യുര്‍വേദം ഒരു ചികിത്സാശാസ്ത്രം മാത്രമല്ല, അതിലുപരി ആരോഗ്യശാസ്ത്രം കൂടിയാണ്. നിയന്ത്രിതമായ ചര്യകള്‍ കൊണ്ട് ആരോഗ്യത്തിന് ഹാനിവരാതെ നോക്കുന്നതാണ്. വന്ന കേട് ചികിത്സിച്ചു മാറ്റുന്നതിനേക്കാള്‍ അഭികാമ്യം കായികവും മാനസികവുമായ ആരോഗ്യമാണ് സ്വാസ്ഥ്യം (രോഗമില്ലാത്ത അവസ്ഥ). ത്രിദോഷങ്ങളുടെ സമാവസ്ഥ, അഗ്‌നിചയാപചയങ്ങള്‍, മലം, മൂത്രം ഇവ ശരിയായി പ്രവര്‍ത്തിക്കുക, ശരിയായ ഉറക്കം, മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നിവയുടെ കൃത്യമായ പ്രവര്‍ത്തനം എന്നിവയാണ് ആരോഗ്യ ലക്ഷണം.

കര്‍ക്കിടകമാസവും ആയുര്‍വേദ ചികിത്സയും അഭേദ്യമായ ബന്ധമുണ്ട്. ശരീരം ഇളതാവുകയും ശരീരത്തിന്റെ ബലം കുറയുകയും ചെയ്യുന്ന ഈ കാലയളവില്‍ ആയുര്‍വേദ ചികിത്സകള്‍ ശരീരത്തിന് പുതുജീവന്‍ നല്‍കുന്നു. കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി ചികിത്സകളും ഔഷധങ്ങളും ആഹാരങ്ങളും ആചാരനുഷ്ഠാനങ്ങളും പ്രാധാന്യത്തോടെ നിര്‍വ്വഹിച്ചാല്‍ എക്കാലത്തും മനുഷ്യര്‍ക്ക് പൂര്‍ണ്ണാരോഗ്യാവസ്ഥ കൈവരിക്കാം.

എന്താണ് പഞ്ചകര്‍മ്മ ചികിത്സ?

ആയുര്‍വേദ ചികിത്സാ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിഭാഗമാണ് പഞ്ചകര്‍മ്മ ചികിത്സ.ചികിത്സയിലെ ശമനമെന്നും ഗോധനമെന്നും രണ്ടായി വിഭജിക്കുന്നു. ദോഷവൈഷമ്യങ്ങള്‍ കൊണ്ട് രോഗം പടിപോലെ നിര്‍ഹരിക്കാതിരിക്കുമ്പോള്‍ ധാതുക്കളിലും സ്രോതസുകളിലും പലതരത്തിലുള്ള അഴുക്കുകള്‍ അടിഞ്ഞുകൂടും. ഒരു പരിധിവരെ ഔഷധം ഉപയോഗിച്ച് ഇതെല്ലാം ശമിപ്പിക്കാന്‍ കഴിയും. അങ്ങനെ ശമിപ്പിക്കാന്‍ കഴിയാത്ത വിധം വര്‍ധിച്ചിട്ടുണ്ടെങ്കില്‍ ഔഷധം ഉപയോഗിച്ച് അഴുക്കുകളെ/ദോഷത്തെ പുറത്ത് കൊണ്ട് വരണം. ഈ ചികിത്സയെ ശോധനം എന്ന് പറയുന്നു. ശോധന ചികിത്സ തന്നെയാണ് പഞ്ചകര്‍മ്മ ചികിത്സ. ദഹനപ്രക്രിയയില്‍ ഉണ്ടാകുന്ന മാലിന്യങ്ങളും ആഹാരപദാര്‍ത്ഥങ്ങളിലൂടെ ശരീരത്തില്‍ എത്തിച്ചേരുന്ന മാലിന്യങ്ങളും മൂലം ശരീരത്തില്‍ ദോഷങ്ങള്‍ അടിഞ്ഞുകൂടുന്നു. ഇവയെ പുറംതള്ളുന്നത് ശോധന ചികിത്സയായ പഞ്ചകര്‍മ്മങ്ങളിലൂടെയാണ്.

വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയെ സാമാന്യമായി പഞ്ചകര്‍മ്മങ്ങള്‍ എന്നു പറയുന്നു. പഞ്ചകര്‍മ്മങ്ങളില്‍ രക്തമോക്ഷം ഒഴിവാക്കി കഷായ വസ്തി സ്‌നേഹവസ്തി എന്നിവ ഉള്‍പ്പെടുത്തി പഞ്ചശോധന കര്‍മ്മങ്ങള്‍ എന്നും പറയുന്നു. രോഗമുള്ളവര്‍ക്ക് രോഗചികിത്സയ്ക്കും സ്വസ്ഥന്മാര്‍ക്ക് ആരോഗ്യം നിലനിര്‍ത്താനും പഞ്ചകര്‍മ്മങ്ങള്‍ വിധിക്കുന്നു. പഞ്ചകര്‍മ്മ ചികിത്സയ്ക്ക് മുമ്പായി രോഗിയെ തയ്യാറാക്കുന്നതിനായി സ്‌നേഹസ്വേദ ചികിത്സകള്‍ പ്രാധാന്യത്തോടെ നിര്‍വഹിക്കുന്നു.

  • പഞ്ചകര്‍മ്മങ്ങളില്‍ ആദ്യത്തെ കര്‍മ്മമായ വമനം ദുഷിച്ച കഫത്തെ പുറംതള്ളി കഥപ്രധാനമായ രോഗങ്ങളെ ശമിപ്പിക്കുന്നു.
  • രണ്ടാമത്തെ കര്‍മ്മമായ വിരേചനത്തില്‍ ദുഷിച്ച പിത്തത്തെ പുറംതള്ളി പിത്തപ്രധാനമായ രോഗങ്ങളെ ശമിപ്പിക്കുന്നു.
  • മൂന്നാമത്തെ കര്‍മ്മം വസ്തി വാതപ്രധാനമായ രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുകയും സ്രോതസ്സുകള്‍ ശുദ്ധീകരിച്ച് വാതദോഷത്തിന്റെ പ്രവര്‍ത്തനം സുഖകരമാക്കുന്നു.
  • നസ്യം ശിരസിലെ സ്രോതസ്സുകളെ ശുദ്ധമാക്കി ശിരോരോഗങ്ങളെ ശമിപ്പിക്കുന്നു.
  • പഞ്ചകര്‍മ്മങ്ങളില്‍ അഞ്ചാമത്തേതായ രക്തമോക്ഷം ദുഷിച്ച രക്തത്തെ പുറംതള്ളുന്നു.

 

തയ്യാറാക്കിയത്
പ്രജു കൃഷ്ണന്‍
കോട്ടയ്ക്കല്‍ ആയുര്‍വ്വേദ അക്കാദമി