കര്‍ക്കടക എന്ന വാക്കിന് ഞണ്ട്, കൊല്ലവര്‍ഷത്തിന്റെ അവസാനമാസം, കര്‍ക്കടക രാശി, കൂവളം, കരിമ്പ്, കര്‍ക്കടവൃക്ഷം, മലങ്കാര, കാട്ടുനെല്ലി, കര്‍ക്കടകശൃംഗി, അര്‍ബുദം എന്നിങ്ങനെയെല്ലാം അര്‍ത്ഥമുള്ളതായി കാണുന്നു.
കൂവളം ദശമൂലത്തിലുള്പ്പെടുന്ന ഒരു ഔഷധദ്രവ്യമാണ്. വില്വാദി ഗുളിക, വില്വാദി ലേഹം എന്നിങ്ങനെ നിരവധി ഔഷധങ്ങളിലെ പ്രധാന ഘടകമാണ്. കൂവളം ഛര്‍ദ്ദി, വയറിളക്കം, ഗ്രഹണി, വിഷം, ഉദരരോഗങ്ങള്‍, നീര് എന്നിവയിലെല്ലാം ഔഷധമായി ഉപയോഗിക്കുന്നു. കൂവളവേര്, ഇല, ഫലമജ്ജ എന്നിവയ്ക്ക് ഔഷധമൂല്യമുണ്ട്. കഫവാതശമനമാണ്.
കരിമ്പിന്നീര് ശരീരത്തെ തടിപ്പിക്കുന്നതാണ്. പിത്തശമനമാണ്. മലങ്കാര ഛര്ദ്ദിയുണ്ടാവാന് ഉപയോഗിക്കുന്ന ഒരു ദ്രവ്യമാണ്. മലങ്കാര ഫലമാണ് ഔഷധമൂല്യമുള്ളത്.കര്‍ക്കടകശൃംഗി ചേരുന്ന ചില ഔഷധങ്ങളാണ് ഗന്ധതൈലം, മഹാരാജപ്രസാരിണീതൈലം എന്നിവ. വാതവ്യാധികള്‍, നീര്, ഉദരരോഗങ്ങള്‍, ചുമ, ശ്വാസം മുട്ടല്‍ എന്നിങ്ങനെ നിരവധി രോഗങ്ങളില്‍ രോഗശമനത്തെയുണ്ടാക്കുന്ന ഇതിന്റെ 'ഗാള്സ്' ആണ് ഔഷധഗുണമുള്ള ഭാഗം.
കൊല്ലവര്ഷാവസാനത്തെ മാസത്തില്‍ ശരീരബലം വീണ്ടെടുക്കുവാനുള്ള ആഹാരചികിത്സാ ക്രമങ്ങള്‍ പിന്തുടര്ന്നുവന്നിരുന്നത് കേരളീയമായ നാട്ടുവഴക്കമായിരുന്നു. പ്രാദേശികമായി ചില ഭേദങ്ങളുണ്ടെങ്കിലും ആരോഗ്യസംരക്ഷണത്തിന് വീട്ടില്‍ത്തന്നെ മരുന്നുണ്ടാക്കി കഴിച്ചിരുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്.
ആയുസ്സിനെ സംബന്ധിച്ച വിജ്ഞാനം ഏതൊന്നിലാണോ സ്ഥിതിചെയ്യുന്നത് അഥവാ എന്തുകൊണ്ടാണോ ആയുസ്സിനെ പ്രാപിക്കുവാന്‍ കഴിയുന്നത് ആ ശാസ്ത്രമാണ് ആയുര്‍വേദം എന്ന് സുശ്രുതാചാര്യന് വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യായുസ്സിന്റെ പ്രധാന ലക്ഷ്യം ധര്മ്മാര്ത്ഥസുഖങ്ങളെ ലഭിക്കലാണ്. ലോകധര്‍മ്മം നിലനില്ക്കണമെങ്കില് ആരോഗ്യപൂര്‍ണ്ണമായ ആയുസ്സ് കൂടിയേതീരൂ. ഈ ലോകത്തുള്ള എല്ലാകര്‍മ്മങ്ങളും മനുഷ്യന്റെ സുഖത്തിനു വേണ്ടിയുള്ളതാക്കി മാറ്റാന്‍ വെമ്പല്‍കൊള്ളുന്ന ഒരു കാലമാണിത്.
തൊഴില്‍പരമായുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍, സമയനിഷ്ഠയില്ലാതുള്ള, വിശ്രമമില്ലാതുള്ള അധികജോലി, എപ്പോഴും ജോലിയുടെ തിരക്കുകളെക്കുറിച്ച് മാത്രമുള്ള ചിന്ത, സമയത്ത് തീര്‍ക്കാന്‍ പറ്റാതിരിക്കുക എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ശരീരത്തെ ബാധിക്കുന്ന വ്യാധികള്‍ മനസ്സിനെയും ബാധിച്ച് അസ്വാസ്ഥ്യമുണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം എന്നിവയെല്ലാം ഇക്കാലത്ത് വര്‍ദ്ധിച്ചുവരുന്നുണ്ട്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളൂ.
വര്‍ത്തമാനകാലത്തില്‍ പുരാണ ഇതിഹാസങ്ങളുടെ പാരായണം കുറഞ്ഞുവരുന്നതായി കാണുന്നു. വായന മനോബലം നല്കുന്ന ഔഷധമാണ്. വസ്തുതകളെ സംയമനത്തോടെ കണ്ട് പുരോഗമനാത്മകമായി പ്രതികരിച്ച് ഫലപ്രാപ്തിയിലെത്തിക്കുവാന്‍, നല്ല ചിന്തകളെ ഉണ്ടാക്കുവാന്‍ സഹായിക്കുന്നത് പ്രസിദ്ധ ഗ്രന്ഥങ്ങളുടെ പാരായണമാണ്. പ്രാണായാമം പോലുള്ളവ ചെയ്യുന്നത് ശ്വാസകോശരോഗങ്ങള്‍ ശമിപ്പിക്കുന്നതിനും അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാനും ഉത്തമമാണ്. നമുക്ക് നാം തന്നെയാണ് നരകവും സ്വര്‍ഗ്ഗവും പണിയുന്നത് എന്ന കവിവചനം സ്മരണീയമാണ്. ലോകത്തില്‍ എല്ലാവര്ക്കും ഒരുപോലെ സ്വാസ്ഥ്യമുണ്ടാവണമെന്ന ലക്ഷ്യമാണ് ഋഷിപ്രോക്തമായ ഭാരതീയ വൈദ്യശാസ്ത്രത്തിനുള്ളത്. എന്നും ഹിതവും മിതവുമായ ആഹാരം, എല്ലാ കാര്യങ്ങളിലും പക്വതയോടുകൂടിയുള്ള സമീപനം ആരോഗ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധ, ആയുര്‍വേദ ഉപദേശങ്ങളില്‍ താല്‍പ്പര്യം എന്നിവയെല്ലാം തന്നെ ദീര്ഘായുസ്സുണ്ണ്ടാവാന് വേണ്ടിയുള്ളതാണെന്നുള്ള തിരിച്ചറിവ് എല്ലാവര്ക്കും ആവശ്യമാണ്. വര്‍ദ്ധിച്ചുവരുന്ന ആയുര്‍വേദത്തിന്റെ സ്വീകാര്യതയും അതാണ് സൂചിപ്പിക്കുന്നത്.
മഴക്കാലത്ത് അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതായി കാണാം. വര്‍ഷകാലത്ത് വാതദോഷം പിത്തകഫങ്ങളോടൊപ്പം ചേര്‍ന്ന് ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കും. കര്‍ക്കടകമാസത്തില്‍, വൃദ്ധരില്‍ ശരീരബലം ഉണ്ടാവാന്‍ ആയുര്‍വേദ ചികിത്സകകള് ചെയ്യുന്നത് നല്ലതാണ്. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചതോടുകൂടി വൃദ്ധജനങ്ങളുടെ എണ്ണം കൂടുന്നതായി ആധികാരിക പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോവാതെ അവരെ സംരക്ഷിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിവിധ ആരോഗ്യശാഖകളുടെ സഹായത്തോടെ സാധിതമാക്കേണ്ടതുണ്ട്.
പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വാര്‍ധക്യത്തെ അലോസരപ്പെടുത്തുന്നതായി കാണാം. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, അര്‍ബുദം, കാഴ്ചക്കുറവ്, തിമിരം, ഓര്‍മ്മക്കുറവ്, കേള്‍വിശക്തി കുറയുക, ശരീരബലം കുറയുക, കിതപ്പ്, വിളര്‍ച്ച, ത്വക്രോഗങ്ങളുണ്ടാകുക, മലബന്ധം, ശ്വാസംമുട്ടല്‍, സന്ധികളില്‍ വേദന, കടച്ചില്, തരിപ്പ്, കാലില്‍ നീര്, നടുവേദന, മൂത്രതടസ്സം അല്ലെങ്കില്‍ അനിയന്ത്രിതമായി മൂത്രം പോകുക, നടക്കുവാനുള്ള ബുദ്ധിമുട്ട്, വിറയല്‍, സംസാരശേഷി കുറയുക, ഇടയ്ക്കിടെ വരുന്ന പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍, ലൈംഗികശേഷി കുറയുക, ഉറക്കക്കുറവ്, അകാരണമായ ഭയം, വൃക്കരോഗങ്ങള്‍, പൗരുഷഗ്രന്ഥിക്കുണ്ടാകുന്ന അസുഖങ്ങള്‍, ഉദരസംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, നടക്കുമ്പോള്‍ വീഴാന്‍ പോകുക, അസ്ഥിക്ഷയം, കൊളസ്ട്രോള്‍ നില വര്‍ധിക്കുക, എന്നിങ്ങനെ വാര്ധക്യസഹജമെന്നു വിശേഷിപ്പിക്കാവുന്ന നിരവധി ഉപദ്രവങ്ങള്‍ വൃദ്ധരെ അസ്വസ്ഥതതപ്പെടുത്തിക്കൊണ്ടിരിക്കുന്നതായി കാണാം. മേല്‍പ്പറഞ്ഞ ഉപദ്രവങ്ങള്‍ പെട്ടെന്ന് ഒരുദിവസം കൊണ്ട് ഉണ്ടാവുന്നവയല്ല. നാം ജനനം മുതല്‍ ശീലിക്കുന്ന ആഹാരവിഹാരങ്ങള്‍ക്ക് അതില്‍ പ്രധാനപ്പെട്ട ഒരു പങ്കുണ്ട് എന്ന് തിരിച്ചറിയുന്നത് രോഗബാധിതനായശേഷം മാത്രമാണ്.
പെട്ടെന്നുണ്ടാകുന്ന തലകറക്കം, കണ്ണിരുട്ടടയ്ക്കല് എന്നിവയില്‍ അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം, ഗോരോചനാദി ഗുളിക എന്നിവയുടെ ഉപയോഗം വളരെ ഫലപ്രദമായി കാണുന്നുണ്ട്. പ്രമേഹരോഗികള്‍ ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിയ്ക്കുന്നത് നിര്‍ബന്ധമായും വൈദ്യനിര്ദ്ദേശാനുസൃതമായി മാത്രം വേണ്ടതാണ്.ബ്രാഹ്മരസായനം വൃദ്ധരില്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഔഷധമാണ്. വാര്‍ധക്യത്തിലെ ഓര്‍മ്മക്കുറവ്, പരസ്പര ബന്ധമില്ലാത്ത സംസാരം, വിഷാദം എന്നിവയില്‍ മാനസമിത്രവടകം ഫലപ്രദമാണ്.
വിവിധരോഗങ്ങളില് പ്രാഥമികമായി അനുഭവപ്പെടുന്ന ഒന്നാണ് വേദന. വേദന ശരീരത്തില്‍ ഏതുഭാഗത്താണ് എന്തുകാരണം കൊണ്ടാണ് കൂടുന്നത് അതല്ലെങ്കില്‍ ശമിയ്ക്കുന്നത്, തുടക്കം, എത്രസമയം ഉണ്ടാകുന്നു, തീവ്രത, സമയം, രോഗിയുടെ പ്രായം, ബലം, കാലാവസ്ഥ എന്നിവയെല്ലാം ചികിത്സയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളാണ്.
വാതകോപം, ശരീരത്തിലുണ്ടാവുന്നതിന് നിരവധി കാരണങ്ങളുണ്ട്. വേദന നിരവധി വാതരോഗങ്ങളുടെ പ്രധാന ലക്ഷണവുമാണ്. തണുത്ത കാലാവസ്ഥ, തണുത്തകാറ്റ്, തണുത്ത വസ്തുക്കളുടെ അമിത ഉപയോഗം, അധികം ഉറക്കമൊഴിയ്ക്കുക, ശരീരശക്തിയ്ക്കനുസരിച്ചല്ലാതുള്ള കഠിനാധ്വാനം, അധികം വഴി നടക്കുക, അതിവ്യായാമം, പോഷകാഹാരം കഴിയ്ക്കാതിരിക്കുക, അടി, ഇടി മുതലായവ ഏല്ക്കുക, അധികം യാത്ര ചെയ്യുക, മലമൂത്ര വേഗങ്ങള്‍ വേണ്ടസമയത്ത് വിസര്‍ജ്ജനം ചെയ്യാന്‍ സാധിക്കാതിരിയ്ക്കുക, അനാവശ്യമായ ചിന്തകള്‍ എന്നു തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് വാതം കോപിച്ച് ശരീരത്തില്‍ വിവിധങ്ങളായ വേദനകളെ ഓരോ അവയവത്തെയും ആശ്രയിച്ച് ഉണ്ടാക്കും.
അര്‍ദ്ദിതം, പക്ഷാഘാതം, ആക്ഷേപകം, ഗൃദ്ധ്രസി, അപബാഹുകം, സന്ധിഗതവാതം, പ്രമേഹം എന്നിങ്ങനെ നിരവധി രോഗങ്ങളില്‍ വാതകോപമുണ്ടായി വിവിധതരത്തിലുള്ള കഠിനമായ വേദനകള്‍ ശരീരത്തിലുണ്ടാവാറുണ്ട്. പേശികള്‍ക്കുണ്ടാകുന്ന വേദന, സന്ധികള്‍ക്കുണ്ടാകുന്ന വേദന, നടുവേദന, തലവേദന എന്നിവയിലെല്ലാം ബാഹ്യമായ ലേപപ്രയോഗം കൊണ്ട് താല്‍ക്കാലിക ആശ്വാസം ലഭിയ്ക്കുന്നതാണ്.
എണ്ണതേച്ച് കുളിക്കുന്നതു പതിവാക്കിയ ഒരു സമൂഹമാണ് ഇവിടെ ഉണ്ടായിരുന്നത്. വീട്ടില്‍ത്തന്നെ എണ്ണ കാച്ചിയുണ്ടാക്കുന്ന ഒരു ശീലം നമുക്ക് പണ്ടുണ്ടായിരുന്നു. കാലക്രമേണ എണ്ണ തേയ്ക്കുന്നത് അപരിഷ്കാരശീലമായി കാണാന്‍ തുടങ്ങിയതുമുതല്‍ വാതസംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചതോതില്‍ ബാധിക്കാന്‍ തുടങ്ങി. എന്നും എണ്ണതേച്ചുകുളിയ്ക്കുന്നത് ജരാനരകള്‍ ഇല്ലാതാക്കാനും, വാതസംബന്ധമായ രോഗങ്ങള്‍ വരാതിരിയ്ക്കാനും, നല്ല കാഴ്ചശക്തിയ്ക്കും ശരീരപുഷ്ടി വര്‍ധിക്കാനും ചര്‍മത്തിന് മാര്‍ദ്ദവമുണ്ടാകാനും സുഖകരമായ നിദ്രയുണ്ടാവാനും വളരെ നല്ലതാണ്. അഭ്യംഗം കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങള്‍ നിരവധിയാകയാല്‍ അതൊരു ശീലമാക്കിയെടുക്കേണ്ടത് ആവശ്യമാണ്.
ഇന്ന് ധാരാളമായി കണ്ടുവരുന്ന രോഗങ്ങളായ സയാറ്റിക്ക, ഓസ്റ്റിയോ ആര്ത്രൈിറ്റിസ്, സ്പോണ്‍ഡൈലോസിസ്, മയാള്‍ജിയ, ഫ്രോസന്‍ ഷോള്‍ഡര്‍, ജോയന്റ് പെയ്ന്, തുടങ്ങിയവയില്‍ അനുയോജ്യമായ തൈലങ്ങളുടെ വൈദ്യനിര്‍ദ്ദേശപ്രകാരമുള്ള ഉപയോഗം രോഗശമനത്തെ ഉണ്ടാകാന്‍ സഹായിക്കും.
ശാരീരികവും മാനസികവും സാമൂഹികവുമായ പരിപൂര്‍ണ സ്വാസ്ഥ്യമാണ് ആരോഗ്യം. ഈ അവസ്ഥ ഉണ്ടാക്കാനും പരിരക്ഷിക്കാനും മനുഷ്യന് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് ആയുര്‍വേദം പറയുന്നത്. ഇതിനുപുറമെ ആയുര്‍വേദം ഒരു തത്ത്വശാസ്ത്രവുമാണ്. മനുഷ്യനേയും അവന്റെ ജീവിതത്തേയും ബാധിയ്ക്കുന്ന അടിസ്ഥാന കാര്യങ്ങളാണ് ആയുര്‍വേദത്തിന്റെ ചര്‍ച്ചാവിഷയം.
ത്രിദോഷസിദ്ധാന്തം ആയുര്വേദശാസ്ത്രത്തിന്റേയും പ്രയോഗക്രമത്തിന്റേയും അടിസ്ഥാനമാണ്. ഓരോ മനുഷ്യന്റേയും ശരീരപ്രകൃതിയും, സ്വഭാവവിശേഷവും, ആരോഗ്യനിലയും, എല്ലാം വ്യത്യസ്തവും അദ്വിതീയവുമാവും എന്നതാണ് ഈ അടിസ്ഥാനതത്വം. ഇക്കാരണത്താല്‍, ആയുര്‍വേദപ്രകാരമുള്ള ചികിത്സാസമീപനം, പ്രതിജനഭിന്നമായിരിയ്ക്കും. ഇതിന്റെ അര്‍ത്ഥം, ചികിത്സ രോഗിക്കല്ല, രോഗത്തിനാണ് എന്നാണ്. ആയുര്‍വേദത്തെ മറ്റു ചികിത്സാസമ്പ്രദായങ്ങളില്നിന്ന് വ്യതിരിക്തമാക്കുന്ന ഘടകങ്ങളില്‍ പ്രധാനമായ ഒന്ന് ഈ തത്ത്വമാണ്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ക്വാളിറ്റി അഷ്വറന്‍സ് ചീഫ് മാനേജറാണ് ലേഖകന്‍
Content Highlight: Karkkidakam Lifestyle and Health care