മുളപ്പിച്ച ധാന്യങ്ങള്‍ക്ക് പോഷകമൂല്യങ്ങള്‍ വളരെ കൂടുതലാണ്. മഴക്കാലത്ത് മാത്രമല്ല, ആഴ്ചയിലൊരിക്കല്‍ മുളപ്പിച്ച ധാന്യങ്ങള്‍ കൊണ്ടുള്ള തോരന്‍ കഴിക്കുന്നത് ഗുണകരമാണ്.
 
ചേരുവകള്‍
 
1. ചെറുപയര്‍ - അര കപ്പ്
2. മുതിര - അര കപ്പ്
3. വന്‍പയര്‍ - അര കപ്പ്
4. കടല - കാല്‍ കപ്പ്
5. സോയാബീന്‍ - കാല്‍ കപ്പ്
6. മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
7. ഉപ്പ് - ആവശ്യാനുസരണം
8. കടുക് - അര ടീസ്പൂണ്‍
9. ഉഴുന്നുപരിപ്പ് -  ഒരു ടേബിള്‍ സ്പൂണ്‍
10. ചുവന്ന മുളക് - മൂന്നെണ്ണം നുറുക്കിയത്
11. കറിവേപ്പില - രണ്ട് തണ്ട്
12. തേങ്ങ ചിരവിയത് - ഒരു കപ്പ്
13. ജീരകം - അര ടീസ്പൂണ്‍
14. പച്ചമുളക് - മൂന്നെണ്ണം
15. ചുവന്നുള്ളി - ആറ് ചുള
16. വെളുത്തുള്ളി-  മൂന്ന് അല്ലി
17. വെളിച്ചെണ്ണ - ആവശ്യാനുസരണം
 
തയ്യാറാക്കുന്ന വിധം
 
ഒന്നു മുതല്‍ അഞ്ച് വരെയുള്ളവ ഒരു ദിവസം മുഴുവന്‍ കുതിര്‍ത്തുവെച്ച് കഴുകി അരിച്ച് ഇഴ അകലമുള്ള തുണിയില്‍ അയച്ചു കിഴികെട്ടി വെച്ചാല്‍ പിറ്റേ ദിവസത്തേക്ക് മുളച്ചുതുടങ്ങും. ഇതാണ് തോരന്‍ വെക്കാന്‍ ഉപയോഗിക്കേണ്ടത്. കുതിര്‍ത്തുവെച്ച് മുളപ്പിച്ചെടുത്ത ധാന്യങ്ങള്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കണം. പന്ത്രണ്ട് മുതല്‍ പതിനാറ് വരെയുള്ളവ ചതച്ചെടുത്ത് വേവിച്ച ധാന്യങ്ങളോടൊപ്പം ചേര്‍ത്ത് ആവി കയറ്റി വെളിച്ചെണ്ണയില്‍എട്ടുമുതല്‍ പതിനൊന്ന് വരെയുള്ളവ താളിച്ച് ചേര്‍ത്ത് യോജിപ്പിച്ച് ഉലര്‍ത്തിയെടുക്കണം. ചോറിനോടൊപ്പമോ ചൂടുകഞ്ഞി, ജീരകക്കഞ്ഞി തുടങ്ങിയവയോടൊപ്പമോ കഴിക്കാന്‍ ഈ തോരന്‍ നന്നായിരിക്കും.