ര്‍ക്കടകം തുടങ്ങി. പരമ്പരാഗത ചിട്ടയനുസരിച്ചാണെങ്കില്‍ മലയാളിയുടെ വെക്കേഷന്‍ കാലമാണ് കര്‍ക്കടകം എന്നു പറയാം. മുമ്പ് പഞ്ഞക്കര്‍ക്കടകമായിരുന്ന ഈ മാസം ഇപ്പോള്‍ ആരോഗ്യക്കര്‍ക്കടകമായി മാറിയിരിക്കുന്നു. കര്‍ക്കടകമാസത്തില്‍ സ്വീകരിക്കാവുന്ന ആരോഗ്യച്ചിട്ടകളാണ് ഇവിടെ

മലയാളിക്ക് ആരോഗ്യരക്ഷയുടെ കാലമാണ് കര്‍ക്കടകം. കേരളത്തിലെ കര്‍ക്കടക ചികില്‍സാ പാക്കേജുകള്‍ ലോകമെങ്ങും പ്രശസ്തി നേടിയിട്ടുമുണ്ട്. കേരളത്തിലെ സവിശേഷ സാഹചര്യങ്ങള്‍ കൊണ്ടും കാലാവസ്ഥയുടെ പ്രത്യേകതകള്‍ കൊണ്ടുമാണ് കര്‍ക്കടകം ആരോഗ്യരക്ഷയുടെ കാലമായി മാറിയത്. കൃഷിമാത്രം തൊഴിലായിരുന്ന കേരളീയര്‍ക്ക് അതുമായി ബന്ധപ്പെട്ട പണിത്തിരക്കുകളില്‍ നിന്ന് ഒട്ടൊക്കെ ഒഴിവു കിട്ടുന്ന കാലമാണിത്. പഴയ കാര്‍ഷിക കേരളത്തിന്റെ വെക്കേഷന്‍ കാലം. അടുത്ത കാലത്തായി വലിയൊരു വിഭാഗം മലയാളികള്‍ ശരിയായ വെക്കേഷന്‍ കാലമായി കര്‍ക്കടകത്തെ കണ്ടു തുടങ്ങിയിട്ടുണ്ട്. കുളിരു കോരുന്ന മഴയില്‍ സുഖ ചികില്‍സകളുമായി കഴിയാവുന്ന കാലം.

നിരന്തരം പെയ്ത മഴയെത്തുടര്‍ന്നെത്തുന്ന കര്‍ക്കടകത്തില്‍ എല്ലാ സസ്യജാലങ്ങളുടെയും ഔഷധശേഷി വര്‍ധിക്കുമെന്നാണ് കേരളീയ ചികില്‍സാ സമ്പ്രദായങ്ങള്‍ പറയുന്നത്. വിഷ സസ്യങ്ങള്‍ക്കു പോലും ഔഷധഗുണമുണ്ടാവുന്ന കാലം. സസ്യജന്യമായ എല്ലാ ഔഷധങ്ങളുടെയും ഫലസിദ്ധി വര്‍ധിക്കുന്ന കാലമായതിനാലാണ് കര്‍ക്കടത്തെ ചികില്‍സാ കാലമായി കണക്കാക്കുന്നത്. പഴയ പഞ്ഞക്കര്‍ക്കടകം ഇന്ന് ആരോഗ്യക്കര്‍ക്കടകമായി മാറിയിരിക്കുന്നു.

കര്‍ക്കടത്തിലെ ഒരു മാസക്കാലമെങ്കിലും മാംസഭക്ഷണങ്ങളും എണ്ണ ചേര്‍ന്നവയും മദ്യവും കോളകളുമുള്‍പ്പെടെയുള്ള പാനീയങ്ങളും മറ്റ് ഹീനഭക്ഷണങ്ങളും ഒഴിവാക്കി കൃത്യമായി ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുകയാണെങ്കില്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്‍ ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാന്‍ കഴിഞ്ഞേക്കും. മറ്റെല്ലാ ഹീനഭക്ഷണങ്ങള്‍ക്കുമൊപ്പം ഒരു വെറൈറ്റി ഇനം എന്ന നിലയില്‍ ടേസ്റ്റു ചെയ്യാനായി ഔഷധക്കഞ്ഞി കൂടി കഴിക്കുന്നതു കൊണ്ട് കാര്യമൊന്നുമില്ല.

കര്‍ക്കടകത്തില്‍ ഔഷധക്കഞ്ഞി സേവിക്കുന്നത് കര്‍ക്കടക ചികില്‍സകളുടെ ഒരു ഭാഗം എന്ന നിലയിലാണ്. ശരീരത്തിന്റെ പ്രതിരോധശേഷിയും സുഖാവസ്ഥയും മെച്ചപ്പെടുത്തി ദീര്‍ഘായുസ്സു നല്‍കുന്നതും എല്ലാ രോഗങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള കരുത്തു പകരുന്നതുമാണ് കര്‍ക്കടക ചികില്‍സ. കഴിവു പോലെ ചിട്ടപ്പെടുത്തിയ ചികില്‍സകള്‍ സ്വീകരിക്കുന്നത് നല്ലതാണ്. കേരളീയ ചികില്‍സാ വിധികളായി അറിയപ്പെടുന്ന പഞ്ചകര്‍മങ്ങളാണ് സുഖ ചികില്‍സയുടെ ഭാഗമായി മിക്കപ്പോഴും ചെയ്യാറുള്ളത്. ഏതെങ്കിലും എണ്ണ തേച്ച് കുറച്ചു ദിവസം ഉഴിയുക മാത്രം ചെയ്തതു കൊണ്ട് സുഖ ചികില്‍സയാവുകയില്ല.

ഇത്തരത്തിലുള്ള എല്ലാ ആയുര്‍വേദ ചികില്‍സകള്‍ക്കും അവയുടേതായ പഥ്യമുണ്ട്. ആഹാരകാര്യത്തില്‍ ചില നിഷ്‌കര്‍ഷകള്‍ കൊണ്ടു വരുന്നതിനെയാണ് ആളുകള്‍ പലപ്പോഴും പഥ്യം എന്നു പറയാറുള്ളത്. പഥ്യം എന്നാല്‍ അതല്ല. അത് ഒരു ജീവിത ശൈലിയാണ്. മനോഭാവം പോലും പ്രധാനമാണ് അതില്‍. ആയുര്‍വേദം നിര്‍ദേശിക്കുന്ന ആരോഗ്യകരമായ ലൈഫ്‌സ്‌റ്റൈലാണ് പഥ്യം. ശരിയായ പഥ്യാചരണത്തോടെ കര്‍ക്കടക ചികില്‍സ ചെയ്താലേ ശരിയായ പ്രയോജനം ലഭിക്കുകയുള്ളൂ.

ശരിയായ ചികില്‍സാ ക്രമത്തില്‍, മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീക രിക്കേണ്ടത് ആവശ്യമാണ്. ശരിയായ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുകയാണ് ആദ്യപടി. ശരീരത്തില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെ ശരീരശോധനയിലൂടെ നീക്കം ചെയ്തശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാര മാണ് ഉപയോഗിക്കേണ്ടത്. ഇവിടെയാണ് ഔഷധക്കഞ്ഞികളുടെ പ്രസക്തി. ഓരോ ദേശത്തും ഓരോ സമ്പ്രദായത്തിലും വിവിധയിനം ഔഷധങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന പലയിനം ഔഷധക്കഞ്ഞികളുണ്ട്. ഇവ സന്ദര്‍ഭാനുസരണം വെച്ചു കഴിക്കാവുന്നതാണ്. പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ തുടങ്ങിയവയും ഈ കാലഘട്ടത്തില്‍ ഫലപ്രദമാണ്.

മഴക്കാലത്ത് ദഹനവ്യവസ്ഥയെ ശക്തമാക്കി നിര്‍ത്താനായി പഞ്ചകോലചൂര്‍ണംപോലെ യുള്ള ഔഷധങ്ങള്‍ യഥാവിധി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും സേവിക്കാം. നല്ലൊരു ചികില്‍സകന്റെ നിര്‍ദേശാനുസരണം ഓരോരുത്തരുടെയും ശരീരഘടനയ്ക്കും ആരോഗ്യാവസ്ഥയ്ക്കും ഇണങ്ങുന്ന തരത്തില്‍ മികച്ച ഔഷധവും മാത്രയും നിശ്ചയിക്കണം. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയ തേച്ചു കുളിക്കുന്നതും ഏറെ പ്രയോജനകരമാണ്. ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടു കുളിക്കുന്നതും വാതരോഗങ്ങള്‍ ഭോദമാക്കാന്‍ സഹായിക്കും.

മറ്റു ചികില്‍സകള്‍ക്കൊന്നിനും കഴിയാത്തവര്‍ കര്‍ക്കടകത്തില്‍ ഒരു മാസം കൃത്യമായ ഭക്ഷണച്ചിട്ടകള്‍ പുലര്‍ത്തുകയും എല്ലാ ദിവസവും ഏതെങ്കിലുമൊരു കുഴമ്പു തേച്ച് തടവി ചെറു ചൂടുവെള്ളത്തില്‍ കുളിക്കുകയും ചെയ്താല്‍ത്തന്നെ ആരോഗ്യപരമായി വളരെയേറെ ഗുണം ലഭിക്കും.