തുക്കള്‍ മാറിവരുമ്പോള്‍ നമ്മുടെ രോഗപ്രതിരോധശേഷിയും വ്യത്യാസപ്പെടുന്നുണ്ട്. കര്‍ക്കടകത്തില്‍ രോഗങ്ങളകറ്റി ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണത്തിലും ജീവിതചര്യയിലും ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ട് 

വര്‍ഷം, ശരത്, ഹേമന്തം, ശിശിരം, വസന്തം, ഗ്രീഷ്മം എന്നിങ്ങനെ ഋതുക്കള്‍ ആറാണല്ലോ. എന്നാല്‍ ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ഋതുക്കള്‍ ഒരുപോലെ അനുഭവപ്പെടുന്നില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം മഴക്കാലവും ചൂടുകാലവുമാണ് കൂടുതലായും അനുഭവപ്പെടുന്നത്. എങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ നാല് ഋതുക്കള്‍ അനുഭവപ്പെടുന്നുണ്ട്. കൊല്ലവര്‍ഷംമുതല്‍ക്ക് നോക്കിയാല്‍ ചിങ്ങം, കന്നി, തുലാം എന്നിവ ശരത് ഋതുവായിട്ടും വൃശ്ചികം, ധനു, മകരം എന്നിവ ഹേമന്ത ഋതുവായിട്ടും കുംഭം, മീനം, മേടം എന്നിവ ഗ്രീഷ്മം ഋതുവായിട്ടും ഇടവം, മിഥുനം, കര്‍ക്കടകം എന്നിവ വര്‍ഷ ഋതുവായിട്ടും കണക്കാക്കാം.
 
രോഗങ്ങള്‍ വരാതിരിക്കുന്നതിനും ആരോഗ്യത്തിനും ജീവിതചര്യകളും ആഹാരക്രമങ്ങളും എങ്ങനെ ചിട്ടപ്പെടുത്തണമെന്ന് ആയുര്‍വേദത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഒരു ഋതു മാറി മറ്റൊരു ഋതു വരുമ്പോഴും ആഹാരവിഹാരങ്ങളില്‍ എന്തെല്ലാം വ്യത്യാസങ്ങള്‍ വരുത്തണമെന്ന് ആയുര്‍വേദത്തില്‍ വിവരിക്കുന്നു. 

ഋതുവിന് അനുസരിച്ച്  ജീവിതചര്യ

ഉഷ്ണകാലത്തിന്റെയും ശീതകാലത്തിന്റെയും മധ്യത്തില്‍ വരുന്ന വര്‍ഷകാലം പ്രകൃതിയിലും ജീവശരീരത്തിലും ഒരു പുതുക്കിപ്പണി നടത്തുന്ന സമയമാണ്. വര്‍ഷ ഋതുവിലെ അവസാനത്തെ മാസമായ കര്‍ക്കടകത്തിലും രോഗങ്ങള്‍ വരാതിരിക്കുന്നതിനും ആരോഗ്യത്തിനും വര്‍ഷ ഋതുവിന് അനുസരിച്ചുള്ള ആഹാരവിഹാരങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. ഇടവമാസത്തില്‍ ക്രമേണ ശക്തിപ്രാപിച്ച് വരുന്ന മഴ കര്‍ക്കടകത്തില്‍ അടച്ചുപെയ്യുമെന്നാണ് പ്രമാണം. കര്‍ക്കടകത്തില്‍ വെയിലും കാറ്റും മഴയും മാറിമാറി പ്രത്യക്ഷപ്പെടുന്നതുകൊണ്ട് ദേഹാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും. കര്‍ക്കടകത്തില്‍ ദഹനശക്തിയും ദേഹബലവും നന്നേ കുറഞ്ഞിരിക്കും. അതിനാല്‍ കര്‍ക്കടകത്തില്‍ ദഹനശക്തിയെ കാത്ത് രക്ഷിക്കേണ്ടതാണ്. ആയുര്‍വേദശാസ്ത്രമനുസരിച്ച് വാതം, പിത്തം, കഫം എന്നീ അടിസ്ഥാന ഘടകങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം. ഇവ മൂന്നിന്റെയും വികൃതമായ അവസ്ഥകള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നു. മഴക്കാലത്തിന്റെ ചില പ്രത്യേകതകളാല്‍ കര്‍ക്കടകത്തില്‍ വാതം, പിത്തം, കഫം എന്നീ മൂന്ന് ഘടകങ്ങളും വികൃതമായ അവസ്ഥയില്‍ ആയിത്തീരുകയും അതനുസരിച്ച് വിവിധതരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. മഴക്കാലത്ത് വാതരോഗങ്ങളും അനുബന്ധരോഗങ്ങളുമാണ് കൂടുതലായി ഉണ്ടാകുന്നത്.

'ചയ പ്രകോപ പ്രശമോ വായുഃ ഗ്രീഷ്മാദിഷുത്രിഷു' എന്ന് അഷ്ടാംഗഹൃദയത്തില്‍ പ്രതിപാദിച്ചിരിക്കുന്നതില്‍നിന്നും വര്‍ഷത്തില്‍ വാതം കോപിക്കുന്നതുകൊണ്ടാണ് വാതരോഗങ്ങളും അനുബന്ധരോഗങ്ങളും കൂടുതലായി ഉണ്ടാകുന്നതിന് കാരണമെന്ന് മനസ്സിലാക്കാം. വേനല്‍ക്കാലത്തിനുശേഷം ശക്തിയായ മഴക്കാലമായതിനാല്‍ കര്‍ക്കടകത്തില്‍ ജലവും വായുവും കൂടുതല്‍ മലിനമാകാന്‍ ഇടയാകുന്നു. ഇതും രോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാണ്. മഴക്കാലത്തെ ശക്തിയായ ചൂടോടുകൂടിയ വെയില്‍ കൊള്ളുന്നതും രോഗങ്ങള്‍ക്ക് കാരണമാണ്. മഴക്കാലത്ത് പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കാറുണ്ട്. വാതരോഗങ്ങള്‍ക്ക് പുറമേ വിരബാധ, ശരീരവേദന, മഞ്ഞപ്പിത്തം, അതിസാരം, ജ്വരം, വിവിധതരം ത്വഗ്രോഗങ്ങള്‍, ആമവാതം, പ്രവാഹിക, ശ്വാസരോഗങ്ങള്‍, അരോചകം, പുളിച്ചുതികട്ടല്‍ തുടങ്ങിയ രോഗങ്ങളും കര്‍ക്കടകത്തില്‍ ഉണ്ടാകാറുണ്ട്. കര്‍ക്കടകത്തില്‍ ശരീരത്തിന് കൂടുതല്‍ ബലക്ഷയം ഉണ്ടാകുന്നതിനാല്‍ രോഗങ്ങളും വേഗത്തില്‍ ഉണ്ടാകുന്നു. രോഗങ്ങള്‍ വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗങ്ങള്‍ വരാതിരിക്കുന്നതിനായി വേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയാണോ അതെല്ലാം ചെയ്യുന്നതാണ്. 

കര്‍ക്കടകത്തില്‍ കഴിക്കേണ്ടത്

  • കര്‍ക്കടകത്തില്‍ ദഹനശക്തി വര്‍ധിപ്പിക്കുന്നതായ ആഹാരങ്ങള്‍ കഴിക്കാന്‍ 
  • പ്രത്യേകം ശ്രദ്ധിക്കണം. 
  • പാകം ചെയ്ത ഭക്ഷണങ്ങള്‍ മാത്രമേ കഴിക്കാവൂ. 
  • പ്രധാന ധാന്യങ്ങള്‍: അരി, ഗോതമ്പ് എന്നിവ. 
  • പ്രധാനപ്പെട്ട പഴവര്‍ഗങ്ങള്‍: മാങ്ങ, മുന്തിരി, ഈന്തപ്പഴം, നാരങ്ങ, പൈനാപ്പിള്‍, പപ്പായ എന്നിവ. 
  • പയര്‍വര്‍ഗങ്ങള്‍: ചെറുപയര്‍,  മുതിര. 
  • പച്ചക്കറികള്‍: വെണ്ടക്ക, ചുര ക്ക, ചേന, സവാള, വെളുത്തുള്ളി, ചുവന്നുള്ളി, കൊത്തമര, അമരക്ക, പയര്‍ തുടങ്ങിയവ.
  • കര്‍ക്കടകത്തില്‍ ഔഷധങ്ങള്‍ ചേര്‍ത്ത് കാച്ചിയ സൂപ്പ് അഥവാ മാംസരസം കഴിക്കുന്നതും ആസവാരിഷ്ടങ്ങള്‍ കഴിക്കുന്നതും രോഗങ്ങള്‍ വരുന്നത് തടയുന്നതിന് സഹായകമാണ്. 
  • മഴയും കാറ്റും കൂടുതലുള്ള ദിവസങ്ങളില്‍ എണ്ണമയമുള്ളതും പുളി, ഉപ്പ് എന്നിവ ചേര്‍ന്നതും ജലാംശം കുറഞ്ഞതുമായ ആഹാരങ്ങള്‍ കഴിക്കണം. 
  • കുടിക്കുന്നതിനായി പുഴയിലെയും കുളത്തിലെയും വെള്ളം ഉപയോഗിക്കരുത്. ഇതിന് ശുദ്ധമായ മഴവെള്ളവും കിണര്‍വെള്ളവും ഉപയോഗിക്കാം. ഇവയും തിളപ്പിച്ചശേഷമേ ഉപയോഗിക്കാന്‍പാടുള്ളൂ.

Content Highlights: Karkkadakam Lifestyle