ര്‍ക്കടകം, പഞ്ചഭൂതങ്ങള്‍ക്കും വ്യതാസം ഉണ്ടാകുന്ന സമയം. കടുത്ത വേനലില്‍ നിന്ന് കോരിച്ചൊരിയുന്ന മഴക്കാലത്തിലേക്കുളള മാറ്റം. പ്രകൃതിയിലും ജീവജാലങ്ങളിലും ആറു രസങ്ങളിലൊന്നായ പുളിരസം(അമ്ലത്വം) വര്‍ധിക്കുന്നു. മനുഷ്യരില്‍ രോഗപ്രതിരോധശക്തി കുറയുന്നു. ശരീരത്തില്‍ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങള്‍ വര്‍ധിക്കുന്നു. കര്‍ക്കടകത്തില്‍ ആയുര്‍വേദ ചികിത്സയ്ക്കും പ്രാധാന്യം കൂടുതലാണ്.

ഔഷധം, ആഹാരം എന്നിവയിലൂടെ ശരീരപുഷ്ടി ഒരുക്കാന്‍ അനുയോജ്യമാണ് ഈ മാസമെന്നാണ് ആയുര്‍വേദം പറയുന്നത്. ഏതു പ്രായക്കാര്‍ക്കും ചികിത്സയ്ക്ക് അനുയോജ്യം. കഷായ ചികിത്സ, പിഴിച്ചില്‍, ഉഴിച്ചില്‍, ഞവരക്കിഴി, ധാര, വസ്തി പിന്നെ വിശ്രമം എന്നിവയാണ് പ്രധാന ചികിത്സാഘട്ടങ്ങള്‍. അഗ്‌നിദീപ്തികരവും (വിശപ്പുണ്ടാകുന്ന) തൃദോഷശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളുമാണ് സേവിക്കേണ്ടത്. പഞ്ചകോലം, കൂവളയില, പഴയ മുതിര, ചെറുപയര്‍, അയമോദകം, ജീരകം, ദശമൂലം, ഇന്തുപ്പ് തുടങ്ങിയവ ചേര്‍ന്ന കഞ്ഞി ആരോഗ്യദായകമാണ്.

താള്, തകര, ചീര, മത്തന്‍, ചേമ്പ്, പയര്‍, തഴുതാമ, നെയ്യുന്നി, കുമ്പളം, ചേന എന്നിവ കൊണ്ടുണ്ടാക്കുന്ന കറികളും ഈ സമയം കഴിക്കാം. ദശപുഷ്പങ്ങള്‍ ധരിക്കുന്നത് നല്ലതാണ്. കയ്യുന്നി, മുക്കുറ്റി, തിരുതാളി, വിഷ്ണുക്രാന്തി, നിലപ്പന, മുയല്‍ച്ചെവിയന്‍, ചെറൂള, കറുക, പൂവാങ്കുരുന്ന്, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങള്‍.

മരുന്നു കഞ്ഞി കുടിക്കുന്നവരും ചികിത്സ ചെയ്യുന്നവരും സസ്യാഹാരം മാത്രമേ കഴിക്കാവൂ. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ഫാസ്റ്റ്ഫുഡ്, കൃത്രിമ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം. മുളക്, ഉപ്പ് എന്നിവ കഴിയുന്നത്ര കുറയ്ക്കണം. തണുത്ത ആഹാരങ്ങള്‍, ശീതീകരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയും വേണ്ട.

കുളി ചെറു ചൂടുവെള്ളത്തിലാക്കണം. പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ്, തൊപ്പി, കുട എന്നിവ വേണം. വീടും പരിസരവും 'വയമ്പ്, ഗുല്‍ഗുലു, കുന്തിരിക്കം, വേപ്പ്, അകില്‍' എന്നിവ കൊണ്ടുള്ള ' ഔഷധപ്പുക' കൊള്ളിക്കാം. ഉറക്കമൊഴിപ്പ്, പകലുറക്കം എന്നിവ പാടില്ല. രാത്രി എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം.

തേച്ചു കുളി കര്‍ക്കടകത്തില്‍ നല്ലതാണ്. ശരീരക്ഷീണം മാറി ഊര്‍ജം കൈവരും. ത്വക്ക് മിനുസമുളളതാകുന്നു. രക്തചംക്രമണം വര്‍ധിപ്പിക്കുന്നു. ജരാനരകള്‍ തടയുന്നതിനും ശരീരപുഷ്ടിക്കും കാഴ്ച ശക്തി വര്‍ധിപ്പിക്കാനും നല്ലത്. ധാന്വന്തരം, കൊട്ടന്‍ചുക്കാദി എന്നിവ ഉപയോഗിക്കാം.

കര്‍ക്കിടാരോഗ്യത്തിന് ഔഷധക്കഞ്ഞി തയ്യാറാക്കാം

ഏലയ്ക്ക, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാര്‍കോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി, ഗ്രാമ്പു, കുടകപ്പാലയരി, ചുക്ക്, കുറുന്തോട്ടി, കാട്ടുതിപ്പലി, ചെറൂള, തഴുതാമ എന്നീ 18 ഇനങ്ങള്‍ സമമെടുത്ത് പൊടിയാക്കുക. 15 ഗ്രാം പൊടി 2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് 1 ലിറ്റര്‍ ആക്കി വറ്റിച്ച് അതില്‍ 50 ഗ്രാം നവരയരി വേവിച്ച് ഇറക്കിവയ്ക്കുന്നതിനു മുമ്പായി ഒരു മുറി തേങ്ങയുടെ പാലെടുത്തു ചേര്‍ത്ത് അല്‍പം ഇന്തുപ്പും കൂടി ചേര്‍ക്കുക. ഈ ഔഷധക്കഞ്ഞി നെയ്യില്‍ താളിച്ചു സേവിക്കുക.