ആരോഗ്യം നിലനിര്‍ത്താനും രോഗപ്രതിരോധശേഷി നേടാനും പറ്റിയ കാലമാണ് കര്‍ക്കടകം. ധാതുപുഷ്ടി വര്‍ധിപ്പിച്ച് കരുത്ത് നേടുന്ന കാലം കൂടിയാണിത്. അതുകൊണ്ടുതന്നെ ഈ ഒരുമാസം ചെയ്യുന്ന ചികിത്സ ഒരുവര്‍ഷത്തെ ആരോഗ്യം നല്‍കും. ആഹാരം, ദിനചര്യ, വ്യായാമം എന്നിവയെല്ലാം ഉള്‍പ്പെടുന്ന സമഗ്രചികിത്സാരീതിയാണിത്. യുക്തമായ കര്ക്കടകചികിത്സയിലൂടെ ശരീരവും മനസ്സും റീചാര്‍ജ് ചെയ്യാന്‍ തയ്യാറെടുക്കണം.
സൂര്യന്റെ സ്ഥാനമനുസരിച്ച് ഭൂമിയിലെ ജീവജാലങ്ങളുടെ ആരോഗ്യത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകും. അതനുസരിച്ച് ഉത്തരായനം എന്നും ദക്ഷിണായനം എന്നും ഋതുക്കളെ വേര്‍തിരിക്കുന്നു. കര്‍ക്കടകം ഒന്നുമുതല്‍ ധനുമാസം വരെയുള്ള കാലമാണ് ദക്ഷിണായനം.
രണ്ട് വ്യത്യസ്ത സ്വഭാവങ്ങളുള്ള കാലങ്ങളായതുകൊണ്ട് ഇവയുടെ ആരംഭത്തിലെയും അവസാനത്തിലെയും മാസങ്ങളില്‍ ശരീരബലം നന്നേ കുറഞ്ഞിരിക്കും. രോഗപ്രതിരോധശേഷി ദുര്‍ബലമായിരിക്കും. ചുരുക്കത്തില്‍ ഉത്തരായനത്തില്‍ നിന്നും ദക്ഷിണായനത്തിലേക്ക് പ്രവേശിക്കുന്ന ദിവസമായ കര്‍ക്കടകത്തില്‍ മനുഷ്യന്റെ ശരീരബലവും രോഗപ്രതിരോധശേഷിയും നന്നേ കുറഞ്ഞിരിക്കും എന്നതിനാലാണ് ഈ കാലം ചികിത്സയ്ക്കായി മാറ്റിവെക്കുന്നത്.
ഓരോ മനുഷ്യര്‍ക്കും പ്രകൃത്യാ ആരോഗ്യമുണ്ട്. ഇതിനെയാണ് 'ബലം' എന്ന് ആയുര്‍വേദശാസ്ത്രം പരാമര്‍ശിക്കുന്നത്. ബലം എന്നത് മാതാപിതാക്കളുടെ ശുക്ലബീജങ്ങളില്നിന്ന് ലഭിക്കുന്നത്, മാതാവില്‍ നിന്ന് പ്രത്യേകമായി ലഭിക്കുന്നത്, ജനിച്ച് വളര്‍ന്ന അന്തരീക്ഷത്തില്‍ നിന്ന് ലഭിക്കുന്നത് എന്നിങ്ങനെ വിവിധ രീതികളില്‍ ആര്‍ജിക്കുന്നതാണ്.
ചിലര്‍ക്ക് പ്രകൃത്യാ ഉള്ള ഈ ബലം കുറവായിരിക്കും. അത്തരക്കാര്‍ക്ക് ബലം അല്ലെങ്കില്‍ ആരോഗ്യം വര്‍ധിക്കാനുള്ള ചികിത്സകള്‍ ചെയ്യേണ്ടിവരും. പ്രകൃത്യാ നല്ല ബലമുള്ളവര്‍ക്ക് ആ ബലം നിലനിര്‍ത്തുന്നതിന് ഉതകുന്ന ചികിത്സകള്‍ ചെയ്യേണ്ടതുണ്ട്. ഇവിടെയാണ് കര്‍ക്കടകചികിത്സയുടെ പ്രാധാന്യം.
വാജീകരണവും രസായനചികിത്സയും
ആരോഗ്യം, ദീര്‍ഘായുസ്സ്, സന്താനലബ്ധി എന്നീ ലക്ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടിയാണ് ആയുര്‍വേദവിധിപ്രകാരമുള്ള രസായന, വാജീകരണ ഔഷധങ്ങള്‍ ശീലിച്ചുപോരുന്നത്.
ശരീരത്തിലെ സപ്തധാതുക്കളെയും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗമാണ് രസായനം. ദീര്‍ഘായുസ്സ്, ഓര്‍മശക്തി, ആരോഗ്യം, യൗവനം, പ്രഭ, വര്‍ണം, സ്വരം, പുഷ്ടി, ദേഹബലം, ഇന്ദ്രിയബലം, വാക്സാമര്‍ഥ്യം, ശുക്ലവൃദ്ധി, ശരീരസൗന്ദര്യം എന്നിവയെല്ലാം രസായന പ്രയോഗത്തിലൂടെ കൈവരുന്നു. യുക്തമായ രസായന ഔഷധങ്ങള്‍ നിയമേന ശീലിച്ചാല്‍ സ്വാഭാവികമായി വന്നുചേരുന്ന വാര്‍ധക്യത്തെയും യൗവനത്തില്‍ തന്നെ പിടിപെട്ടേക്കാവുന്ന രോഗങ്ങളെയും തടയാം. ജരാനരകളെ ശരീരത്തില്‍ നിന്നകറ്റി യൗവനാവസ്ഥ നിലനിര്‍ത്താമെന്നും ആയുര്വേദാചാര്യന്മാര് പറയുന്നു.
ശുക്ലവൃദ്ധികൊണ്ട് സംഭോഗ സമര്ഥനാക്കി മാറ്റുന്നതിനെ വാജീകരണം എന്നുപറയുന്നു. മൈഥുനത്തിന്റെ സ്വാഭാവികമായ പ്രയോജനം സന്താനോത്പാദനമാണ്. വാജീകരണം ശീലിക്കുന്ന വ്യക്തിക്ക് ബീജപുഷ്ടിയും മൈഥുനത്തില്‍ താത്പര്യവും സാമര്ഥ്യവുമുണ്ടാവുന്നു.