ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ് ആയുര്‍വേദവും കളരിപ്പയറ്റും. പരശുരാമന്‍, ധന്വന്തരി, സുശ്രുതന്‍, ചരകന്‍, വാഗ്ഭടന്‍ എന്നിവര്‍ ലോകത്തിന് നല്‍കിയ ഈ  ചികിത്സാസമ്പ്രദായവും ആയോധനകലയും തലമുറകള്‍ കൈമാറി കളരിഗുരുക്കന്മാര്‍ ഇന്നും അതിന്റെ തനിമ നഷ്ടപ്പെടാതെ പകര്‍ന്നുനല്‍കുന്നു.കളരി മര്‍മചികിത്സ മനുഷ്യശരീരത്തിലെ 107 മര്‍മസ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തി ആയുര്‍വേദ വിധിപ്രകാരം പൂര്‍വിക ആചാര്യന്മാര്‍ ചിട്ടപ്പെടുത്തി എടുത്തതാണ്. കളരി മര്‍മചികിത്സ പ്രധാനമായും രോഗപ്രതിരോധത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ദിനചര്യകളും ഋതുചര്യകളും കൂടാതെ വര്‍ഷംതോറും നീണ്ടുനില്‍ക്കുന്ന ആയോധനപരിശീലനത്തിനിടയ്ക്ക് സംഭവിക്കുന്ന പരിക്കുകള്‍ ചികിത്സിച്ച് മാറ്റുവാനും ആരോഗ്യം വീണ്ടെടുക്കുവാനും കൂടിയുള്ളതാണ് ഈ ചികിത്സാസമ്പ്രദായം.തികച്ചും പാരമ്പര്യമായിട്ടാണ് ഇന്നും കളരി മര്‍മചികിത്സ തലമുറകള്‍ കൈമാറുന്നത്. തനിമയോടെ പാരമ്പര്യ രഹസ്യ ഔഷധക്കൂട്ടുകളുമായി ഇന്നും നിലകൊള്ളുന്നു. ഇതിനാല്‍തന്നെ വ്യത്യസ്ത കളരികളില്‍ ചികിത്സാരീതികളിലും മറ്റും വൈവിധ്യം കാണാവുന്നതാണ്.

കര്‍ക്കടകത്തിലെ പുനര്‍ജന്മം

ത്രിദോഷസിദ്ധാന്തത്തില്‍ അടിസ്ഥാനപ്പെടുത്തിയ (വാതം, പിത്തം, കഫം) ആയുര്‍വേദം ത്രിദോഷങ്ങള്‍ക്ക് ഭംഗം വന്നാല്‍ ആരോഗ്യം നശിക്കുകയും രോഗം ആക്രമിക്കുകയും ചെയ്യുന്നു എന്ന് പറയുന്നു. ത്രിദോഷഭംഗത്തിന് ഋതുക്കളും കാരണമാകാറുണ്ട്. ഓരോ ഋതുവിലും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ആയുര്‍വേദത്തില്‍ പറയുന്നു. കര്‍ക്കടകത്തിന്റെ പ്രാധാന്യം കേരളീയസമൂഹം വളരെ മുന്‍പേ മനസ്സിലാക്കിയിരുന്നു. വര്‍ഷഋതുവില്‍ തുടക്കത്തില്‍ വായു, വെള്ളം, ഭൂമി ഇവ മലിനമാക്കപ്പെട്ടതിനുശേഷം ഭൂമി തണുത്ത് ജീവജാലങ്ങള്‍ക്ക് ഉന്മേഷം വര്‍ധിക്കുവാന്‍ തുടങ്ങുന്ന സമയമാണ് കര്‍ക്കടകം. ഈ കാലഘട്ടത്തിലാണ് പ്രകൃതിയും ജീവജാലങ്ങളും പുനര്‍ജീവനം തേടുന്നത്. ഇതിനാല്‍ ഈ കാലഘട്ടത്തില്‍ ചെയ്യുന്ന ചികിത്സകള്‍ വളരെയധികം ഗുണം നല്‍കുന്നു. ഇത് മനസ്സിലാക്കിയ പൂര്‍വികാചാര്യന്മാരും കേരളത്തിന്റെ ആയോധനകലയായ കളരിപ്പയറ്റ് ഗുരുക്കന്മാരും കര്‍ക്കടകചികിത്സയ്ക്ക് അതീവപ്രാധാന്യം നല്‍കിയിരുന്നു. 

കളരി അഭ്യാസികള്‍ പണ്ടുകാലഘട്ടം മുതല്‍ കര്‍ക്കടകചികിത്സ നടത്തിയിരുന്നു. കളരിചികിത്സയുടെ ഭാഗമായുള്ള ഒന്നാണ് ഉഴിച്ചില്‍ (കൈ ഉഴിച്ചില്‍, ചവിട്ടി ഉഴിച്ചില്‍). 'ഉദ്യര്‍ത്തനം കഫഹരം; മേദസഃ പ്രവിലായനം സ്ഥിരികരണ മാംഗാനാം ത്വക്ക് പ്രസാദകരം പരം' (അഷ്ടാംഗഹൃദയം). ഉഴിച്ചില്‍ കഫം നശിപ്പിക്കുകയും മേദസ്സ് കുറയ്ക്കുകയും അവയവങ്ങള്‍ക്ക് ദൃഢത വരുത്തി ത്വക്കിന് പ്രസരിപ്പ് നല്‍കുകയും ചെയ്യുന്നു.

ആയോധന അഭ്യാസത്തില്‍ ഏല്‍ക്കുന്ന ഏതൊരു പരിക്കുംഅസ്ഥിഭംഗം, ഒടിയല്‍, ചതവ്, സ്ഥാനംതെറ്റല്‍, മാംസപേശികളിലും ഞരമ്പുകളിലും ഉണ്ടാകുന്ന ക്ഷതങ്ങള്‍, നടുവേദന, കഴുത്തുവേദന, കൈകാല്‍മുട്ടുവേദന തുടങ്ങി എല്ലാതരം സന്ധികളിലെ വേദനകള്‍ക്കും ഫലപ്രദമായ ചികിത്സ കളരി മര്‍മചികിത്സയില്‍ ലഭ്യമാണ്.

മൂന്നുതരം ഉഴിച്ചില്‍

 • സുഖതിരുമ്മ്: പ്രത്യേക രോഗങ്ങള്‍ ഒന്നും ഇല്ലാത്ത അവസ്ഥയില്‍ ശരീരത്തിന് കൂടുതല്‍ സുഖകരമായ അവസ്ഥ ലഭിക്കുവാന്‍ വേണ്ടിയാണ് ചെയ്യുന്നത്. സുഖതിരുമ്മ് 7, 14, 21 എന്നീ ദിവസങ്ങളിലായിട്ടാണ് ചെയ്യുന്നത്.
 • രക്ഷാതിരുമ്മ്: ഏതെങ്കിലും തരത്തിലൂടെ അസുഖനിവാരണത്തിന് ചെയ്യുന്നതാണ് രക്ഷാതിരുമ്മ്. വിവിധ തരത്തിലുള്ള രോഗികള്‍ക്കും രോഗങ്ങള്‍ക്കും വ്യത്യസ്ത തരം ഉഴിച്ചിലും മരുന്നുമാണ് നല്‍കുക. ഉഴിച്ചിലിന്റെ എണ്ണം, കനം, വേഗം എന്നിവയൊക്കെ രോഗാവസ്ഥയനുസരിച്ച് വ്യത്യസ്തമായിരിക്കും.
 • കച്ചതിരുമ്മ് അഥവാ ചവിട്ടിത്തിരുമ്മ്: ഈ രീതിയിലുള്ള ഉഴിച്ചില്‍ പേര് സൂചിപ്പിക്കുന്നതുപോലെ കാലുകൊണ്ട് ചവിട്ടിയാണ് ചെയ്യുന്നത്. പ്രധാനമായും മെയ്വഴക്കവും കരുത്തും വര്‍ധിപ്പിക്കാനാണ് ചെയ്യുന്നത്. ആയോധനകലകള്‍ പഠിക്കുന്നവര്‍ക്കും ഡാന്‍സ്, സ്‌പോര്‍ട്‌സ് എന്നീ രംഗങ്ങളില്‍ ഉള്ളവര്‍ക്കും ഈ ഉഴിച്ചില്‍ വളരെ നല്ലതാണ്.
 • മേല്‍പ്പറഞ്ഞ ചികിത്സകള്‍ക്ക് പുറമെ പഞ്ചകര്‍മ ചികിത്സ, ശിരോധാര, ശിരോവസ്തി, വിവിധയിനം കിഴികള്‍ (ഇലക്കിഴി, പൊടിക്കിഴി, ഞവരക്കിഴി, മാംസക്കിഴി മുതലായവ) ചെയ്തുവരുന്നു. രോഗിയുടെ അവസ്ഥയും രോഗലക്ഷണങ്ങളും നോക്കിയിട്ട് ഗുരുക്കള്‍ യുക്തിപൂര്‍വം രോഗിക്ക് ചികിത്സ നടത്തുന്നു. ഉഴിച്ചിലുകള്‍ക്കും മറ്റും ഉപയോഗിക്കുന്ന എണ്ണകളും തൈലങ്ങളും ഗുരുക്കള്‍ അതത് സമയത്ത് യുക്തിപൂര്‍വം തീരുമാനിക്കുന്നതായിരിക്കും. പാരമ്പര്യമായി കൈമാറിവന്ന ഔഷധക്കൂട്ടുകളും തൈലങ്ങളുമാണ് കളരി മര്‍മചികിത്സയില്‍ ഉപയോഗിക്കുക.

ചികിത്സയുടെ ഗുണങ്ങള്‍

 • ചലനരഹിതമായ സന്ധികളെ അയവുള്ളതാക്കുന്നു.
 • നാഡീവ്യവസ്ഥയെ ബലപ്പെടുത്തുന്നു.
 • രക്തപര്യയന വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനാല്‍ ശരീരത്തില്‍ രക്തയോട്ടം വര്‍ധിക്കുന്നു.
 • പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഉണര്‍വു നല്‍കി സപ്തധാതുക്കളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നു.
 • ശരീരത്തിലെ ദുര്‍മേദസ്സ് കുറയുന്നു.
 • ത്വക്കിന്റെ സൗന്ദര്യം, ആകാരഭംഗി വര്‍ധിക്കുന്നു.
 • ആന്തരികാവയവങ്ങളുടെ കര്‍മശേഷി വര്‍ധിക്കുന്നു.
 • ശരീരത്തിന് ഉന്മേഷം ലഭിക്കുന്നതിനാല്‍ മാനസികസംഘര്‍ഷങ്ങള്‍ കുറയുന്നു. ഏകാഗ്രത വര്‍ധിക്കുന്നു.

എന്താണ് നല്ലിരിക്ക 

കര്‍ക്കടക ചികിത്സ കഴിഞ്ഞുള്ള വിശ്രമദിവസങ്ങളാണ് നല്ലിരിക്ക. നല്ലൊരിക്ക, നല്ലരിക്ക എന്നും പറയാറുണ്ട്.  ഈ സമയത്ത് എണ്ണ തേച്ചുകുളിയും ഔഷധസേവയുമാണ് പ്രധാനമായും ഉണ്ടാവുക. എത്ര ദിവസമാണോ ചികിത്സയുണ്ടായിരുന്നത് അത്ര തന്നെ ദിവസമാണ് നല്ലിരിക്കയും ഉണ്ടാവുക. നല്ലിരിക്കയുടെ ശേഷം ചികിത്സയുടെ പകുതിദിവസം കൂടി വിശ്രമിക്കാറുണ്ട്. അതിന് ഇളനല്ലിരിക്ക എന്നാണ് പറയാറുള്ളത്.

വിവരങ്ങള്‍ക്ക് കടപ്പാട്; സുനില്‍ ഗുരുക്കള്‍ (സി.വി.എന്‍. കളരി, നടക്കാവ്)