ര്‍ക്കടകത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഇലക്കറിയും തവിടിന്റെ അടയും കഴിക്കുക മലയാളിയുടെ ശീലമായിരുന്നു. താള്, തകര, തഴുതാമ, പയറ്, ചീര, മത്തന്‍, കുമ്പളം, ചേന, ചേമ്പ്, തൂവ എന്നിവയുടെ ഇലകൊണ്ടാണ് ഇലക്കറി ഉണ്ടാക്കാറുള്ളത്. പത്തിലക്കറി കഴിക്കല്‍ കര്‍ക്കടകത്തിന്റെ പ്രത്യേക ആഹാരവിധിയാണ്.

കര്‍ക്കടകത്തില്‍ ദശപുഷ്പത്തിന്റെ ഉപയോഗം, തവിടപ്പം കഴിക്കുക, മുക്കുടി കുടിക്കുക എന്നിവ ആരോഗ്യദായകമാണ്. കാലാവസ്ഥ മാറുന്നതുകൊണ്ടുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ വയറിളക്കാം. വൈദ്യനിര്‍ദേശാനുസരണം വേണം ഇതിനുള്ള മരുന്നുപയോഗിക്കാന്‍. കല്യാണഗുളം എല്ലാ കാലാവസ്ഥകളിലും ഉപയോഗിക്കാം.

ദഹനശക്തി ഇല്ലാത്തതാണ് എല്ലാ രോഗങ്ങള്‍ക്കും കാരണമായി ആയുര്‍വേദം പറയുന്നത്. കൃത്രിമാഹാരങ്ങളും രാസവസ്തുക്കളും അടങ്ങിയ ഭക്ഷണം ശീലിച്ച് ദഹനവ്യവസ്ഥ തകരാറിലാവുന്ന കാലഘട്ടത്തിലാണ് നമ്മള്‍. ശരിയായ ആഹാരമെന്തെന്ന് ആയുര്‍വേദം നിര്‍ദേശിക്കുന്നു.

കുടിക്കാന്‍ ചെറുചൂടു വെള്ളം (ചുക്ക്, ജീരകം എന്നിവ ചതച്ചിട്ടത്), തേന്‍ചേര്‍ത്ത വെള്ളം, തൈര്‍വെള്ളം, യവം, ചെറുപയര്‍, ആട്ടിന്‍മാംസരസം, ഞവരയരി, കയ്പക്ക, കുമ്പളങ്ങ, വെളുത്തുള്ളി, പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം വര്‍ഷകാലത്തു സേവിക്കുന്നത് ഉത്തമം. പഞ്ചകോലചൂര്‍ണം മോരിലിട്ട് തിളപ്പിച്ച് ആറിയശേഷം കുടിക്കുന്നത് വിശപ്പുവര്‍ധിപ്പിക്കാനും ആഹാരം ദഹിക്കാനും രോഗപ്രതിരോധശക്തിക്കും നല്ലതാണ്. തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിന്‍വേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക് എന്നിവ ചേര്‍ന്നതാണ് പഞ്ചകോലചൂര്‍ണം. എന്നും ഒരു തുളസിയില ചവച്ചുതിന്നാല്‍ പ്രതിരോധശക്തി കൂട്ടാം.

(കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ക്വാളിറ്റി അഷ്വറന്‍സ് ചീഫ് മാനേജറാണ് ലേഖകന്‍)

Content Highlight: Karkkidakam Food habits