ര്‍ക്കിടകം അന്തരീക്ഷതാപനില താഴ്ന്ന് മനസ്സിനും ശരീരത്തിനും ഉത്സാഹക്കുറവ് തോന്നുന്ന കാലമാണ്. ദഹനവും രക്തചംക്രമണവും കുറയുന്നതാണ് കാരണം. വാതസംബന്ധമായ അസ്വസ്ഥതകള്‍ ഏറിവരും കര്‍ക്കിടകത്തില്‍. ശരീരബലം ഏറ്റവും കുറയും. ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും കര്‍ക്കിടകത്തിലെ അസ്വസ്ഥതകളെ അകറ്റാം.

കര്‍ക്കിടക​ ആരോഗ്യരക്ഷയ്ക്ക് പ്രകൃതിചികിത്സാ പദ്ധതിയുടെ ചില നിര്‍ദ്ദേശങ്ങള്‍ ഇതാ...

1. ദഹിക്കാന്‍ എളുപ്പമുള്ളവ- സീസണില്‍ ലഭ്യമായ പഴവര്‍ഗങ്ങളും പച്ചക്കറികളും ലഘുവായ ആഹാരസാധനങ്ങളും ധാരാളമായി കഴിക്കുക.

2. ക്ഷാരഗുണം കൂടുതല്‍ ഉള്ളവ-പഴങ്ങളിലും പച്ചക്കറികളിലും ക്ഷാരാംശം കൂടുതലുണ്ട്. കര്‍ക്കിടകക്കാലത്ത് ഉണ്ടാകുന്ന രക്തത്തിന്റെ ഹൈപ്പര്‍ അസിഡിറ്റി കുറക്കാന്‍ ഇത്തരം ആഹാരങ്ങള്‍ സഹായിക്കും. ഇതുവഴി രക്തത്തിന്റെ പി.എച്ച്. കൃത്യമായ അളവില്‍ നിലനിര്‍ത്താനും സാധിക്കും. മാംസം, മത്സ്യം, മുട്ട, പയര്‍വര്‍ഗങ്ങള്‍, എണ്ണവറവുകള്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ രക്തത്തിന്റെ ഹൈപ്പര്‍ അസിഡിറ്റിക്ക് കാരണമാകും.

3. വിശപ്പും ദഹനവും വര്‍ദ്ധിപ്പിക്കുന്നവ- കറികളില്‍ രുചിക്കായി ചേര്‍ക്കുന്ന ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പുതിനയില, ചുക്ക് തുടങ്ങിയവ ആഹാരത്തില്‍ അല്‍പം കൂടുതലായി ചേര്‍ക്കാം. ഇവ ചേര്‍ത്താന്‍ രുചിയും കൂടും ദഹനവും വിശപ്പും വര്‍ദ്ധിക്കും.
 
4. സസ്യാഹാരിയാകാം- കര്‍ക്കിടകമാസത്തില്‍ മത്സ്യമാംസാദികള്‍ കഴിച്ചാല്‍ ദഹനത്തിന് ബുദ്ധിമുട്ട് നേരിടുകയും ആഹാരം ആമാശയത്തില്‍ വെച്ച് പുളിക്കുകയും (fermentation)  ദഹനക്കേടും അനുബന്ധപ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും.  ഏറ്റവും എളുപ്പത്തില്‍ ദഹിക്കുന്ന സസ്യാഹാരം മാത്രം കര്‍ക്കിടകത്തില്‍ കഴിക്കുന്നതാണ് നല്ലത്.

കൂടുതല്‍ കരുതലാവാം....

1. അധികവ്യായാമം , യോഗ ചെയ്യണം

ശരീരത്തിന്റെ ചലനങ്ങള്‍ കുറയുന്ന കാലമാണിത്. കൃത്യമായി നടത്തംപോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നവര്‍പോലും മഴക്കാലത്ത് മടിപിടിച്ചിരിക്കും. തണുപ്പും തുടര്‍ന്ന് രക്തചംക്രമണത്തില്‍ ഉണ്ടാകുന്ന കുറവും ആരോഗ്യക്കുറവിന് ഇടയാക്കും. കര്‍ക്കിടകത്തില്‍ പൊതുവെ ആരോഗ്യം കുറയുന്നതിനാല്‍ ആരോഗ്യ ആഹാരവ്യായമ ശീലങ്ങളില്‍ വരുത്തുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ രോഗാവസ്ഥകളായി മാറാറുണ്ട്, വാര്‍ദ്ധക്യത്തില്‍ എത്തിയവര്‍ക്ക് പ്രത്യേകിച്ച്. കര്‍ക്കിടകക്കാലത്തെ അസ്വസ്ഥകള്‍ ഒഴിവാക്കാന്‍ യോഗാ പരിശീലനവും ശ്വസനക്രിയകളുടെ പരിശീലനവും ദിനചര്യയില്‍ ഉള്‍പ്പെടുത്താം. ശരീരം വഴക്കമുള്ളതാക്കി വെയ്ക്കുക വഴി രക്തചംക്രമണം കൂടുകയും, രക്തത്തിലൂടെയുള്ള മാലിന്യ വിസര്‍ജ്ജനം കൃത്യമായി സംഭവിക്കുകയും ചെയ്യും. ശ്വസനക്രിയകളും രക്തശുദ്ധീകരണത്തിന് സഹായിക്കും. ദീര്‍ഘശ്വസനം, നാഡീശുദ്ധിപ്രാണായാമം എന്നിവ ഫലപ്രദമാണ്.

2. ദിവസേനയുള്ള എണ്ണതേച്ചുകുളി ഗുണം ചെയ്യും.

3. അന്തരീക്ഷത്തില്‍ ജലാംശം കൂടുന്നതുകൊണ്ട് രോഗാണുക്കളുടെ വര്‍ദ്ധനവുണ്ടാകുന്നു. അതിനാല്‍ രാവിലെയും വൈകീട്ടും വീടും പരിസരവും പുകക്കുകയും വൃത്തിയാക്കുകയും വേണം. ദിവസവും രണ്ടുനേരം കുളിക്കണം. രാവിലെയും വൈകീട്ടും ഇളംവെയില്‍ കൊള്ളുന്നത് നല്ലതാണ്.

4. സൂര്യാസ്തമനത്തിനുമുമ്പ് രാത്രിഭക്ഷണം കഴിക്കുന്നത് ശീലമാക്കണം. പൊതുവെ ദഹനം മന്ദതാളത്തിലാകുന്ന കര്‍ക്കിടകമാസത്തില്‍ സൂര്യപ്രകാശത്തിന്റെ അഭാവത്തില്‍ ദഹനം കൂടുതല്‍ സാവധാനത്തിലാകുന്നു. ദഹനം കൃത്യതയോടെ നടക്കാനും ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനും അത്താഴം വൈകീട്ട് 7 മണിക്ക് കഴിക്കുക. ഏറെ വൈകി രാത്രി ഭക്ഷണം കഴിക്കുന്നത് തീര്‍ച്ചയായും ഒഴിവാക്കണം.

5. ആഹാരം സാവധാനത്തിലും നല്ലവണ്ണം ചവച്ചരച്ചും മാത്രം കഴിക്കുക.

6. മലബന്ധമുണ്ടാക്കുന്ന എല്ലാ ആഹാരങ്ങളും ഒഴിവാക്കണം. മലബന്ധമുണ്ടായാല്‍ അതേത്തുടര്‍ന്ന് മറ്റുരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ കഴിക്കുന്ന ആഹാരം തിരഞ്ഞെടുക്കുമ്പോള്‍ ഏറെശ്രദ്ധ കൊടുത്ത് ഭക്ഷണം നാരുകളാല്‍ സമ്പന്നമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. നാരുകള്‍ കൂടുതലുള്ള പച്ചത്തേങ്ങ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരളമായി കഴിക്കാം. തണുത്തതും പഴകിയതുമായ ആഹാരവും ദഹിക്കാന്‍ പ്രയാസമുള്ളതും കൊഴുപ്പുകൂടിയതും ഉണക്കമുളക്, വാളന്‍പുളി എന്നിവ ചേര്‍ത്തതുമായ എല്ലാ ആഹാരങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.

വിവരങ്ങള്‍ക്ക് കടപ്പാട്: 

ഡോ.ജെന്നി കളത്തില്‍, 
ജീവനം പ്രകൃതി ചികിത്സാലയം,
ഏങ്ങണ്ടിയൂര്‍