നസ്സും ശരീരവും ഒരുവര്‍ഷത്തേക്ക് ഉന്മേഷത്തോടെ നിലനിര്‍ത്താന്‍ തയ്യാറെടുക്കുന്ന കാലമാണ് കര്‍ക്കടകം. മഴക്കാലമായതിനാല്‍ പലതരം പകര്‍ച്ചവ്യാധികളും ആരോഗ്യപ്രശ്‌നങ്ങളും ഇക്കാലയളവില്‍ നേരിടേണ്ടിവരാറുണ്ട്. കൂടാതെ മലിനവായു, അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, വിഷാംശങ്ങളടങ്ങിയ ഭക്ഷണം എന്നിവയിലൂടെയുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ സന്തുലിതമാക്കി രോഗപ്രതിരോധശക്തിയും ശാരീരിക, മാനസിക ഊര്‍ജ്ജവും വര്‍ദ്ധിപ്പിക്കുകയാണ് കര്‍ക്കടകചികിത്സയുടെ ലക്ഷ്യം.
 
ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ജീവിതശൈലിയുടെ ഭാഗമായുണ്ടാകുന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, വായുകോപം, ആര്‍ത്രൈറ്റിസ്, സ്‌പോണ്ടിലോസിസ് എന്നിവ തടയുന്നതിനും ഇത് സഹായിക്കുന്നു. ക്ഷീണവും ജരാനരകളും അകറ്റാനും ദേഹപുഷ്ടി, ദീര്‍ഘായുസ്സ്, നല്ല ഉറക്കം, കാഴ്ചശക്തി എന്നിവ ലഭിക്കാനും ചികിത്സ ഉപകരിക്കും.    വിവിധ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന കര്‍ക്കടകക്കഞ്ഞി പ്രതിരോധശക്തി ഉയര്‍ത്താന്‍ സഹായകമാണ്. പറമ്പില്‍നിന്നുള്ള ഔഷധങ്ങളാണ് ഇതില്‍ കൂടുതലായി ഉപയോഗിക്കുക. ദശപുഷ്പങ്ങളില്‍പ്പെട്ട മുക്കുറ്റി, തിരുതാളി, ചെറൂള, തഴുതാമ, നിലപ്പന, ശംഖുപുഷ്പം എന്നിവ ചതച്ച് കിഴികെട്ടി തിളപ്പിച്ച് വറ്റിക്കണം. ശേഷം അരിയിട്ട് വെന്തുവരുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് കഞ്ഞി വീട്ടിലുണ്ടാക്കാം.
ഞവരയരിയോ ഉണക്കലരിയോ ആണ് ഔഷധക്കഞ്ഞിക്ക് ഉപയോഗിക്കുന്നത്. ഉലുവയും അരിയും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന ഉലുവാക്കഞ്ഞിയാണ് മറ്റൊന്ന്. വാതരോഗങ്ങള്‍ വര്‍ധിക്കുന്ന കാലമാണ് കര്‍ക്കടകം. അതുകൊണ്ട് വാതകരമായ ഔഷധങ്ങള്‍ (ആവണക്ക്, കരിനൊച്ചി, കരിക്കുറിഞ്ഞി, കുറുന്തോട്ടി) ചേര്‍ത്തും കഞ്ഞിയുണ്ടാക്കാറുണ്ട്. കൂവള ഇല, പഴം, മുതിര, ചെറുപയര്‍, അയ്‌മോദകം, ജീരകം, ദശമൂലം, ഇന്ദുപ്പ് തുടങ്ങിയ ഔഷധങ്ങള്‍ ചേര്‍ന്ന കഞ്ഞി ക്ഷീണംമാറാനും വിശപ്പുവര്‍ധിപ്പിക്കാനും ധാതുപുഷ്ടിക്കും ഉതകും. ഇത് ഒരുമാസമെങ്കിലും തുടര്‍ച്ചയായി കഴിക്കുന്നതാണ് ഉത്തമം. പഥ്യമില്ല.
 
ഉഴിച്ചിലിനും പിഴിച്ചിലിനും ഔഷധസേവയ്ക്കും കര്‍ക്കടകമാസം അനുയോജ്യമാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും മൃതകോശങ്ങളെ പുറന്തള്ളി നല്ല കോശങ്ങള്‍ ഉണ്ടാകുന്നതിനും ഉഴിച്ചിലും പിഴിച്ചിലും ഫലപ്രദമാണ്. കൂടാതെ ഓക്‌സിജന്റെയും പോഷകഘടകങ്ങളുടെയും അളവ് ക്രമീകരിച്ച് ശരീരത്തിന് നവോന്മേഷം പകരുകയും ചെയ്യും.
     ദേഹം മുഴുവന്‍ എണ്ണ തേച്ചുപിടി   പ്പിച്ചിട്ട് ചെറുചൂടുവെള്ളത്തിലുള്ള കുളിയും പ്രധാനമാണ്. എണ്ണമെഴുക്ക് നീക്കാന്‍ പയറുപൊടി ഉപയോഗിച്ചാല്‍ ത്വക്കിന്റെ സൗന്ദര്യം വര്‍ധിക്കും. നല്ലെണ്ണയാണ് തേച്ചുകുളിക്ക് ഉത്തമം. പ്ലാവില, വാതംകൊല്ലിയില, ആവണക്കില, കടുക്കാത്തോട് എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുളിക്കാന്‍ ഉത്തമം. കഫം അധികമുള്ളവരും ഛര്‍ദ്ദ്യതിസാര രോഗങ്ങള്‍ ഉള്ളവരും തേച്ചുകുളി ഒഴിവാക്കണം. 
   കര്‍ക്കടകത്തില്‍ താളി, തകര തുടങ്ങിയ പത്തിലകള്‍ തിന്നണമെന്നാണ് പഴമക്കാര്‍ പറയുന്നത്. മാംസ്യം, കൊഴുപ്പ്, നാര്, അന്നജം, ഇരുമ്പ് എന്നിവയെല്ലാം ഇതിലുണ്ട്. ചേനത്തണ്ട്, തഴുതാമ, പയറിന്റെ ഇല, ചീര, തകര എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ചെറുപയറും മുതിരയുംവെന്ത വെള്ളം കുടിക്കുന്നതുനല്ലതാണ്.
 
      പ്രായത്തിന് അനുസരിച്ചാണ് ഓരോരുത്തര്‍ക്കും കര്‍ക്കടകചര്യ നിര്‍ദേശിക്കുന്നത്. ദഹിക്കാന്‍ എളുപ്പമുള്ളതും ആവിയില്‍ വേവിച്ചതുമായ ഭക്ഷണങ്ങളാണ് ഇക്കാലത്ത് കുട്ടികള്‍ക്ക് നല്‍കേണ്ടത്. ചൂടുള്ള ഭക്ഷണം ശീലമാക്കണം. ധാന്യങ്ങളും പയറുവര്‍ഗങ്ങളും കൂടുതല്‍ കഴിക്കാം. മോരുപയോഗിക്കാമെങ്കിലും തൈരുവേണ്ട.
ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടിയും ഫ്രിഡ്ജില്‍വച്ച് തണുപ്പിച്ച ഭക്ഷണവും ഒഴിവാക്കണം. പ്രഭാതത്തില്‍ ശ്വാസവേഗം വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ ആവാം. അത്യധ്വാനം വേണ്ട. മദ്യപാനം, പുകവലി, വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കണം. സസ്യാഹാരമാണ് ഉത്തമം. വിശപ്പിനെയും ദഹനപ്രക്രിയയെയും ബാധിക്കുമെന്നതിനാല്‍ പകലുറക്കം വേണ്ട. ഭക്ഷണം വിശ്രമം, ഉറക്കം എന്നിവ സന്തുലിതമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.