കര്‍ക്കടകം എത്തുമ്പോള്‍ മാത്രമാണ് ആയുര്‍വേദത്തെക്കുറിച്ചും മരുന്നു കഞ്ഞിയെക്കുറിച്ചുമെല്ലാം മലയാളി ആലോചിക്കുന്നത്. എന്നാല്‍ അതു പോര. ആയുര്‍വേദം എന്നത് ഒരു ചികിത്സാ ശാസ്ത്രം മാത്രമല്ല, ഒരു ജീവിത ശൈലി തന്നെയാണ്. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ രോഗപ്രതിരോധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള രീതികളാണ് ആയുര്‍വേദത്തില്‍ പിന്തുടരുന്നത്.
അതിന് ആവശ്യം ദിനചര്യയും ഋതു ചര്യയുമാണ്. ഓരോ ദിനത്തിലും ഓരോ ഋതുവിനും അനുഷ്ഠിക്കേണ്ടുന്ന ജീവിതരീതികള്‍ അതേ പോലെ ശീലിച്ചാലേ ആയുര്‍വേദം അനുശാസിക്കുന്ന പ്രയോജനം കിട്ടൂ.
കര്‍ക്കടകത്തിന്റെ പ്രാധാന്യം
ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നീ ആറു ഋതുക്കളില്‍ വര്‍ഷ ഋതുവിലാണ് കര്‍ക്കടകം ഉള്‍പ്പെട്ടിരിക്കുന്നത്. ആയുര്‍വേദ സിദ്ധാന്തമനുസരിച്ച് ശരീരത്തിന് ഏറ്റവും ബലക്കുറവുണ്ടാകുന്ന സമയമാണ് ഇത്. വാതം, പിത്തം, കഫം എന്നിങ്ങനെയുള്ള ത്രിദോഷങ്ങളും ശക്തിപ്പെടുന്ന സമയമാണ് . വായു, വെള്ളം, ഭൂമി എന്നിവയെല്ലാം ഈ സമയത്ത് മലിനമാക്കപ്പെടുന്നു. പച്ചക്കറികളിലെ രാസവളങ്ങളായും കീടനാശിനികളായും ശരീരത്തിലെത്തുന്ന വിഷാംശങ്ങളും ഈ സമയത്ത് ശക്തിപ്പെടും. ചികിത്സകളും പഥ്യവും ഔഷധക്കഞ്ഞിയും ഋതുവിന്റെ ആരംഭത്തില്‍ത്തന്നെ തുടങ്ങിയാല്‍ ഒരു പരിധി വരെ പകര്‍ച്ചവ്യാധികളും അല്ലാത്തതുമായ അസുഖങ്ങളെ അകറ്റി നിര്‍ത്താം.
പഥ്യം നിര്‍ബന്ധം
നൂറു കണക്കിന് ഔഷധങ്ങള്‍ കഴിച്ചാലും പഥ്യമില്ലെങ്കില്‍ പ്രയോജനമില്ല. പഥ്യം കൊണ്ടു മാത്രം പല അസുഖങ്ങളും ഭേദമാക്കുകയും ചെയ്യാം. കര്‍ക്കടക മാസത്തില്‍ മരുന്നു കഞ്ഞി കുടിക്കുന്നവരും ചികിത്സ ചെയ്യുന്നവരും സസ്യാഹാരം മാത്രമേ കഴിക്കാവൂ. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ഫാസ്റ്റ്ഫുഡ്, കൃത്രിമ പാനീയങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. മുളക്, ഉപ്പ് എന്നിവ കഴിയുന്നത്ര കുറയ്ക്കുക. തണുത്ത ആഹാരങ്ങള്‍, ശീതീകരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയും ഒഴിവാക്കുന്നതാണ് നല്ലത്.
ശ്രദ്ധിക്കേണ്ടവ
<> പാക്കറ്റുകളില്‍ ലഭിക്കുന്ന മരുന്നു കഞ്ഞിക്കൂട്ടുകള് എല്ലാം ഒരേ നിലവാരം പുലര്ത്തുന്നവയാകില്ല.
<> കഴിവതും 'ഇന്‍സ്റ്റന്റ്' മരുന്നു കിറ്റുകള്‍ ഒഴിവാക്കി വീടുകളില്‍ത്തന്നെ ചേരുവകള്‍ ചേര്‍ത്ത് ഉണ്ടാക്കുക.
<> കുളി ചെറു ചൂടുവെള്ളത്തിലാക്കുക.
<> പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ്, തൊപ്പി, കുട എന്നിവ ശീലമാക്കുക.
<> നനഞ്ഞ വസ്ത്രം ധരിച്ച് അധിക നേരം ഇരിക്കരുത്.
<> വീടും പരിസരവും 'വയമ്പ്, ഗുല്ഗുലു, കുന്തിരിക്കം, വേപ്പ്, അകില്' എന്നിവ കൊണ്ടുള്ള ' ഔഷധപ്പുക' കൊള്ളിക്കുന്നത് നന്നായിരിക്കും.
<> സമയത്തിന് ആഹാരം കഴിക്കുക.
<> ഉറക്കമൊഴിപ്പ്, പകലുറക്കം എന്നിവ പാടില്ല. രാത്രി എട്ടു മണിക്കൂറെങ്കിലും ഉറങ്ങുക.
<> കര്‍ക്കടകം വരുമ്പോള്‍ മാത്രം ആയുര്‍വേദത്തെക്കുറിച്ചും ഭക്ഷണ ശീലങ്ങളെക്കുറിച്ചും ഓര്ക്കാെത ചിട്ടയായ ജീവിത ശൈലി എല്ലാക്കാലവും പിന്തുടരുക. നിത്യവും ഹിതകരമായ ആഹാരങ്ങള്‍, ചിട്ടയായ പ്രവര്‍ത്തനങ്ങള്‍, വിഷയാസക്തിയില്ലായ്മ, സത്യ ധര്മ്മാദികളോടുള്ള പ്രതിബദ്ധത, സ്നേഹം, ക്ഷമ, ഗുരുത്വം, സ്ഥിര മനസ്സ്് എന്നിവയും സമ്പൂര്‍ണ ശാരീരിക മാനസിക സൗഖ്യത്തിന് അനിവാര്യമാണ്.