രു കാലാവസ്ഥമാറി അടുത്തതുവരുന്ന നേരത്താണ് രോഗങ്ങള്‍ ബാധിക്കാന്‍ ഏറെ സാധ്യത. ഓരോ ഋതുവിനും അനുസരിച്ച ജീവിതരീതി സ്വീകരിച്ചാല്‍ ഋതുഭേദം കൊണ്ടുള്ള ബുദ്ധിമുട്ടുകളില്‍നിന്ന് രക്ഷനേടാം.

ദക്ഷിണായനകാലത്തിന്റെ തുടക്കത്തില്‍ത്തന്നെ ശരീരബലം നേടണം. വേനല്‍ക്കാലത്ത് ശരീരബലം ക്ഷയിച്ചിരിക്കും. വര്‍ഷകാലത്ത് വാതദോഷം പിത്തകഫങ്ങളോടൊപ്പം ചേര്‍ന്ന് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുമെന്നതുകൊണ്ടാണ് കര്‍ക്കടകത്തില്‍ ചികിത്സകള്‍ ചെയ്യുന്നത്.

കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്കനുസരിച്ചും രോഗമുണ്ടാവാം. വൈകിയെത്തുന്ന മഴക്കാലം, ശരീരബലം കുറയ്ക്കുന്ന ഉഷ്ണകാലം, പ്രളയം എന്നിവ രോഗകാരണമാകാം. അതുകൊണ്ട് ഒരു പ്രത്യേകമാസത്തില്‍ ഒതുക്കാവുന്നതല്ല ആയുര്‍വേദചികിത്സ.

കര്‍ക്കടകമെത്തുന്നതിന്റെ തലേന്നുതന്നെ, ശരീരമാലിന്യത്തെ അകറ്റി, ആരോഗ്യമുണ്ടാവാനുള്ള ക്രിയകള്‍ ചെയ്യണം. വയറിളക്കുക, ഛര്‍ദിപ്പിക്കുക, വസ്തി എന്നിവ ചെയ്താല്‍ മാലിന്യം പുറന്തള്ളി ശരീരബലമുണ്ടാക്കാം. കര്‍ക്കടകം പുലരുംമുമ്പ് ശരീരത്തിനുയോജിച്ച തൈലങ്ങള്‍ ദേഹത്ത് തേച്ച് മൃദുവായി തലോടി അരമണിക്കൂറിനുശേഷം കുളിക്കണം. 'കര്‍ക്കടകപ്പൊന്ന്' എന്നാണിതിനു പറയുന്നത്.

ശരീരബലം നിലനിര്‍ത്താനും വാതസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ശീലിക്കാവുന്ന തൈലങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ബലാശ്വഗന്ധാദി തൈലം, ധാന്വന്തരം കുഴമ്പ്, പ്രഭഞ്ജനവിമര്‍ദനം കുഴമ്പ്, ക്ഷീരബല തൈലം തുടങ്ങിയവ. ഇവയില്‍ അനുയോജ്യമായത് കഴുത്തിനു കീഴ്പോട്ട് ദേഹംമുഴുവന്‍ പുരട്ടി സ്വല്പനേരം മിതമായ വ്യായാമം ചെയ്യാം. 

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ക്വാളിറ്റി അഷ്വറന്‍സ് ചീഫ് മാനേജര്‍ ആണ് ലേഖകന്‍

Content Highlight: Karkkidakam Treatment