ദുര്‍ഘടകാലമെന്ന് പഴമക്കാര്‍ പറയുന്ന കര്‍ക്കടകം വ്യത്യസ്തമായ ഭക്ഷണശീലത്തിന്റെ കാലംകൂടിയാണ്. ആരോഗ്യം നിലനിര്‍ത്താന്‍ ഉപയോഗിച്ച പലതരം നാട്ടുമരുന്നുകളുടെ കുട്ടത്തില്‍ വേറിട്ടുനില്‍ക്കുന്ന മരുന്നുകൂട്ടാണ് മലപ്പുറത്തുമാത്രം കാണുന്ന 'തേങ്ങാമരുന്ന്'.

കര്‍ക്കടകത്തിലെ തണുപ്പും മഞ്ഞും മഴയും ശരീരത്തെ ദുര്‍ബലമാക്കുമ്പോള്‍ പ്രതിരോധശേഷി ഉയര്‍ത്താനും കരുത്തുകൂട്ടാനുമായി പാരമ്പര്യവൈദ്യന്‍മാര്‍ നിര്‍ദേശിച്ചിരുന്ന മരുന്നാണ് 'തേങ്ങാമരുന്ന്'. ശരീരവേദന, തരിപ്പ്, കടച്ചില്‍ എന്നിവയ്ക്ക് ആശ്വാസമുണ്ടാകുമെന്ന് നാട്ടുമരുന്നുഗവേഷകനും അധ്യാപകനുമായ ഡോ. പ്രമോദ് ഇരുമ്പുഴി പറയുന്നു.

തേങ്ങാമരുന്നുണ്ടാക്കാം

വലിയ തേങ്ങയുടെ കണ്ണുതുറന്ന് വെള്ളം കളയണം. പിന്നെ ആറുതരം ധാന്യങ്ങളായ അരിയാറ് (കൊടകപ്പാലയരി, ചെറുപുന്നരി, കൊത്തമ്പാലയരി, കാര്‍ഗോലരി, വിഴാലരി, ഗോതമ്പ്), ചെറുപയര്‍, മുതിര, ഉഴുന്ന്, അശാളി, കടുക്, മഞ്ഞള്‍, മല്ലി, ഉറുമാമ്പഴത്തോട്, അയമോദകം, ഉലുവ, ചുക്ക്, ശതകുപ്പ, തക്കോലം എന്നിവ സമാന അളവില്‍ വറുത്തുപൊടിച്ചെടുക്കണം. അതിലേക്ക് ത്രിഫലത്തോട് (നെല്ലിക്ക, താന്നിക്ക, കടുക്ക), ജീരകം, പെരുംജീരകം, കരിംജീരകം, ഏലക്ക, എലവര്‍ങം, ഗ്രാമ്പൂ എന്നിവയും സമാന അളവിലെടുത്ത് വറുത്തുപൊടിച്ചു ചേര്‍ക്കണം.

ഇവ തേങ്ങയ്ക്കുള്ളില്‍ നിറയ്ക്കുക. അതിനുശേഷം മണ്ണുകൊണ്ട് തേങ്ങയുടെ ദ്വാരം അടയ്ക്കാം. ഈ തേങ്ങ അടുപ്പിലെ കനലില്‍വെച്ച് ചിരട്ട കരിയുവോളം വേവിക്കണം. ചിരട്ട കത്തിത്തുടങ്ങിയാല്‍ പൊട്ടിച്ച് തേങ്ങയും മരുന്നും ഇത്തിരി ശര്‍ക്കരയും ചേര്‍ത്ത് ഉരലിലോ മിക്‌സിയിലോ ഇട്ട് പൊടിച്ചശേഷം ഇളംചൂടോടെ കഴിക്കാം.

മലപ്പുറത്ത് ഗ്രാമങ്ങളില്‍ പണ്ട് ഈ മരുന്ന് വൈദ്യന്‍മാര്‍ നല്‍കിയിരുന്നു. ഇന്ന് തനതുരീതിയില്‍ നിര്‍മിക്കുന്നവര്‍ കുറവാണെങ്കിലും പാരമ്പര്യ വൈദ്യന്‍മാരുടെ കടകളില്‍ ഇതിന്റെ കൂട്ട് ലഭ്യമാണ്. അതില്‍ തേങ്ങ ചിരകിയിട്ട് വറുത്തു കഴിക്കാം.

ശരീരത്തിന് ചൂടുനല്‍കുന്ന ഔഷധങ്ങളാണ് ഇതിന്റെ കൂട്ടുകള്‍. ഒരാള്‍ക്ക് ദിവസം 15 ഗ്രാം കഴിച്ചാല്‍ മതിയാവും. ഒരാഴ്ചയും 15 ദിവസവും ഒരുമാസവുമൊക്കെ പണ്ടുള്ളവര്‍ ഈ മരുന്ന് കഴിച്ചിരുന്നു. അക്കാലത്ത് കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മൂരികള്‍ക്കും ഈ മരുന്ന് കൊടുത്തിരുന്നതായി ഡോ. പ്രമോദ് ഇരുമ്പുഴി പറയുന്നു.

Content Highlight: Special Herbal medicine for Karkkidakam health care, Thenga marunnu