ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്ക് സാധ്യതയേറിയ കാലമാണ് മഴക്കാലം. പനി, വയറിളക്കം, മഞ്ഞപ്പിത്തം, ചുമ, ശ്വാസംമുട്ടല്‍, വാതസംബന്ധമായ വേദനകള്‍, കൈകാല്‍മരവിപ്പ്, തരിപ്പ്, ത്വഗ്രോഗങ്ങള്‍ എന്നിങ്ങനെ പലതും വരാം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന കാലവുമാണിത്. ഔഷധങ്ങള്‍ വൈദ്യനിര്‍ദേശാനുസൃതം ശീലിക്കുന്നത് രോഗബാധ ഇല്ലാതാക്കും.

രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ഔഷധങ്ങള്‍

ഇന്ദുകാന്തം കഷായം, ദശമൂലാരിഷ്ടം, ച്യവനപ്രാശം

വിശപ്പും ദഹനശക്തിയും വര്‍ധിപ്പിക്കാന്‍

അഷ്ടചൂര്‍ണം കാച്ചിയമോരില്‍ ചേര്‍ത്ത് കഴിക്കാം.

വയറിളക്കാന്‍

കല്യാണഗുളം, അവിപത്തിചൂര്‍ണം.

വായു ശുദ്ധീകരിക്കാന്‍

കൊതുക്, മറ്റു പ്രാണികള്‍ എന്നിവയെ അകറ്റാനും വായു ശുദ്ധീകരിക്കാനും 'അപരാജിതചൂര്‍ണം' പുകയ്ക്കാം. ഗുഗ്ഗുലു, നാന്മുകപ്പുല്ല്, വയമ്പ്, ചെഞ്ചല്യം, വേപ്പ്, എരിക്ക്, അകില്‍, ദേവതാരു എന്നിവ പൊടിച്ച് എടുക്കുന്നതാണ് അപരാജിത ധൂപചൂര്‍ണം.

പനിക്ക്

  • അമൃതാരിഷ്ടം, സുദര്‍ശനാസവം, വെട്ടുമാറന്‍ ഗുളിക, ശീതജ്വരാരി ക്വാഥം. രോഗാവസ്ഥയ്ക്കനുസരിച്ച് അനേകം ഔഷധങ്ങള്‍ ജ്വരചികിത്സയില്‍ ഉപയോഗിക്കാറുണ്ട്.
  • ആഹാരം ലഘുവായിരിക്കണം -കഞ്ഞി, ചെറുപയര്‍, മുതിര തുടങ്ങിയവ.

പനിയോടനുബന്ധിച്ചുള്ള തൊണ്ടവേദനയ്ക്ക്

  • വ്യോഷാദിവടകം, താലീസപത്രാദി ചൂര്‍ണം, മൃദ്വീകാദിലേഹം എന്നിവ ഫലപ്രദം.
  • രാസ്‌നാദിചൂര്‍ണം നെറുകയില്‍ തിരുമ്മുന്നത് നീര്‍വീഴ്ച ഇല്ലാതാക്കും.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ക്വാളിറ്റി അഷ്വറന്‍സ് ചീഫ് മാനേജര്‍ ആണ് ലേഖകന്‍

Content Highlights: Karkkidakam Lifestyle and Treatment