ഴമക്കാരുടെ മനസ്സില്‍ കര്‍ക്കടകം പഞ്ഞമാസമായിരുന്നു. പണിയില്ലാത്ത, രോഗം കൂട്ടിനുള്ള തണുപ്പന്‍ മാസം. തോരാതെ പെയ്യുന്ന മഴയില്‍ വീടിന് പുറത്തിറങ്ങാന്‍കൂടി കഴിയാത്ത കാലം. മഴക്കാലരോഗങ്ങളും കൈയില്‍ കാശില്ലാത്ത വിഷമവും കര്‍ഷകരായ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്ന നാളുകള്‍. പഴയതുപോലെ പലര്‍ക്കും കര്‍ക്കടകം പഞ്ഞമാസമല്ലെങ്കിലും രോഗത്തിനും കാലാവസ്ഥയ്ക്കും മാറ്റമില്ല. പനിയും ദേഹവേദനയും വാതവും എല്ലാം തലപൊക്കുന്ന കാലം.

കര്‍ക്കടകത്തിന്റെ ദോഷങ്ങളും ദുരിതങ്ങളും അകറ്റാന്‍ പഴമക്കാര്‍ ചില കരുതലുകളെടുത്തിരുന്നു. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിച്ചും വിഷമതകളകറ്റാനാണ് അവര്‍ ശ്രമിച്ചത്. പഴഞ്ചൊല്ലുകളിലൂടെ അത് വരുംതലമുറയ്ക്ക് പകര്‍ന്നുനല്‍കുകയും ചെയ്തു.

അമൃത് തളിച്ച പത്തില തോരന്‍

ചക്കേം മാങ്ങേം പത്തീസം, താളും തകരേം പത്തീസം, അങ്ങനേം ഇങ്ങനേം പത്തീസം എന്ന പഴഞ്ചൊല്ല് കര്‍ക്കടകത്തിലെ ഭക്ഷണദാരിദ്ര്യത്തെയും ഭക്ഷണക്രമത്തെയും സൂചിപ്പിക്കുന്നതാണ്. ഭക്ഷണത്തില്‍ പത്തിലകള്‍ തോരന്‍വെച്ചു കഴിക്കുക എന്നതാണ് പ്രധാനം. ഉദരരോഗങ്ങള്‍ക്ക് ഉത്തമ ഔഷധമായി പത്തില തോരനെ ആയുര്‍വേദ ആചാര്യന്മാര്‍ കണ്ടിരുന്നു. താള്, തകര, മത്തന്‍, കുമ്പളം, ചേന, ചേമ്പ്, ചീര, പയറ്, ആനത്തുമ്പ, തഴുതാമ എന്നിവയാണ് പത്തിലകള്‍. ദേശഭേദങ്ങളനുസരിച്ച് ഇലകളില്‍ മാറ്റം വരാം. ദേവന്മാര്‍ ഇലകളില്‍ അമൃത് വര്‍ഷിക്കുന്ന കാലമാണ് കര്‍ക്കടകം എന്നാണ് സങ്കല്പം. സാധാരണ തോരന്‍ വെയ്ക്കുന്ന മുരിങ്ങയിലയില്‍ ഇക്കാലം വിഷാംശമുണ്ടെന്നും അത് വര്‍ജിക്കണമെന്നും പറയുന്നു. കര്‍ക്കടക ചേമ്പ് കട്ടിട്ടെങ്കിലും കൂട്ടണമെന്ന് പഴഞ്ചൊല്ലില്‍ പറയുന്നുണ്ട്.

ആന്റി ഓക്‌സിഡന്റ്‌സുകള്‍ , ധാതുലവണങ്ങള്‍ , വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, നാരുകള്‍ എന്നിവയുടെ കലവറയായ ഇലക്കറികള്‍ ശരീരം ദുര്‍ബലമായിരിക്കുന്ന കര്‍ക്കിടക മാസത്തില്‍ കഴിക്കുന്നത് ഏറെ ഗുണകരമാണ്. ഇലക്കറികള്‍ കഴിക്കുന്നത് കുടലിന്റെ ചലനശേഷി വര്‍ധിപ്പിക്കുന്നതു വഴി ദഹനപ്രകിയ സമ്പൂര്‍ണമായും മെച്ചപ്പെടുത്തും. അതുവഴി ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശം നീക്കം ചെയ്യാനും ഈ ഇലക്കറികള്‍ക്ക് സാധിക്കും.

കര്‍ക്കിടകം സുഖചികിത്സയ്ക്ക് പറ്റിയകാലം

തണുത്ത കാലാവസ്ഥയില്‍ ശരീരവേദന, പനി, ചുമ, വാതരോഗങ്ങള്‍ എന്നിവയെ മറികടക്കാനും പഴമക്കാരുടെ കൈയില്‍ വിദ്യകളുണ്ടായിരുന്നു. കഞ്ഞിയില്‍ പച്ചമരുന്നുകളും അങ്ങാടിമരുന്നുകളും ചേര്‍ത്ത് മരുന്നുകഞ്ഞി ഉണ്ടാക്കി കുടുംബത്തില്‍ എല്ലാവരും ചേര്‍ന്ന് കഴിക്കുകയായിരുന്നു പതിവ്. ഇന്ന് മരുന്നുകഞ്ഞിക്കൂട്ട് കടകളില്‍ സുലഭം. തേങ്ങാമരുന്ന്, ചുക്കുകാപ്പി, ശരീരവേദനയകറ്റാന്‍ ഉഴിച്ചില്‍, പിഴിച്ചില്‍ എന്നീ ചികിത്സകളും കര്‍ക്കടകത്തില്‍ ചെയ്യാറുണ്ട്.

Content Highlight: Karkkidakam Lifestyle