രകാചാര്യൻ നമ്മുടെ ശരീരത്തെ ഒരു വാഹനത്തോടാണുപമിച്ചിട്ടുള്ളത്. ക്രമപ്രകാരം ഇടയ്ക്കിടെ സർവീസിങ്ങിലൂടെയുള്ള ശുദ്ധീകരണവും പരിചരണവും ശരീരമാകുന്ന വാഹനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യംതന്നെ. 

മഴക്കാലത്ത് നാം അലസരായിരിക്കുമ്പോൾ രോഗാണുക്കൾ ഊർജ്വസ്വലരാകും. മഴക്കാലമായ കർക്കടകത്തിൽ ഗുരുതരമായ പല രോഗങ്ങളും ബാധിക്കാം. ജന്തു-ജലജന്യ രോഗങ്ങൾ വ്യാപകമായുണ്ടാകും. അതിനാൽ കർക്കടക മാസത്തിൽ ഇത്തരം രോഗബാധയിൽനിന്ന്‌ സംരക്ഷിതരാകാൻ പ്രത്യേകം ശ്രദ്ധിക്കണം. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇക്കാലത്ത് പ്രത്യേകം ഉറപ്പുവരുത്തണം. ചൂടുകാലത്തും മഴക്കാലത്തും വൈറൽ പനിപോലുള്ള വ്യാധികൾ പടർന്നു പിടിക്കാമെങ്കിലും, ഈർപ്പക്കൂടുതലുള്ള അന്തരീക്ഷത്തിൽ വൈറസുകൾ കൂടുതൽ വേഗത്തിൽ പെരുകി ശക്തി പ്രാപിക്കാനുള്ള സാധ്യത ഏറെയാണ്.

വർഷഋതുവിനുമുമ്പുണ്ടായിരുന്ന ആദാനകാലം കൊണ്ട് ശരീരക്ഷീണം സംഭവിച്ചവരിൽ, സ്വതവേ മന്ദമായ ദഹനശക്തി വർഷകാലത്ത് വീണ്ടും ദുർബലമാകുന്നു. വർഷകാലത്തെ തണുപ്പ് വായു കോപം ഉണ്ടാക്കുകയും ചെയ്യും. തുടർന്ന്‌ പിത്തകഫങ്ങളും ദുഷിക്കും. ഇങ്ങനെ ദുഷിച്ച ത്രിദോഷങ്ങളും ക്ഷയിച്ച ജഠരാഗ്‌നിയും ചേർന്ന്‌ കർക്കടകത്തിൽ അനേകരോഗങ്ങൾ ബാധിക്കാനിട നൽകും. ദഹന - ക്ഷയത്താൽ മാംസാദിധാതുക്കൾ വേണ്ടത്ര പുഷ്ടിപ്പെടാതാകുകയും രോഗപ്രതിരോധശേഷിക്ക് കർക്കടക മാസത്തിൽ ക്ഷയം സംഭവിക്കുകയും ചെയ്യും. ഇതു രോഗബാധയ്ക്ക് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തിൽ പെെട്ടന്നുണ്ടായേക്കാവുന്ന രോഗബാധകളെ പ്രതിരോധിച്ച് ആരോഗ്യം സമ്പുഷ്ടമാക്കി രോഗബാധയിൽനിന്ന്‌ ശരീരത്തെ സംരക്ഷിക്കുന്ന ചര്യകളാണ് കർക്കടകമാസത്തിൽ ആചരിക്കാനായി ആയുർവേദം വിധിച്ചിട്ടുള്ളത്.

കേരളത്തിൽ പ്രത്യേകിച്ചും കർക്കടകം സുഖ ചികിത്സയുടെ കാലമാണ്. ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമായാണ്‌ ആയുർവേദാചാര്യന്മാർ കർക്കടകമാസത്തെ കാണുന്നത്. കർക്കടക മാസത്തിൽ മണ്ണ്, തിരുവാതിര ഞാറ്റുവേലയിൽ കുതിർന്ന് ഫലസമ്പുഷ്ടമാകുന്നു. സസ്യങ്ങൾക്ക് പുതുവേരുകളുണ്ടാകുന്ന കർക്കടകം ജീവജാലങ്ങളുടെ ഊർജസമ്പാദനകാലമാകുന്നു. ഈ കാലത്താണ് മനുഷ്യർ ഊർജസമ്പാദനം നടത്തേണ്ടത് എന്നതിനാലാകാം ഏറ്റവും നല്ല ചികിത്സാകാലമായി കർക്കടകത്തെ ആയുർവേദം നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ ജഠരാഗ്‌നിയെ വർധിപ്പിക്കുന്നതും ദഹനശക്തിയെ ഉത്തേജിപ്പിക്കുന്നതും ത്രിദോഷ ശമനവുമായ ആഹാരവിഹാരങ്ങളും ഔഷധങ്ങളും സ്‌നേഹ -സ്വദ-വമന-വിരേചന-വസ്ത്യാദികളായ ചികിത്സാക്രമങ്ങളും കർക്കടകമാസത്തിൽ തീർത്തും അനുയോജ്യം തന്നെ. ശരീരബലം ക്രമേണ വർധിച്ചു കൊണ്ടിരിക്കുന്ന കാലമായതിനാൽ കർക്കടകത്തിൽ ചെയ്യുന്ന ഏതു ചികിത്സയും ശരീരത്തിന്‌ വളരെ ഫലപ്രദമായിത്തീരുകയും ചെയ്യും. രോഗം ഒന്നും ഇല്ലാത്തവന് സ്വാസ്ഥ്യം നിലനിർത്താനും രോഗബാധിതർക്ക് അവരെ ബാധിച്ച രോഗം വേരറ്റു  നശിപ്പിക്കാനും നിർദേശിക്കപ്പെട്ടിട്ടുള്ള ഔഷധങ്ങളും ചികിത്സാക്രമങ്ങളുമാണ് കർക്കടകത്തിലെ ആരോഗ്യപരിപാലനത്തിനായി നിർദേശിക്കപ്പെട്ടിരിക്കുന്നത്. 

ആയുർവേദത്തിലെ അതിവിശിഷ്ട ചികിത്സയായ ശോധന ചികിത്സ അഥവാ പഞ്ചകർമങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയം കൂടിയാണു കർക്കടകം. ശരീരത്തിന്റെ ആന്തരിക പരിശുദ്ധിയാണ് പഞ്ചകർമ ചികിത്സയുടെ മുഖ്യ ലക്ഷ്യം. ആന്തരികമായ നൈർമല്യം ആണ് ആരോഗ്യ പരിരക്ഷയുടെ അടിസ്ഥാനഘടകം. ശരീരത്തിലെ ചയാപചയപ്രക്രിയയുടെ(Metabolisam) ഫലമായുണ്ടായേക്കാവുന്ന മാലിന്യങ്ങൾ കോശഭിത്തിയിൽ അടിഞ്ഞു കൂടിയിരിക്കുന്നത് കുതിർത്തിളക്കി ബഹിഷ്‌കരിക്കുകയാണ് ശോധന ചികിത്സ ചെയ്യുന്നത്. നിർമലമായ ശരീരത്തിൽ രോഗപ്രതിരോധശേഷി സമ്പുഷ്ടമായ ശരീരത്തിൽ, ഒരു രോഗാണുവിനും പ്രവേശിക്കാനോ, പ്രവേശിച്ചാൽതന്നെ രോഗകാരകമായി പ്രവർത്തിക്കാനോ കഴിയില്ല.

കർക്കടകമാസത്തിലെ മറ്റൊരാചാരമാണ് മരുന്നു കഞ്ഞിസേവ. ഈ മാസത്തിൽ പൊതുവേ കാണപ്പെട്ടേക്കാവുന്ന പനി, ജലദോഷം, ശ്വാസകോശരോഗങ്ങൾ, ദഹനത്തകരാറുകൾ, വിവിധതരം വാതരോഗങ്ങൾ എന്നിവയിൽനിന്ന്‌ മുക്തി നേടാനും തുടർന്ന് വരുന്ന വർഷം മുഴുവൻ ഊർജ്വസ്വലതയോടും ആരോഗ്യത്തോടും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കർക്കടകത്തിലെ മരുന്നുകഞ്ഞി സേവ ഉപകരിക്കും. ഒരു വിദഗ്ധ ചികിത്സകന്റെ നിർദേശത്തിൽ പച്ചമരുന്നുകളെക്കുറിച്ച് നല്ല അറിവുള്ളവർ തയ്യാറാക്കുന്ന മരുന്നുകഞ്ഞി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇതുപല ഗുരുതര രോഗങ്ങളെയും അകറ്റി നിർത്താനും ശാരീരികാരോഗ്യം പരിരക്ഷിക്കാനും സഹായകമാകും. ഓരോ സ്ഥലങ്ങളിലും മരുന്നുകഞ്ഞിയുടെ നിർമാണ രീതി വ്യത്യസ്തമാണ്. 

ഒരു ആയുർവേദ വിദഗ്ധന്റെ നിർദേശപ്രകാരം തയ്യാറാക്കുന്ന മരുന്നുകഞ്ഞിയാണ് അഭിലഷണീയം. ദശപുഷ്പങ്ങളായ പൂവ്വാംകുറുന്നൽ, കറുക, കൈയ്യോന്നി മുയൽചെവിയൻ, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി, നിലപ്പന എന്നിവ ഇടിച്ചു പിഴിഞ്ഞ്‌ നീരെടുത്ത് സമം തേങ്ങാപ്പാലും ചേർത്ത്‌ അതിൽ നവരയരി വേവിച്ച് കഞ്ഞിവച്ച് വെന്തുവരുമ്പോൾ ജീരകം, കുരുമുളക്, വെള്ളുള്ളി, ഉലുവ, അയമോദകം ഇവ അരച്ചു ചേർക്കണം. നെയ്യും തേനും തുല്യമല്ലാത്ത അളവിൽ ചേർത്ത്‌ ഈ കഞ്ഞി പത്ഥ്യാനുഷ്ഠാനങ്ങളോടെ ഉപയോഗിക്കുന്നതാണഭികാമ്യം. സ്വസ്ഥനു പ്രത്യേകിച്ച് വൈദ്യ നിർദേശമില്ലാതെതന്നെ ഇതുപയോഗപ്പെടുത്താം. ചില പ്രത്യേക രോഗാവസ്ഥകളിൽ അതിനനുസരണമായി കഞ്ഞിയിൽ ചേർക്കേണ്ട ഔഷധങ്ങളിൽ മാറ്റം വരുത്തേണ്ടിവരും.  ഈ സമയത്ത് മത്സ്യ-മാംസം, മസാല, എരിവ് ഇവ കുറയ്ക്കുന്നത്‌ നല്ലതാണ്. കർക്കടകത്തിൽ ഇലകൾക്ക് ഔഷധമൂല്യം കൂടുമെന്നതിനാൽ പത്തിലക്കറിക്ക് പ്രാധാന്യം കൂടുതലുണ്ട്. താള്, തകര, വെള്ളരി,  മത്തൻ, ചീര, ചേമ്പില, ചേന, നെയ്യുണ്ണി, കുമ്പളം, ആനക്കൊടിത്തൂവ എന്നിവയാണ് പത്തിലകൾ.

കർക്കടകമാസത്തിലെ ചികിത്സകൾ പൂർണമായും ഫലപ്രദമാകണമെങ്കിൽ ദഹനമാന്ദ്യം പരിഹരിക്കുന്ന തരത്തിലുള്ള ആഹാരപാനീയങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം. ഗോതമ്പ്, നവരയരി, ചെറുപയർ, മുതിര, മാംസസൂപ്പ്, പഞ്ചകോലചൂർണം ചേർത്ത്‌ തിളപ്പിച്ചാറിയ വെള്ളം ഇവയും പാവയ്ക്ക, നെല്ലിക്ക, പച്ചമുളക്, തേൻ, പച്ചക്കറികൾ എന്നിവയും ഇക്കാലത്ത് ധാരാളമായി ഉപയോഗപ്പെടുത്തണം. ചെരുപ്പിടാതെ നടക്കരുത്. വാസസ്ഥലവും വസ്ത്രങ്ങളും അകിൽ, കുന്തിരിക്കം തുടങ്ങിയ ഗന്ധദ്രവ്യങ്ങൾ കത്തിച്ചുണ്ടാകുന്ന പുക ഏൽപ്പിച്ച് അണുവിമുക്തമാക്കണം. പകലുറക്കം വർജ്ജിക്കുന്നതാണ് നല്ലത്.