പിക്കുന്നു' എന്ന് ആയുര്‍വേദം പറയുന്നു. ത്രിദോഷ വൈഷമ്യം ഉണ്ടാക്കാത്തതും അഗ്‌നിദീപ്തി ഉണ്ടാക്കുന്നതുമായ ആഹാര-വിഹാര- അന്നപാനങ്ങള്‍ ശീലിക്കുകയാണ് അസുഖങ്ങളെ അകറ്റുന്നതിനുള്ള പോംവഴി.

ആഹാരം

പഴക്കം ചെന്ന ഗോതമ്പ്,അരി,പയര്‍ മുതലായ ധാന്യങ്ങള്‍, സൂപ്പ് ( മാംസരസം), മുതിര എന്നിവ, പഴക്കം ചെന്ന മദ്യം,അരിഷ്ടങ്ങള്‍,പഞ്ചകോലമോ തുവര്‍ച്ചിലയുപ്പോ ചേര്‍ത്ത തൈര്‍വെള്ളം,കാച്ചി വറ്റിച്ചെടുക്കുന്ന കിണര്‍വെള്ളം എന്നിവ ദഹനശേഷിയുണ്ടാക്കുന്ന ആഹാരങ്ങളാണ്. കാര്‍മേഘം നിറഞ്ഞ ദിവസങ്ങളിലും ശക്തമായ മഴയുള്ള ദിവസങ്ങളിലും നെയ്യും പുളിയും ഉപ്പും ചേര്‍ത്ത ഭക്ഷണം കഴിക്കണം. ഇവ ജലാംശം കുറഞ്ഞതും ലഘുവുമാവാന്‍ ശ്രദ്ധിക്കാം.

ഈര്‍പ്പമില്ലാത്ത വസ്ത്രങ്ങള്‍

മഴക്കാലത്തെ ജീവിതരീതികളെക്കുറിച്ച് ആയുര്‍വേദം പറയുന്നുണ്ട്. ചെരിപ്പില്ലാതെ നടക്കരുത്, ഉണങ്ങിയ വസ്ത്രം മാത്രം ധരിക്കുക എന്നിങ്ങനെയാണത്.
 
ചികിത്സകള്‍ 

ശരീരത്തിലെ ദോഷങ്ങള്‍ ശരിയായ വിധത്തിലാക്കാന്‍ വമനം, വിരേചനം, കഷായവസ്തി എന്നീ ചികിത്സകള്‍ മഴക്കാലത്ത് ചെയ്യാം.

ചുമ, കഫക്കെട്ട് എന്നിവയ്ക്ക് 

ചുമ, കഫക്കെട്ട് എന്നിവയ്ക്ക് തുളസിനീരും തേനും മിശ്രിതമാക്കി നല്‍കാം. അല്ലെങ്കില്‍ പനിക്കുര്‍ക്കില,സ്വരസം എന്നിവ തേന്‍ ചേര്‍ത്ത് നല്‍കുക. ആടലോടകനീരും തേനും ചാലിച്ച് നല്‍കുന്നത് ഗുണം ചെയ്യും. മരുന്ന് കൊടുക്കുന്നത് കുട്ടിയുടെ പ്രായത്തിനും തൂക്കത്തിനും രോഗത്തിന്റെ കാഠിന്യത്തിനും അനുസരിച്ചാണ്. പൊതുവെ, തേന്‍ ചേര്‍ത്ത് കൊടുക്കുന്ന സ്വരസങ്ങള്‍ 5-10 മില്ലി മുന്ന് നേരം കൊടുത്താല്‍ മതിയാവും. ചെറിയ ജലദോഷവും കഫക്കെട്ടും ആണെങ്കില്‍ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് ആവി പിടിക്കുക.രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ചാണ് ആവി പിടിപ്പിക്കേണ്ടത്.മൂക്കടപ്പ് ശക്തമാണെങ്കില്‍ ഇടയ്ക്കിടെ ആവി പിടിപ്പിക്കണം.മൂക്കിലൂടെയും വായയിലൂടെയും ആവി വലിക്കണം.

ദഹനക്കേടിന് 

ദഹനക്കേടുണ്ടെങ്കില്‍ ചുക്കുവെള്ളം ഇടയ്ക്കിടെ കുടിപ്പിക്കുക. മുപ്പത് ഗ്രാം ചുക്ക് മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ചുക്കുവെള്ളം തയ്യാറാക്കാം.

തേച്ചുകുളി

കുഞ്ഞുങ്ങള്‍ക്ക് ദേഹത്ത് തേച്ച് കുളിക്കാന്‍  ലാക്ഷാദി/നാല്പാമരാദി എണ്ണകള്‍ ഉപയോഗിക്കാം. എണ്ണ ഇളം ചൂടോടെ കുട്ടികള്‍ക്ക് ദേഹത്ത് തേയ്ക്കുന്നതാണ് നല്ലത്. എണ്ണതേപ്പ് കഴിഞ്ഞ് ഒരു പത്ത് മിനുട്ട് കുട്ടികളെ കളിക്കാന്‍ വിടുക. അല്ലെങ്കില്‍ ദേഹം തലോടിക്കൊടുക്കുക. തേങ്ങപ്പാലില്‍ ചെത്തിപ്പൂവ് അരച്ചത് ചേര്‍ത്തതും ദേഹത്ത് തേയ്ക്കാന്‍ ഉപയോഗിക്കാം. നീരിറക്കത്തിന് , കുളി കഴിഞ്ഞ് രാസ്‌നാദി ചൂര്‍ണം സ്ഥിരമായി തലയില്‍ തിരുമ്മുക.

കൊച്ചുകുട്ടികള്‍ക്ക് അവരുടെ ദഹനശക്തി വര്‍ദ്ധിപ്പിക്കാനുതകുന്ന ചെറിയ മരുന്നുകളാണ് കൊടുക്കുന്നത്. ജീവിതരീതികള്‍ പോഷിപ്പിച്ചുകൊണ്ട്, പോഷകമൂല്യങ്ങള്‍ അടങ്ങിയ ആഹാരം കഴിപ്പിക്കുക. രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും. തീരെ ചെറിയ കുട്ടികള്‍ക്ക് ( ഒരു വയസ്സുവരെയുള്ളവര്‍ക്ക്) സ്വര്‍ണ്ണം,വയമ്പ്,രുദ്രാക്ഷം എന്നിവ തേനില്‍ അരച്ച് കൊടുക്കുന്നത് പ്രതിരോധശേഷിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കും. ആയുര്‍വേദവൈദ്യന്റെ മേല്‍നോട്ടത്തില്‍ പ്രായത്തിനനുസരിച്ചാണ് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നത്. വലിയ കുട്ടികള്‍ക്ക് ച്യവനപ്രാശം നല്‍കാം. ഇതും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരണം ആയിരിക്കണമെന്നുണ്ട്.

Content Highlights: ayurvedic tips for child health in monsoon, karkkidakam 2020